മോദി കാലത്ത് ഇന്ത്യ കണ്ട മാറ്റങ്ങള്‍

മോദി കാലത്ത് ഇന്ത്യ കണ്ട മാറ്റങ്ങള്‍

വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കില്‍ മോദികാലത്ത് ഇന്ത്യ ആര്‍ജ്ജിച്ച ശക്തിയുടെ വീര്യം ചോര്‍ത്താന്‍ പോന്നവയല്ല അവയൊന്നും

ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന് രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്താന്‍ സാധിച്ചെങ്കിലും അദ്ദേഹം ആഗ്രഹിച്ച നവ ഭാരതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയൊരു അഞ്ച് വര്‍ഷം കൂടി അദ്ദേഹം ഭരണത്തില്‍ തുടരേണ്ടതുണ്ട്. രാജ്യത്തെ 130 കോടിയോളം വരുന്ന ജനത അതാഗ്രഹിക്കുന്നുവോ എന്നറിയാന്‍ കൃത്യം ഒരു മാസം കൂടി…

മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ എത്രത്തോളം പുരോഗതി കൈവരിച്ചു? കരുത്താര്‍ന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കി അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ ആഗോളശക്തിയായി മാറ്റിയെടുക്കുകയായിരുന്നു മോദിയെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു. എന്നാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയുമാണ് ഭരണകാലത്തിനിടയ്ക്ക് അദ്ദേഹം ചെയ്തതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ ഇവ രണ്ടിനും മധ്യേയാണ് ആണ് സത്യം. നാഴികകല്ലായ നികുതി വ്യവസ്ഥയും പാപ്പരത്വ നിയമ പരിഷ്‌കാരങ്ങളും കൊണ്ടുവന്ന പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ചരിത്രത്തില്‍ ഇടം നേടും. അതേസമയം ഏറെ പ്രതീക്ഷകളോടെ അദ്ദേഹം കൊണ്ടുവന്ന നോട്ട് നിരോധനം പോലുള്ള നയങ്ങള്‍ നടപ്പാക്കുന്നതില്‍ വന്ന പാളിച്ചകള്‍ അദ്ദേഹത്തിന്റെ നേട്ടത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരതം കണ്ടമാറ്റങ്ങള്‍ എന്തൊക്കെയാണ്..

സമ്പദ് വ്യവസ്ഥ

മോദി സര്‍ക്കാരിന്റെ പല നേട്ടങ്ങളും വിവാദത്തിന്റെ നിഴലിലാണെങ്കിലും ഒരു കാര്യം വ്യക്തമാണ്: അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുകയായിരുന്നു, ചൈനയെപ്പോലും വെല്ലുവിളിച്ച് കൊണ്ട്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 7 ശതമാനവുമായി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന രാജ്യമെന്ന നേട്ടം ദീര്‍ഘനാളായി നിലനിര്‍ത്തുകയാണ് ഇന്ത്യ. ഫ്രാന്‍സ്, യുകെ പോലുള്ള രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ നിലവാരത്തിലെത്തിയ നമ്മുടെ സമ്പദ് വ്യവസ്ഥ അവയെ പിന്നിലാക്കി മുന്നേറുന്ന കാലം വിദൂരമല്ല. പുതിയ ചരക്ക് സേവന നികുതി വ്യവസ്ഥ (ജിഎസ്ടി) മൂലം ലോകത്തില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ നില ഏറെ മെച്ചപ്പെട്ടിരിക്കുന്നു.

