ഇറാന്‍ എണ്ണയുടെ നഷ്ടം മറ്റ് രാജ്യങ്ങള്‍ തീര്‍ക്കും

ഇറാന്‍ എണ്ണയുടെ നഷ്ടം മറ്റ് രാജ്യങ്ങള്‍ തീര്‍ക്കും
  • സൗദി അടക്കം പ്രമുഖ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യക്ക് എണ്ണ ലഭിക്കുമെന്ന് യുഎസിന്റെ ഉറപ്പ്
  • പെട്രോള്‍, ഡീസല്‍ ആവശ്യകത നിറവേറ്റാന്‍ രാജ്യത്തെ റിഫൈനറികള്‍ സജ്ജമെന്ന് ധര്‍മേന്ദ്ര പ്രധാന്‍
  • മേയ് 1 മുതല്‍ ഇറാന്‍ എണ്ണ ഇറക്കുമതി നിര്‍ത്താത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ്

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മേയ് ഒന്ന് മുതല്‍ അവസാനിപ്പിക്കണമെന്ന യുഎസിന്റെ താക്കീതില്‍ ആശങ്കയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സൗദി അറേബ്യ അടക്കം ലോകത്തെ പ്രമുഖ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യക്ക് ആവശ്യമായ എണ്ണ ലഭ്യമാക്കാമെന്ന ഉറപ്പ് യുഎസ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്നതിന്റെ നഷ്ടം ലോകത്തെ മറ്റ് എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ നിവര്‍ത്തിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ സജ്ജമാണെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. റിഫൈനറികള്‍ക്ക് തടസമില്ലാതെ ക്രൂഡ് ഓയില്‍ ലഭിക്കാനാവശ്യമായ പദ്ധതി തയറാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഭാഗികമായി തുടരാന്‍ ഇന്ത്യയും ചൈനയും ജപ്പാനുമുള്‍പ്പെടെ എട്ട് രാഷ്ട്രങ്ങള്‍ക്ക് ആറ് മാസത്തേക്ക് നല്‍കിയ ഉപരോധ ഇളവാണ് യുഎസ് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നത്. മേയ് ഒന്നിന് ശേഷം ഇറാനില്‍ നിന്ന് പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യക്ക് തുടര്‍ന്നും ഇളവ് ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ ഇതോടെ അസ്ഥാനത്തായി. എന്നാല്‍ എണ്ണ വില ഉയരുന്നത് സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യുഎസ് സജീവ ഇടപെടല്‍ നടത്തിയെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്ന ആത്മവിശ്വാസം ഇതിന്റെ സൂചനയാണ്. ഇന്ത്യയുടെ ഊര്‍ജ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുഎസ് അടക്കം പങ്കാളിത്ത രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യുഎസിന്റെ തീരുമാനം പ്രതീക്ഷിച്ച് തന്നെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എണ്ണ വിലക്കയറ്റം ഒഴിവാക്കാനും ഉല്‍പ്പന്നത്തിന്റെ കുറവ് പരിഹരിക്കാനും മറ്റ് ഉല്‍പ്പാദക രാഷ്ട്രങ്ങളുമായി ചേര്‍ന്ന് സജീവ ഇടപെടല്‍ നടത്തുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ത്താനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ചൈനക്ക് ശേഷം ഇറാന്‍ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായിരുന്ന ഇന്ത്യക്ക് രൂപയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരവും വിലക്കിഴിവും 60 ദിവസത്തെ ക്രെഡിറ്റുമടക്കം ആകര്‍ഷകമായ ഇളവുകളാണ് ലഭിച്ചിരുന്നത്. ഇറാനു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ മുതല്‍ എണ്ണ ഇറക്കുമതി പാതിയായി വെട്ടിക്കുറക്കേണ്ടി വന്നത് തിരിച്ചടിയായിരുന്നു. ആഭ്യന്തര ആവശ്യകതയുടെ 10 ശതമാനം എണ്ണയാണ് ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഉപരോധമുണ്ടായിട്ടു പോലും 2018-19 സാമ്പത്തിക വര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തു.

ഇറാന്‍ ബന്ധം അവസാനിക്കില്ല

യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തേണ്ടി വന്നേക്കാമെങ്കിലും പരമ്പരാഗത സുഹൃദ് ബന്ധത്തിലും സഹകരണത്തിലും വിള്ളല്‍ വീഴില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 60 ദിവസത്തെ ക്രെഡിറ്റോടെ ലഭിക്കുന്ന ഇറാനിയന്‍ എണ്ണ ധനക്കമ്മി കുറയ്ക്കാന്‍ ഏറെ സഹായിച്ച സാഹചര്യത്തില്‍ യുഎസിനെ കാര്യങ്ങള്‍ ബോധിപ്പിച്ച് തുടര്‍ന്നും വ്യാപാര ഇളവുകള്‍ നേടാനാവും ഇന്ത്യയുടെ ശ്രമം. മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ ലഭിക്കുമെങ്കിലും വില അല്‍പ്പം ഉയരാനാണ് സാധ്യത. ഇറാനിലെ തന്ത്രപ്രധാനമായ ഛബഹാര്‍ തുറമുഖം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് പുതിയ ഉപരോധം തടസമാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Categories: FK News, Slider
Tags: Iran Oil