ഇന്ത്യയുടെ മന്ദതയ്ക്ക് കാരണമെന്ത്

ഇന്ത്യയുടെ മന്ദതയ്ക്ക് കാരണമെന്ത്

കുറച്ചുനാളുകളായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണ്. അതില്‍ സംശയമില്ല. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ശരിയായി വിലയിരുത്തുകയാണ് വേണ്ടത്, അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴുണ്ടാകുന്നില്ല

2016നും 2018നും ഇടയില്‍ തൊഴില്‍ നഷ്ടമായവരുടെ എണ്ണം 50 ലക്ഷമാണെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഈ കാലയളവിലായതിനാല്‍ തൊഴില്‍ നഷ്ടത്തിന്റെ കാരണമായി പലരും ഈ സാമ്പത്തിക മാറ്റങ്ങളെ നോക്കിക്കാണുന്നുണ്ട്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സസ്റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റ് നടത്തിയ പഠനത്തില്‍ നോട്ട് അസാധുവാക്കലും തൊഴില്‍ നഷ്ടവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനവില്ലെന്നും പറഞ്ഞുവെക്കുന്നുണ്ട്.

തൊഴില്‍ നഷ്ടത്തിന്റെ കാര്യകാരണങ്ങള്‍ എന്തുതന്നെയാണെങ്കിലും സാമ്പത്തികരംഗത്ത് മന്ദതയുണ്ടെന്നത് വസ്തുതയാണ്. അതിന്റെ ഫലമായിട്ടാണ് ബാക്കിയെല്ലാ പ്രശ്‌നങ്ങളും. എന്താണ് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്കിന് കാരണം. കഴിഞ്ഞ ആറ് മാസങ്ങളായി സാമ്പത്തിക രംഗത്ത് തളര്‍ച്ച പ്രകടമാണ്. ഓട്ടോമൊബീല്‍ രംഗത്തെ വില്‍പ്പനയിലും എയര്‍ലൈന്‍ യാത്രികരുടെ എണ്ണത്തിലും കമ്പനികളുടെ പ്രകടനത്തിലും എല്ലാം അത് വിവിധ അളവുകളില്‍ നിഴലിച്ചു.

പല കാരണങ്ങളുണ്ട് ഇന്ത്യ ഗ്രോത്ത് സ്‌റ്റോറിയുടെ തളര്‍ച്ചയ്ക്ക്. എന്നാല്‍ ഇനിയും അത് നോട്ട് അസാധുവാക്കലിന്റെയും മറ്റും ഭാഗമാണെന്ന് പറയുന്നതില്‍ യുക്തിയുണ്ടെന്ന് കരുതാനാകില്ല. അതിന്റെ ആഘാതങ്ങളില്‍ നിന്ന് ഏറെക്കുറേ രാജ്യം മുക്തമായിക്കഴിഞ്ഞിട്ടുണ്ട്. പ്രശ്‌നം സമ്പദ് വ്യവസ്ഥയില്‍ വേണ്ടത്ര പണം ഇല്ലാത്തതാണ്. ഇതിനെക്കുറിച്ച് വിവിധ മേഖലകളിലുള്ളവര്‍ മുമ്പേ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയാറായിരുന്നില്ല.

ബാങ്കുകളുടെ വായ്പാ വളര്‍ച്ചയിലുള്ള പ്രശ്‌നങ്ങളാണ് സാമ്പത്തികരംഗത്തിന്റെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായ്പാ വളര്‍ച്ച മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള അവസ്ഥ ഇപ്പോഴും അത്ര മികച്ച നിലയിലല്ല. പൊതുമേഖല ബാങ്കുകള്‍ തന്നെയാണ് ഇപ്പോഴും ധനകാര്യസേവനരംഗത്ത് മേധാവിത്വം പുലര്‍ത്തുന്നത്. ധനകാര്യസേവന സ്ഥാപനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായ നിഷ്‌ക്രിയ ആസ്തിയുടെ 90 ശതമാനവും പൊതുമേഖല ബാങ്കുകളുടെ സംഭാവന തന്നെയാണ്. അറ്റ നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥത്തില്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയെ ബാധിച്ചത്. ബാങ്കിംഗ് രംഗത്ത് പരിഷ്‌കരണം ആവശ്യമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഇല്ലെങ്കിലും അത് പ്രയോഗത്തില്‍ വരുത്താനുള്ള ഇച്ഛാശക്തി പൂര്‍ണമായും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

ഫണ്ടിംഗ് യഥേഷ്ടം ലഭ്യമാക്കിയിരുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ കൂടി വിവാദങ്ങളില്‍ പെട്ടതോടെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും മറ്റും അവരില്‍ നിന്നും ലഭ്യമായി വന്നിരുന്ന പണമൊഴുക്കിനും തടസം നേരിട്ടു. പൊതുമേഖല ബാങ്കുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങളെ കുറിച്ചാണ് പുതിയ സര്‍ക്കാര്‍ ചിന്തിക്കേണ്ടതെന്ന നിര്‍ദേശങ്ങളെ പാടെ അവഗണിക്കരുത്. നിലവിലെ അതേ അവസ്ഥ തുടര്‍ന്നാല്‍ അറ്റ നിഷ്‌ക്രിയ ആസ്തിയുടെ പ്രശ്‌നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടില്ല. വായ്പാ വളര്‍ച്ചയില്‍ ഉണര്‍വ് പ്രകടമാകുമ്പോള്‍ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമെന്നും മറക്കരുത്.

Categories: Editorial, Slider