സാമ്പത്തിക അച്ചടക്കം

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ടുകള്‍ ലഭ്യമാക്കിക്കൊണ്ട് രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പിലായത് മോദി സര്‍ക്കാരിന്റെ ഭരണകാലത്താണ്. 2014ല്‍ 4.5 ശതമാനമായിരുന്ന ധനക്കമ്മി 2018-19 ആയപ്പോഴേക്കും 3.4 ശതമാനമായി കുറഞ്ഞത് ഇതിനുള്ള തെളിവാണ്. ഇതേ കാലഘട്ടത്തില്‍ തന്നെ മൊത്തം ചിലവിടല്‍ 260 ബില്യണ്‍ ഡോളറില്‍ നിന്നും 347 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

ജിഡിപി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സ്ഥിരത കൈവരിച്ചുവെന്ന് പറയാം. മന്‍മോഹന്‍ സിംഗ് രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ 2010-2011 കാലഘട്ടത്തിലെ രണ്ടാംപാദത്തില്‍ 8.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്കെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇത് 5.24 ആയി കുറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും മോശം ജിഡിപി നിരക്കായിരുന്നു ഇത്. മന്‍മോഹന്‍ സിംഗിന്റെ രണ്ടാം വരവില്‍ 6.67 ആയിരുന്നു ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ചാ നിരക്ക്.

2017 സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനമാണ് മോദി സര്‍ക്കാരിന് കീഴിലെ ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചാനിരക്കെങ്കിലും 6.68 ശതമാനത്തില്‍ കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്ക് അദ്ദേഹത്തിന്റെ ഭരണകാലത്തിനിടയ്ക്ക് ഉണ്ടായിട്ടില്ല. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള റിയല്‍ ജിഡിപി 2017-18 കാലഘട്ടത്തില്‍ 131.80 ലക്ഷം കോടി രൂപയും 2016-17 കാലഘട്ടത്തില്‍ 122.98 ലക്ഷം കോടി രൂപയും ആയിരുന്നു. 2017-18ല്‍ 7.2 ശതമാനത്തിന്റെയും 2016-17ല്‍ 8.2 ശതമാനത്തിന്റെയും വളര്‍ച്ച ഉണ്ടായിയെന്ന് സാരം. മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൊതുവെ ശുഭപ്രതീക്ഷകള്‍ നിലനിര്‍ത്തിയതായി ഇതില്‍ നിന്നും മനസിലാക്കാം.
സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുമ്പോഴും പല മേഖലകളിലും അത് പ്രകടമായില്ലെന്നത് ഭരണത്തിന്റെ പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴ് ശതമാനത്തിലധികം വരുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് തൊഴില്‍രംഗത്ത് പ്രതീക്ഷിച്ച പുരോഗതി കൊണ്ടുവന്നില്ല.

എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട്‌

രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2014ല്‍ മോദി അവതരിപ്പിച്ച പദ്ധതിയാണ് ജന്‍ ധന്‍യോജന.ക്ഷേമ ഫണ്ടുകള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ അപ്രത്യക്ഷമാകാതെ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം എകദേശം 345 മില്യണ്‍ ആളുകളാണ് ഇപ്രകാരം നാല് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് വ്യവസ്ഥയ്ക്ക് കീഴില്‍ വന്നത്. അതേസമയം പല പിന്നോക്ക മേഖലകളിലും ബാങ്ക് ശാഖകളോ എടിഎമ്മോ ഇല്ല എന്നതും 190 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ബാങ്ക് എക്കൗണ്ട് ഇല്ല എന്നതും പദ്ധതി വിജയത്തിന്റെ മാറ്റ് കുറച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി

