‘9 റ്റു 5 സംരംഭകത്വം’ ശീലമാക്കാന്‍

‘9 റ്റു 5 സംരംഭകത്വം’ ശീലമാക്കാന്‍

കൃത്യമായി ആസൂത്രണം ചെയ്താല്‍ 9 റ്റു 5 സംരംഭകത്വം നടപ്പാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അവസാന നിമിഷം തീര്‍ക്കാന്‍ പണി ബാക്കി വെക്കുന്ന രീതി അവസാനിപ്പിക്കാനും സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാനും ഈ സമയക്രമം തീര്‍ച്ചയായും ഉപകരിക്കും. ഓരോ വകുപ്പിലെയും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കടമകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വചിക്കുക. അത് ആരാണ് ചെയ്യേണ്ടതെന്നും അവരുടെ അഭാവത്തില്‍ ആരാണ് ചെയ്യേണ്ടത് എന്നും തീരുമാനിച്ച് ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ദിവസവും വിശകലനം ചെയ്യുക. പിന്നീട് ഈ വിശകലനം വാരാന്ത്യത്തിലേക്ക് മാറ്റാനാവും. ഇപ്രകാരം കൃത്യമായ ആസൂത്രണത്തിലൂടെ 9 റ്റു 5 സംരംഭക ശൈലിയെ വരുതിയിലാക്കാം

കഴിഞ്ഞ ആഴ്ച നമ്മള്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഓര്‍മയില്ലേ? ഇനിയും കുറച്ചു കാര്യങ്ങള്‍ കൂടെ ഈ ആഴ്ച പറയാം എന്ന് വിചാരിച്ചു. വേറെ ഒന്നുകൊണ്ടും അല്ല, നിങ്ങളെക്കൊണ്ട് ഇവ നടപ്പാക്കാന്‍ പറ്റിയാല്‍ പിന്നെ ജീവിതം ആനന്ദകരമായിരിക്കും
എന്ന് വ്യക്തമാക്കാന്‍. നിങ്ങള്‍ ഇതോടെ വ്യാപാരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങും. പോരേ?

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം പറഞ്ഞുകൊണ്ടുതന്നെ ഇതിലേക്ക് കടക്കാം. ഒരു ഒഇഎം മാനുഫാക്ച്ചറിംഗ് കമ്പനിയിലാണ് (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ച്ചറിംഗ്, ചില കമ്പനികള്‍ സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി) വ്യവസ്ഥ. അപ്പോഴൊക്കെ മാര്‍ക്കറ്റിംഗ്, സെയില്‍സ് എല്ലാം ഒരു കുടക്കീഴില്‍ തന്നെ. നമ്മള്‍ തന്നെ എക്‌സിബിഷന്‍ നടത്തണം, ഭാവി ഉപഭോക്താക്കളെ കണ്ടെത്തണം, നമ്മുടെ ഇപ്പോഴുള്ള ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സമയത്തിന് അയച്ചുകൊടുക്കണം… അങ്ങനെ അങ്ങനെ. എല്ലാ മാനേജീരിയല്‍ പ്രതിവാര മീറ്റിംഗുകളിലും ഡെസ്പാച്ച് ഇന്‍ചാര്‍ജ് ഒരേ പ്രശ്‌നവും കൊണ്ട് വരും. ദിവസവും സാധനങ്ങള്‍ ട്രക്കില്‍ കയറ്റി അയച്ചു ഡെസ്പാച്ച് ടീം വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി കുറഞ്ഞത് 10 മണിയാവുന്നു. ചോദ്യം ‘ഞങ്ങള്‍ക്കും ഇല്ലേ സാര്‍ കുടുംബങ്ങളൊക്കെ!’ എന്നാണ്.

