ആഭ്യന്തര വ്യോമയാന യാത്രികരുടെ വ്യാപ്തി 127 മില്യണിലേക്ക് ഉയര്‍ന്നു

ആഭ്യന്തര വ്യോമയാന യാത്രികരുടെ വ്യാപ്തി 127 മില്യണിലേക്ക് ഉയര്‍ന്നു

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചില്‍ 0.14 ശതമാനമെന്ന തീരെക്കുറഞ്ഞ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമായാന യാത്രക്കാരുടെ വ്യാപ്തി 14.27 ശതമാനം വര്‍ധിച്ച് 126.7 മില്യണിലേക്ക് എത്തിയെന്ന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ ( ഡിജിസിഎ) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചില്‍ 0.14 ശതമാനമെന്ന തീരെക്കുറഞ്ഞ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 18.3 ശതമാനം വര്‍ധിച്ച് 108.68 മില്യണിലേക്ക് ആഭ്യന്തര വ്യോമയാന യാത്രികരുടെ വ്യാപ്തി എത്തിയിരുന്നു.

മാര്‍ച്ചില്‍ 11.59 മില്യണാണ് ആഭ്യന്തര യാത്രികരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 മാര്‍ച്ചിലെ 11.58ല്‍ നിന്ന് വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ല. ജെറ്റ് എയര്‍വേയ്‌സ് നേരിട്ട പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര വ്യോമയാന മേഖലയുടെ ശേഷിയിലുണ്ടായ വലിയ ഇടിവാണ് യാത്രികരുടെ എണ്ണത്തിലും പ്രതിഫലിച്ചത്. ആഭ്യന്തര വ്യോമയാന കമ്പനികളുടെ മൊത്തം ട്രാഫിക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 171.25 മില്യണായിരുന്നു. 14.25 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ മാര്‍ച്ചിലെ കണക്ക് പ്രകാരവും വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 46.9 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ ഇന്‍ഡിഗോയുടെ സേവനം മാര്‍ച്ചില്‍ 54 ലക്ഷത്തോളം യാത്രികരാണ് തേടിയത്. രണ്ടാം സ്ഥാത്തുള്ള സ്‌പൈസ് ജെറ്റിന് 13.6 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. 15.81 ലക്ഷം യാത്രക്കാര്‍ സ്‌പൈസ് ജെറ്റിന്റെ സേവനത്തെ ആശ്രയിച്ചു. ഏറെക്കാലം വിപണിയിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിഹിതം മുന്‍വര്‍ഷം മാര്‍ച്ചിലെ 10 ശതമാനത്തില്‍ നിന്ന് 5.37 ശതമാനത്തിലേക്ക് താഴ്ന്നു. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്‌സിന്റെ സേവനം 6.71 ലക്ഷം യാത്രികരാണ് മാര്‍ച്ചില്‍ തേടിയത്.

തുടര്‍ച്ചയായി നാലു വര്‍ഷത്തോളം ഇരട്ടയക്ക ളര്‍ച്ച പ്രകടിപ്പിച്ച ആഭ്യന്തര വ്യോമയാന വിപണിയില്‍ മാര്‍ച്ചിലെ പ്രകടനം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഡിജിസിഎ ജനുവരിയില്‍ പുറത്തിറക്കിയ വീക്ഷണ പ്രകാരം 2040 ഓടെ ആഭ്യന്തര യാത്രികരുടെ വ്യാപ്തി 1.1 ബില്യണിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്.

Comments

comments

Categories: FK News

Related Articles