ഇന്ത്യയുടെ നിര്‍മാണ മേഖലയില്‍ പുതുവസന്തമായിരുന്നു മോദി മുന്‍കൈ എടുത്ത് നടപ്പാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരിക, നിര്‍മാണമേഖലയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അവതരിപ്പിച്ചത്. അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ലോകത്തില്‍ എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന ഇടങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു. ഈ ലക്ഷ്യങ്ങള്‍ ഏറെക്കൂറെ വിജയം കാണുകയും ചെയ്തു.ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 23 നിലകള്‍ മെച്ചപ്പെടുത്തി 2018 ഒക്‌റ്റോബറില്‍ ഇന്ത്യ 77ാം സ്ഥാനത്ത് എത്തി. ബിസിനസ് ആരംഭിക്കാനുള്ള എളുപ്പം, നിര്‍മാണ അനുമതി ലഭിക്കല്‍, വൈദ്യുതി, വായ്പാ സൗകര്യങ്ങള്‍, കുറഞ്ഞ നികുതി, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം തുടങ്ങി ആറോളം സൂചികകളില്‍ ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മൊബീല്‍ ഫോണ്‍ നിര്‍മാണ മേഖലയിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയം ഏറ്റവും പ്രകടമായത്. ലാവ പോലുള്ള തദ്ദേശീയ കമ്പനികളും സാംസംഗ്, ഒപ്പോ, ഷിവോമി തുടങ്ങിയ അന്താരാഷ്ട്ര സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരും ഇന്ത്യയില്‍ വളര്‍ന്നു. ചില ആഗോള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി കരാറടിസ്ഥാനത്തില്‍ ഫോക്‌സ്‌കോണ്‍ പോലുള്ള സംരംഭങ്ങളും രംഗത്ത് വന്നു. ആപ്പിളിന് വേണ്ടി ഫോക്‌സ്‌കോണ്‍ ചെന്നൈയില്‍ ഈ വര്‍ഷം മുതല്‍ ഐഫോണുകളുടെ നിര്‍മാണം ആരംഭിക്കാന്‍ പോകുകയാണ്്. 2014ന് ശേഷം ഇന്ത്യയിലെ മൊബീല്‍ ഫോണ്‍ വ്യവസായ രംഗത്ത് മാത്രം 120 നിര്‍മാണ യൂണിറ്റുകളിലായി ഏതാണ്ട് 450,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ദ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. അതേസമയം ഇക്കാലയളവില്‍ നിര്‍മാണ മേഖലയില്‍ നിന്നുള്ള ജിഡിപി വിഹിതം കാര്യമായി ഉയര്‍ന്നില്ല എന്ന ആക്ഷേപം നിലവിലുണ്ട്.

എഫ്ഡിഐ നിക്ഷേപങ്ങള്‍

സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ നേടിയ നേട്ടങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപരെ രാജ്യത്തേക്ക് ആകര്‍ഷിച്ചു.മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ(എഫ്ഡിഐ) ഒഴുക്ക് വര്‍ധിച്ചു. ഓഹരി വിപണികളില്‍ നിരവധി ലക്ഷാധിപതികള്‍ ജനിച്ചു.2016ലാണ് പ്രതിരോധം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വ്യോമയാനം ഉള്‍പ്പടെയുള്ള മേഖലകളിലെ എഫ്ഡിഐ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. 2018ല്‍ മോദി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയത്തെ തുടര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തേക്കുള്ള എഫ്ഡിഐ നിക്ഷേപം കൂടി.

കാര്‍ഷികം

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നു.

  • പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന വിളനാശം കര്‍ഷകരിലുണ്ടാക്കുന്ന ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി
  • 2016 ജനുവരിയിലെ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന എന്ന ഇന്‍ഷുറന്‍സ് പദ്ധതി
  • രാജ്യത്തെ കാര്‍ഷിക ഉല്‍പ്പന്ന വിപണി സമിതികള്‍ക്കായി(എപിഎംസി) 2017ല്‍ കൊണ്ടുവന്ന പുതിയ നിയമം .
  • കാര്‍ഷിക ഉല്‍പ്പന്ന, കന്നുകാലി വിപണന നിയമത്തിലെ ഭേദഗതികള്‍
  • കാര്‍ഷിക മേഖലയിലും അനുബന്ധ വ്യവസായ മേഖലകളിലുമുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു

പക്ഷേ ഏറ്റവും കുറഞ്ഞ താങ്ങുവില പരിഷ്‌കരിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കര്‍ഷകരുടെ ലാഭം വര്‍ധിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ വേണ്ടത്ര ഫലം കാണാതെ പോയി. കാര്‍ഷിക മേഖലയെ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി വെബ്, ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല. 60 വയസ് കഴിഞ്ഞ കൃഷിക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി 2015ല്‍ അടല്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചെങ്കിലും നിലവില്‍ 40 വയസില്‍ താഴെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പ്രഖ്യാപിക്കപ്പെട്ടത്.