എത്രയൊക്കെ ശ്രമിച്ചിട്ടും ആസൂത്രണ വിഭാഗവുമായി ആലോചിച്ചിട്ടും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് പോകുന്നത്. അറ്റ കൈക്ക് ഞങ്ങള്‍ എല്ലാ വിഭാഗങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ ഒരു തീരുമാനമെടുത്തു. ഇന്ന ദിവസം മുതല്‍ 6 മണിക്ക് ശേഷം ഒരാളെയും ഓഫീസിലോ ഫാക്ടറിയിലോ കണ്ടു പോകരുത്. കൃത്യം 6 മണിക്ക് മെയിന്‍ ഓഫ് ചെയ്തിരിക്കും എന്നായിരുന്നു തീരുമാനം. ഹര്‍ത്താലും ബന്ദും ഒന്നും നടക്കാത്ത സംസ്ഥാനമായത് കൊണ്ട് അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ പ്രശ്‌നമായില്ല. പക്ഷെ പുതിയരീതി തുടങ്ങി അടുത്ത ദിവസം തന്നെ പണി കിട്ടി. ഒന്നുരണ്ട് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കൃത്യമായി എത്തുന്നില്ല. അവരുടെ അസംബ്ലി ലൈന്‍ പലതും തടസപ്പെടുന്നു. ഫോണ്‍ വിളികളും ചീത്തയും എല്ലാമായി വലിയ പ്രശ്‌നം. അപ്പോഴാണ് ഞങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ഈ രണ്ടുപേരും ഞങ്ങളുടെ പ്രധാനപ്പെട്ട ഉപഭോക്താക്കളാണ്. സ്റ്റോക്ക് ഇന്‍വെന്ററി കുറയ്ക്കാനും അവരുടെ ഉന്നതരില്‍ നിന്നും നല്ല പേര് സമ്പാദിക്കുന്നതിനുമായി ആവശ്യമായ ശേഖരം വെക്കാതെ അവസാന മിനിറ്റില്‍ വിളിക്കുക. ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീം ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങളെ കുറിച്ച് ഒരു പരാതിയും ഉണ്ടാവാതിരിക്കാന്‍ വേണ്ടി ഇവര്‍ ഏത് പാതിരാത്രിക്ക് വിളിച്ചുപറഞ്ഞാലും ഉടനെ ഉല്‍പ്പാദനം ആരംഭിക്കാറുണ്ട്. എന്നിട്ട് രാത്രിയായാലും അയച്ചു കൊടുക്കും. ദിവസവും അത്യാവശ്യം വന്നതിനാല്‍ അത് ഒരു സാധാരണ പ്രക്രിയയായി മാറി എന്ന് മാത്രം.

മൂല കാരണം കണ്ടു പിടിച്ചതോടുകൂടി പ്രശ്‌നം തീര്‍ന്നു. അത് വരെ ജീവനക്കാര്‍ രാത്രി വരെ സമയമുണ്ടല്ലോ എന്ന് കരുതി പകല്‍ കൂടുതലും ജോലികളില്‍ അമാന്തം കാണിക്കുകയും നീട്ടിവെക്കുകയും ചെയ്തിട്ട് വൈകുന്നേരം ആകുമ്പോള്‍ മെല്ലെ ഓരോന്ന് തുടങ്ങും. അതെല്ലാം നിന്നുകിട്ടി എന്ന് മാത്രമല്ല പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ മാറ്റവും ഉണ്ടായി. അതിനു ശേഷം ഇത് വരെ അവിടെ ഈ പുതിയ രീതിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായി ആസൂത്രണം ചെയ്താല്‍ 9 റ്റു 5 സംരംഭം നടപ്പാക്കാവുന്നതേ ഉള്ളൂ എന്നാണ് ഇതില്‍ നിന്ന് പഠിക്കാനുള്ളത്.
ഇനി ഏറ്റവും പ്രധാനം കൃത്യമായ വ്യവസ്ഥാ പ്രക്രിയയാണ് (capture systems ). ഓരോ വകുപ്പിലെയും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കടമകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വചിക്കുക. അത് ആരാണ് ചെയ്യേണ്ടതെന്നും അവരുടെ അഭാവത്തില്‍ ആരാണ് ചെയ്യേണ്ടത് എന്നും കൃത്യമായി തീരുമാനിച്ച് ആദ്യത്തെ കുറച്ചു ആഴ്ചകളില്‍ ദിവസവും വിശകലനം ചെയ്യുക. പിന്നീട് അത് വാരാന്ത്യങ്ങളില്‍ വിശകലനം ചെയ്താല്‍ മതിയാവും. 9 ടു 5 സംരംഭത്തിലേക്ക് കടക്കാന്‍ ഇത് ഏറ്റവും നല്ല വഴിയാണ്.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider