ജാപ്പനീസ് നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി വനിതയും

ജാപ്പനീസ് നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി വനിതയും

ടോക്യോ: ജപ്പാനിലെ തെക്കന്‍ നഗരമായ തരുമിസുവിലെ പ്രാദേശിക നിയമ നിര്‍മാണസഭയിലേക്ക് (ലോക്കല്‍ അസംബ്ലി) ആദ്യമായി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. തരുമിസു നഗരം രൂപീകൃതമായത് 1958-ലാണ്. ഇൗ നഗരത്തിലെ അസംബ്ലിയില്‍ ഭൂരിഭാഗവും പുരുഷന്മാരാണുള്ളത്. എന്നാല്‍ ഏപ്രില്‍ 21ന് മിസുസു ഇകേഡ എന്ന 45-കാരി തെരഞ്ഞെടുക്കപ്പെട്ടു. അസംബ്ലിയിലെ 14 സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. 9,458 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 696 വോട്ടുകള്‍ നേടി മിസുസു മൂന്നാം സ്ഥാനത്തെത്തി. തരുമിസു നഗരത്തിലെ ജനസംഖ്യ 15,000-മാണ്. ജപ്പാനിലെ തരുമിസു നഗരത്തില്‍ മാത്രമായിരുന്നു ഇതുവരെ പ്രാദേശിക അസംബ്ലിയില്‍ സ്ത്രീ സാന്നിധ്യമില്ലാതിരുന്നത്. എന്നാല്‍ ആ കുറവാണ് ഇപ്പോള്‍ മിസുസു നികത്തിയിരിക്കുന്നത്. ടാക്‌സ് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു മിസുസു.

‘ഇവിടെ ഇതുവരെ പ്രതിനിധാനം ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ വീക്ഷണമെന്നത്, ഊഷ്മളത നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കുമെന്നാണ്’-മിസുസു പറഞ്ഞു.

ജപ്പാനില്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. ജപ്പാനിലെ അധോസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഇന്നു വെറും പത്ത് ശതമാനമാണ്. ബ്രിട്ടനില്‍ ഇത് 32 ശതമാനവും അമേരിക്കയില്‍ ഇത് 23.7 ശതമാനവുമാണ്.

Comments

comments

Categories: FK News