ബിസിനസ്, വ്യവസായം

2018 ഒക്‌റ്റോബറില്‍ പുറത്തിറങ്ങിയ ലോകബാങ്കിന്റെ പുതിയ കണക്കുകള്‍ പ്രകാരം ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഈ പട്ടികയില്‍ ഇന്ത്യ 65 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും നിര്‍മാണം, കസ്റ്റംസ്, നികുതി വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളിലെ മെല്ലെപ്പോക്കിന് അറുതി വരുത്തി. ഇത്തവണ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ ഇന്ത്യയെ എത്തിക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രിക അവകാശപ്പെടുന്നത്.

ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനായി നിരവധി നടപടികള്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. മാക്രോ, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വിവിധ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായ പുതിയൊരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് ബിജെപി സര്‍ക്കാര്‍ രൂപം നല്‍കി.

ഭവന പദ്ധതി

2014ലെ പ്രകടന പത്രികയില്‍ ബിജെപി പ്രത്യേക ഊന്നല്‍ നല്‍കിയ പദ്ധതിയാണ് നഗര പാര്‍പ്പിട പദ്ധതി. പാര്‍പ്പിട, നഗര വികസന മന്ത്രാലയത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 13.5 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കി. 37 ലക്ഷം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 68 ലക്ഷം വീടുകള്‍ കൂടി പണിയുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രകടന പത്രികയിലും തന്റെ ഇഷ്ട പദ്ധതികളിലൊന്നായി മോദി ഈ ഭവന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട.

കസ്റ്റംസ്

ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി 2015 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. 2015 ജുലൈയില്‍ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വേഗത്തിലുള്ള കസ്റ്റംസ് അനുമതികള്‍ സാധ്യമാക്കുന്നതിനായി കസ്റ്റംസ് ക്ലിയറന്‍സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കി. ഈ പദ്ധതിയും ലോകബാങ്കിന്റെ പ്രശംസ പിടിച്ചുപറ്റി. രാജ്യത്തിനകത്തേക്കും പുറത്തേക്കും എളുപ്പത്തിലുള്ള ചരക്ക് നീക്കം സാധ്യമാക്കാന്‍ പദ്ധതിക്കായെന്ന് ലോകബാങ്ക് നിരീക്ഷിച്ചു.

പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട്‌

വിലയുടെ വ്യതിയാനം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനുള്ള പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ടിന് 2015 മാര്‍ച്ചില്‍ 70 മില്യണ്‍ ഡോളര്‍ മോദി സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. വേഗത്തില്‍ നശിച്ചുപോകുന്ന കാര്‍ഷിക, തോട്ടം വിളകളുടെ വിലനിയന്ത്രണത്തിന് വേണ്ടിയുള്ള വിപണി ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 2016-17 വര്‍ഷത്തെ ബജറ്റില്‍ 130 മില്യണ്‍ ഡോളറാണ് ഇതിനായി അനുവദിക്കപ്പെട്ടത്.

കള്ളപ്പണ നിക്ഷേപം

കള്ളപ്പണ നിക്ഷേവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്നതിന് വിദേശ സര്‍ക്കാരുകളുമായി ചില കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചത് ബിജെപി സര്‍ക്കാരിന്റെ അധികാരകാലത്താണ്. മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലന്റ്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്നാണ് മോദി സര്‍ക്കാര്‍ കരാറുകളിലൊപ്പു വെച്ചത്. എന്നാല്‍ സിംഗപ്പൂര്‍, പനാമ, മൊണാകോ എന്നീ രാഷ്ട്രങ്ങളുമായി കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടില്ല.

