പ്രമേഹം ഇന്ത്യക്കാരികളില്‍ മരണസാധ്യത കൂട്ടുന്നു

പ്രമേഹം ഇന്ത്യക്കാരികളില്‍ മരണസാധ്യത കൂട്ടുന്നു

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലും ചൈനയിലും

പ്രമേഹം ഇന്ത്യയിലും ചൈനയിലും സാംക്രമികരോഗം പോലെയായിരിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളാണു രണ്ടും. ഇത് ഇന്ന് ഏഷ്യയിലെ സ്ത്രീകളെ അകാലമരണത്തിലേക്കു നയിക്കുന്ന കൊടിയ വിപത്തായി മാറിയെന്ന് ടെന്നസിയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 62 ദശലക്ഷം ജനങ്ങള്‍ പ്രമേഹബാധിതരാണ്. 2025 ഓടെ ഇത് 70 ദശലക്ഷം കവിയുമെന്നാണ് അനുമാനം.

ഏഷ്യയിലാകെ 230 ദശലക്ഷം പേര്‍ പ്രമേഹരോഗികളാണ്. ജനങ്ങളില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയും ഏഷ്യക്കാരില്‍ പാശ്ചാത്യ ജീവിതശൈലിയുടെ ദ്രുതഗതിയിലുള്ള സ്വാധീനവും വളര്‍ച്ചയുമാണ് പ്രമേഹത്തിന്റെ മുഖ്യകാരണം. 2040 ആകുമ്പോഴേക്കും പ്രമേഹരോഗികളുടെ എണ്ണം 355 ദശലക്ഷം കവിയുമെന്നും പഠനം പറയുന്നു. പ്രമേഹരോഗികളില്‍ അകാലമരണത്തിനു സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മുന്‍കാല പഠനങ്ങളില്‍ കണ്ടിട്ടില്ലാത്ത വിധം പ്രമേഹത്തിന്റെ മാരകഫലങ്ങളെപ്പറ്റി കൂടുതലായി ഈ പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

വാന്‍ഡര്‍ബില്‍റ്റ് ഗവേഷണസംഘം ഏഷ്യന്‍ വന്‍കരയില്‍ 22 പഠനങ്ങള്‍ നടത്തി. പത്തു ലക്ഷത്തിലധികം വ്യക്തികളെ ശരാശരി 12.6 വര്‍ഷം നിരീക്ഷിച്ചാണ് പഠനവിധേയരാക്കിയത്. മരണകാരണമാകുന്ന രോഗങ്ങളില്‍ പ്രമേഹത്തിന് രണ്ട് ഇരട്ടി വര്‍ദ്ധനവുണ്ടായെന്നു മനസിലാക്കാനായി. പ്രമേഹരോഗബാധിതരായ സ്ത്രീകളില്‍, പ്രത്യേകിച്ചു മധ്യവയസ്‌കരില്‍ അകാലമരണത്തിനു കൂടുതല്‍ സാധ്യത കണ്ടെത്തി. ലോകത്തില്‍ പത്ത് സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും പ്രമേഹമുണ്ട്. ഏഴ് ഗര്‍ഭിണികളില്‍ ഒരാള്‍ക്കെങ്കിലും ഗര്‍ഭകാല പ്രമേഹവും ഉണ്ടാകാറുണ്ട്. കേരളത്തില്‍ അത് ഇരട്ടിയാണ്.

സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത ഇരട്ടിയാണ്.
പ്രമേഹം ഉണ്ടെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ വരാനുള്ള സാധ്യത പുരുഷന്മാരില്‍ ഇരട്ടിയും സ്ത്രീകളില്‍ നാലിരട്ടിയും ആണ്. ആര്‍ത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ ഹൃദ്രോഗം വരാതിരിക്കാനുള്ള ഒരു സംരക്ഷണ ഘടകം ഉണ്ട്. പ്രമേഹം ഈ ഘടകത്തെ ഇല്ലാതാക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടതാണത്. പുരുഷന്‍മാരെപ്പോലെ ചെറുപ്പ കാലത്ത് സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകുന്നില്ല. എന്നാല്‍ ഒരിക്കല്‍ പ്രമേഹം ബാധിച്ചാല്‍ ഈ സംരക്ഷണ ഘടകം നഷ്ടപ്പെടുന്നു.

ഇന്‍സുലിന്‍ പ്രതിരോധത്തിന് കൂടുതല്‍ സാധ്യതയുള്ള യൂറോപ്യന്‍മാരെ അപേക്ഷിച്ച് വണ്ണം കൂടുതലുള്ള ഏഷ്യന്‍ അമേരിക്കക്കാരിലും അമേരിക്കന്‍ പൗരന്മാരിലുമാണ് പ്രമേഹരോഗം വര്‍ധിച്ച അളവില്‍ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ പ്രമേഹബാധയ്ക്കു ശേഷമാണോ അകാലമരണത്തിനു സാധ്യത വര്‍ധിക്കുന്നതെന്നു വ്യക്തമായി മനസിലാക്കാനായിട്ടില്ല. പ്രമേഹത്തിനു മതിയായ പരിചരണം ലഭിക്കാത്തതാണ് രോഗികളുടെ അകാല മരണത്തിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഏഷ്യന്‍ ജനതയ്ക്ക് അനുയോജ്യമായ പ്രമേഹ നിയന്ത്രണ പരിപാടികള്‍ നടപ്പാക്കുന്നതിന് അടിയന്തര നടപടികളൊരുക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

പ്രമേഹം ഉള്ള സ്ത്രീകളില്‍ രക്തസമ്മര്‍ദവും മറ്റു സങ്കീര്‍ണതകളും ഉണ്ടാകാം. ലിംഗ അസമത്വം സ്ത്രീകളില്‍ രോഗം കൃത്യമായി കണ്ടുപിടിക്കാനും ചികില്‍സിക്കാനും പലപ്പോഴും തടസമാകുന്നു. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ വിവേചനവും അവഗണനയും നേരിടേണ്ടി വരുന്നു. പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാനും വിശ്രമിക്കാനുമുള്ള ഗാര്‍ഹിക സാമൂഹിക ചുറ്റുപാടുകള്‍ വിരളം. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹബാധിതരില്‍ ഹൃദ്രോഗം മൂലമുള്ള മരണത്തിനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

വികസ്വര- ദരിദ്ര രാജ്യങ്ങളില്‍ പ്രമേഹ ബാധിതരായ സ്ത്രീകള്‍ പാടേ അവഗണിക്കപ്പെടുന്ന പതിവുണ്ട്. പുരുഷന്മാര്‍ക്കൊപ്പം വനിതകള്‍ക്കു തുല്യപരിചരണം ലഭിക്കുന്നില്ല. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമയ ജീവിതശൈലി പിന്തുടരാന്‍ പ്രേരിപ്പിക്കല്‍, ഗുണനിലവരമുള്ള ചികില്‍സ എന്നിവ അവര്‍ക്ക് ലഭ്യമാക്കുകയെന്നത് പ്രധാനമാണ്. പ്രമേഹ രോഗികളായ സ്ത്രീകള്‍ ഹൃദ്രോഗ സാധ്യതയുടെ അപകടത്തെപ്പറ്റി മനസിലാക്കിയിരിക്കണമെന്നും അതേപ്പറ്റി ബോധവതികള്‍ ആയിരിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു തരുന്നു.

Comments

comments

Categories: Health
Tags: Diabetics