ഫ്‌ളിപ്കാര്‍ട്ടിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍

ഫ്‌ളിപ്കാര്‍ട്ടിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ട് തങ്ങളുടെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. തങ്ങളുടെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ക്ലൗഡ് സംവിധാനങ്ങളിലൊന്നാണ് ഹൈദരാബാദില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഓണ്‍ലൈന്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നും ഫഌപ്കാര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും കാര്യക്ഷമമായ ഡാറ്റാ സെന്ററായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നു. ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ ക്ലൗഡില്‍ നിക്ഷേപം നടത്തുന്നതിലൂടെ സാധിക്കുന്നുവെന്നും എംഎസ്എംഇകള്‍ക്കും മാനുഫാക്ചറിംഗ് കമ്പനികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്നും ഫഌപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ചീഫ് കോര്‍പ്പറേറ്റ് അഫയേര്‍സ് ഓഫിസര്‍ രജനീഷ് കുമാര്‍ പറഞ്ഞു. തെലങ്കാനയില്‍ നിക്ഷേപം തുടര്‍ന്നു നടത്തുന്നതിന് താല്‍പ്പര്യമുണ്ടെന്നും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റാ സെന്ററുകള്‍ക്കായി ഒരു പ്രത്യേക നയം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് തെലങ്കാനയെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ഐടി മന്ത്രി ജയേഷ് രഞ്ജന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Flipkart