കള്ളപ്പണ വിഷയത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും മോദി സര്‍ക്കാര്‍ രൂപം നല്‍കി. ഇന്ത്യക്കാരുടെ വെളിപ്പെടുത്താത്ത വിദേശ വരുമാനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു ബില്‍ 2015ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. വെളിപ്പെടുത്താത്ത ആസ്തി വിദേശങ്ങളില്‍ പൂഴ്ത്തിവെച്ച ആളുകള്‍ക്ക് വലിയ പിഴയും ശക്തമായ ശിക്ഷാനടപടികളും ഉറപ്പാക്കുന്ന ബില്‍ ആയിരുന്നു അത്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ച നിയമത്തില്‍ 2016ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വെളിപ്പെടുത്താത്ത ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അസാധ്യമാക്കി.

നിഷ്‌ക്രിയാസ്തി കൈകാര്യം

നിഷ്‌ക്രിയാസ്തി ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത് മോദി സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നായിരുന്നു. പാപ്പരത്വ നിബന്ധനകളിലും വായ്പാത്തുക വീണ്ടെടുക്കുന്നതിനുള്ള ട്രൈബ്യൂണലുകളിലും സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. പക്ഷേ ബിജെപി സര്‍ക്കാരിന്റെ അധികാരകാലത്ത് ഇന്ത്യയില്‍ നിഷ്‌ക്രിയാസ്തി ഇരട്ടിച്ചതായാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍.

ആരോഗ്യം

2017ലാണ് മന്ത്രിസഭ ദേശീയ ആരോഗ്യ നയം അംഗീകരിച്ചത്. താങ്ങാവുന്ന ചിലവില്‍ എല്ലാ പൗ
രന്മാര്‍ക്കും ആജീവനാന്ത ആരോഗ്യ പരിരക്ഷയും മികച്ച ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ളതായിരുന്നു ഈ ആരോഗ്യ നയം. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ ആകെ 63,000 സീറ്റുകളാണ് ഇന്ന് നിലവിലുള്ളത്, ഇതില്‍ 15 ശതമാനം മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിച്ചതാണ്. പക്ഷേ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും സര്‍ക്കാരില്‍ നിന്നുള്ള കണക്കുകളും പ്രകാരം ഇന്ത്യയില്‍ ഇപ്പോഴും മതിയായ ആരോഗ്യപ്രവര്‍ത്തകരില്ല.

2018 സെപ്റ്റംബറില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള പദ്ധതികളുടെ പ്രധാന ലക്ഷ്യം രാജ്യത്തെ ആരോഗ്യരംഗം വിപുലപ്പെടുത്തുക എന്നതായിരുന്നു. 150,000 ആരോഗ്യകേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതില്‍ എത്രയെണ്ണം നിലവില്‍ വന്നു എന്നത് സംബന്ധിച്ച കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല.

എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മാതൃകയിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വലിയ ആശുപത്രികള്‍ പണിയാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് എയിംസ് ശാഖകളാണ് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത്തരത്തിലുള്ള 12 ഓളം ആശുപത്രികള്‍ കൂടി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എണ്ണിയാലൊതുങ്ങാത്ത ഭരണനേട്ടങ്ങള്‍ മോദി സര്‍ക്കാരിന് അവകാശപ്പെടാനുണ്ടെങ്കിലും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അവയുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രകടമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. അഞ്ച് വര്‍ഷം കൊണ്ട് ഒരു രാജ്യത്തെയും സമ്പൂര്‍ണ്ണ മാറ്റത്തിലേക്ക് നയിക്കാനാകില്ല. പക്ഷേ മോദി എന്ന പ്രബല വ്യക്തിത്വത്തിന് കീഴില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഭരണത്തുടര്‍ച്ച സാധ്യമാകുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അസൂയാര്‍ഹമായ നേട്ടവുമായി ഇന്ത്യ ഏറെ ദൂരം മുന്നോട്ട് പോകും. പക്ഷേ അതിനുള്ള അവസരം നരേന്ദ്രമോദിക്ക് ലഭിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. കാത്തിരിക്കാം മെയ് 23 വരെ.

Categories: FK Special, Slider