ചൈനയിലെ ‘ 996’ എന്ന തൊഴില്‍ സംസ്‌കാരം

ചൈനയിലെ ‘ 996’ എന്ന തൊഴില്‍ സംസ്‌കാരം

കഠിനാദ്ധ്വാനികളെന്ന് പേരു കേട്ടവരാണ് ചൈനയിലെ തൊഴിലാളികള്‍. കുറഞ്ഞ വേതനത്തില്‍ തൊഴിലെടുക്കുന്നവര്‍ അധികമുള്ളതിനാല്‍ ലോകത്തിലെ വന്‍കിട സ്ഥാപനങ്ങളെല്ലാം അവരുടെ നിര്‍മാണ/ഉത്പാദന കേന്ദ്രം ചൈനയില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് ചൈനയിലെ ഐടി രംഗത്ത് 996 എന്ന ആശയം നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചതോടെ വന്‍ എതിര്‍പ്പ് രൂപം കൊണ്ടിരിക്കുകയാണ്. ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ ഉള്‍പ്പെടെയുള്ളവര്‍ ഈ ആശയത്തെ പിന്തുണച്ചപ്പോള്‍ ഐടി രംഗത്തുള്ള ഭൂരിഭാഗം പേരും ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു.

1990-കളില്‍ ‘ഇന്റര്‍നെറ്റ് ബൂം’ അരങ്ങേറിയപ്പോള്‍, സിലിക്കണ്‍ വാലിയിലെ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കായി ദീര്‍ഘനേരം ജോലി ചെയ്തിരുന്നു. അക്കാലത്ത്, വിപണിയിലെ കടുത്ത മത്സരത്തിനിടയിലും അതിവേഗം മാറിക്കൊണ്ടിരുന്ന ടെക്‌നോളജി ട്രെന്‍ഡിലും പിടിച്ചു നില്‍ക്കാന്‍ അന്നു കൂടുതല്‍ നേരം ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. 2000-01 ല്‍ ‘ഇന്റര്‍നെറ്റ് ബൂം’ അവസാനിച്ചതോടെ, തൊഴിലിടങ്ങളിലെ പ്രവര്‍ത്തി സമയം കുറച്ചു. അതുവഴി, തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട വര്‍ക്ക്-ലൈഫ് ബാലന്‍സും ലഭിച്ചു. ജീവിതത്തിനും തൊഴിലിനും തുല്യപ്രാധാന്യം നല്‍കുന്ന സാഹചര്യമാണ് വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നു വിശേഷിപ്പിക്കുന്നത്. 1990-കളില്‍ അമേരിക്കയില്‍ സിലിക്കണ്‍ വാലിയിലുള്ള ടെക്‌നോളജി രംഗത്തെ തൊഴിലാളികള്‍ക്കു കൂടുതല്‍ നേരം ജോലി ചെയ്യേണ്ടി വന്നിരുന്നെന്നു സൂചിപ്പിച്ചല്ലോ. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ചൈനയിലെ ടെക്‌നോളജി രംഗത്തുള്ളവര്‍ക്കുള്ളത്. ചൈനയുടെ സമ്പദ്‌രംഗം മന്ദീഭവിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് വളര്‍ച്ച താഴേയ്ക്ക് പോകുന്നു. സാമ്പത്തികമാന്ദ്യം കാരണം ജോലിക്കാരെ പിരിച്ചുവിടുന്ന ‘ലേ ഓഫു’കള്‍ പതിവായിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ഇപ്പോള്‍ നടക്കുന്നില്ല. കൂറ്റന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന, അത്യധികം ലാഭനഷ്ടസാധ്യതകളുള്ളതുമായ പുതിയ സംരംഭങ്ങള്‍ക്ക് ആരംഭകാലത്തു നല്‍കുന്ന സാമ്പത്തികമൂലധനമാണു വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ അഥവാ ഉദ്യമസമാരംഭ മൂലധനം. സാധാരണ ധനകാര്യ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കാന്‍ മടിക്കുന്ന സംരംഭകര്‍ക്കു വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ലഭ്യമാക്കുന്നു. അതു കൊണ്ടു തന്നെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ലഭ്യമാക്കുന്നവരെ ഏയ്ഞ്ചല്‍ നിക്ഷേപകരെന്നും വിളിക്കാറുണ്ട്. ചൈനയുടെ സമ്പദ്‌രംഗം നേരിടുന്ന മാന്ദ്യത്തെ മറികടക്കാനായി അവിടെ തൊഴിലിടിങ്ങളില്‍, പ്രത്യേകിച്ച് ടെക്‌നോളജി സ്ഥാപനങ്ങളില്‍ 996 എന്നൊരു ആശയം നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ജോലി സമയം. ആഴ്ചയില്‍ ഏഴ് ദിവസങ്ങളില്‍ ആറ് ദിവസവും ജോലി ചെയ്യണം. ഇതാണ് 996 എന്ന ആശയം. 996 എന്നത് തൊഴിലാളികളെ സംബന്ധിച്ച് ഒരു പ്രത്യേക ജോലിഭാരമാണ്. എന്നാല്‍ കമ്പനികള്‍ക്ക് ഇതിലൂടെ ഉത്പാദനക്ഷമത നിലനിര്‍ത്താന്‍ സാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. തൊഴിലാളികള്‍ 996 എന്ന ആശയം ഇഷ്ടപ്പെടുന്നില്ല എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. എന്നാല്‍ തൊഴിലുടമകള്‍ ഈ ആശയത്തെ സ്‌നേഹിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ, 996 എന്ന ആശയത്തെ പരസ്യമായി അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ജോലി സമയം നീട്ടുന്നത് തൊഴിലിനോട് അഭിനിവേശമുള്ള ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമേയല്ലെന്നാണു ജാക് മാ പറഞ്ഞത്. എന്നാല്‍ ജീവനക്കാര്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതെല്ലാം മാനേജ്‌മെന്റ് മാത്രം തീരുമാനിക്കുന്ന ശൈലി (ടോപ് ഡൗണ്‍ അപ്രോച്ച്) നാലാം വ്യവാസയിക വിപ്ലവത്തിന്റെ (4.0) കാലത്ത് ഒട്ടും യോജിച്ചതല്ലെന്നാണു പൊതുവേ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. 996 ആശയം നടപ്പിലാക്കിയാല്‍ ഒരു തൊഴിലാളിക്ക് ഒരു ആഴ്ചയില്‍ ചുരുങ്ങിയത്, 70 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.

ചൈനയില്‍ ആഴ്ചയില്‍ ജോലി ചെയ്യേണ്ടത് 44 മണിക്കൂര്‍

ചൈനയില്‍ നിയമം പറയുന്നത്, ആഴ്ചയില്‍ 44 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ്. അതിനുമുകളില്‍ വരുന്ന ഓരോ മിനിറ്റും ഓവര്‍ടൈമായി കണക്കാക്കി തൊഴിലാളിക്ക് അധിക വേതനം നല്‍കണമെന്നാണ്. എന്നാല്‍ പല തൊഴില്‍ സ്ഥാപനങ്ങളും ഈ നിയമം അനുസരിക്കാറില്ല. ഇപ്പോള്‍ 996 എന്ന ആശയവുമായി തൊഴില്‍സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിരിക്കുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ, വന്‍ തോതിലുള്ള എതിര്‍പ്പുകള്‍ക്കു കാരണമായിരിക്കുകയാണ്. 996.ICU എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്, കഴിഞ്ഞ മാസം പ്രത്യക്ഷപ്പെടുകയുണ്ടായി. ഊരും പേരും ഒന്നും വെളിപ്പെടുത്താത്ത കുറച്ച് അജ്ഞാതരായ ആക്ടിവിസ്റ്റുകളാണ് ഈ വെബ്‌സൈറ്റ് രൂപീകരിച്ചത്. ഈ പേരില്‍ ഒരു തമാശയും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസം, രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ ജോലി ചെയ്തു കഴിയുമ്പോള്‍ തൊഴിലാളിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുമെന്നാണ് പരിഹാസ രൂപേണ ഇതിലൂടെ വ്യക്തമാക്കുന്നത്.
രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ, ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്യേണ്ടി വരുന്ന ചൈനീസ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെ കഠിനമായ ജീവിതത്തെ കുറിച്ചാണ് ഈ വെബ്‌സൈറ്റിലുള്ളത്. വെബ്‌സൈറ്റിന്റെ മുകളില്‍ ഡെവലപ്പേഴ്‌സ് ലൈവ്‌സ് മാറ്റര്‍ എന്നൊരു മുദ്രാവാക്യവും എഴുതിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോഡ്, ടൂള്‍ ഷെയറിംഗ് സൈറ്റായ ജിറ്റ്ഹബ്ബില്‍ സമീപകാലത്ത് 996 എന്ന ആശയത്തെ കുറിച്ച് പോസ്റ്റ് ഇടികയുണ്ടായി. ഈ പോസ്റ്റിനെതിരേ വിപുലമായ എതിര്‍പ്പാണു ചൈനീസ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ രേഖപ്പെടുത്തിയത്. ആലിബാബ, ജെഡി.കോം, പിന്‍ഡുവോഡോ, വാവേ, ബൈറ്റ് ഡാന്‍സ് തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാരാണ് 996 എന്ന ആശയത്തെ പിന്തുണയ്ക്കുന്നത്.

ഉറക്കമില്ല, സെക്‌സ് ഇല്ല, ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നില്ല

തൊഴിലിടങ്ങളിലെ 996 എന്ന ജോലിസമയത്തെ കുറിച്ച് ചൈനയിലെ ഭൂരിഭാഗം എന്‍ജിനീയര്‍മാരും പ്രോഗ്രാമര്‍മാരും പറയുന്നത് അവര്‍ക്ക് 12 മണിക്കൂര്‍ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍, ജോലിയില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നാണ്. അമിത നേരം ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഓര്‍മ ശക്തി നഷ്ടപ്പെടുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമെന്നത് മറ്റൊരു ഞെട്ടിക്കുന്ന സത്യമാണ്. ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്ന മധ്യവയസ്‌കരായവര്‍ക്ക് ഓര്‍മശക്തി കുറയുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജി പറയുന്നത്. ചൈനയില്‍ ടെക് ജീവനക്കാര്‍ക്ക് ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. അവര്‍ക്ക് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നുമില്ല.

Comments

comments

Categories: Top Stories