മികച്ച 5 ബൈക്കുകള്‍

മികച്ച 5 ബൈക്കുകള്‍

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം 200ആര്‍

പലതവണ പ്രദര്‍ശിപ്പിച്ച ശേഷം ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ വിപണിയില്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബൈക്ക് ലഭ്യമായിരുന്നത്. പിന്നീട് ഇന്ത്യയൊട്ടാകെയുള്ള ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന ആരംഭിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ബജാജ് പള്‍സര്‍ എന്‍എസ് 200 തുടങ്ങിയ 200 സിസി മോഡലുകള്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ എന്ന പേരിലാണ് വിലസുന്നതെങ്കില്‍ 160 സിസി, 180 സിസി പ്രീമിയം മോട്ടോര്‍സൈക്കിളുകളെ തുരത്താനാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ അവതരിച്ചത്. അത്തരത്തിലാണ് ഹീറോ തങ്ങളുടെ 200 സിസി മോഡലിന്റെ വില നിശ്ചയിച്ചത്.

199.6 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. കാര്‍ബുറേറ്റഡ് വേര്‍ഷനിലെ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 18.4 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന് 4.6 സെക്കന്‍ഡ് മതിയെന്ന് ഹീറോ അവകാശപ്പെടുന്നു. മണിക്കൂറില്‍ 114 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. മുന്നില്‍ 276 എംഎം ഡിസ്‌ക്കും പിന്നില്‍ 220 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കുന്നു. 89,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍

സ്വന്തം സെഗ്‌മെന്റില്‍ എബിഎസ് ലഭിച്ച ആദ്യ ബൈക്കുകളിലൊന്നാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍. നിലവില്‍ നാല് വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും. ഇവയില്‍ രണ്ടെണ്ണത്തില്‍ എബിഎസ് നല്‍കിയിട്ടില്ലാത്തതിനാല്‍ സ്‌റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും വില്‍പ്പന. പരിഷ്‌കരിച്ച സിബി ഹോര്‍ണറ്റ് 160ആര്‍ കഴിഞ്ഞ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏതാനും സ്‌റ്റൈലിംഗ് മാറ്റങ്ങളോടെ അതേ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിച്ചു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

162.7 സിസി, എയര്‍ കൂള്‍ഡ് മോട്ടോറാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 15.09 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലി കൈകാര്യം ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ എബിഎസ് നിര്‍ബന്ധമാണ് എന്നതിനാല്‍ സ്റ്റാന്‍ഡേഡ്, സിബിഎസ് വേരിയന്റുകളുടെ വില്‍പ്പന വൈകാതെ അവസാനിപ്പിക്കും. ഡീലക്‌സ് എന്ന ടോപ് വേരിയന്റില്‍ എബിഎസ് നല്‍കിയിട്ടുണ്ട്. ഈ വേരിയന്റിലെ പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കിന് പകരം ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 86,500 രൂപയും സിബിഎസ് വേരിയന്റിന് 91,000 രൂപയും എബിഎസ് സ്റ്റാന്‍ഡേഡ് വേരിയന്റിന് 92,000 രൂപയും എബിഎസ് ഡീലക്‌സ് വേരിയന്റിന് 94,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

യമഹ എഫ്ഇസഡ്/എഫ്ഇസഡ്-എസ് വി 3.0

ഇവിടെ പറയുന്നവയില്‍ ഈ അടുത്ത കാലത്ത് പരിഷ്‌കരിച്ച ബൈക്കുകളാണ് യമഹ എഫ്ഇസഡ് മോട്ടോര്‍സൈക്കിളുകള്‍. ബോഡിവര്‍ക്കില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കാണാം. രണ്ട് മോട്ടോര്‍സൈക്കിളുകളിലും സിംഗിള്‍ ചാനല്‍ എബിഎസ് ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു. എഫ്ഇസഡ്, എഫ്ഇസഡ്-എസ് വി 3.0 മോട്ടോര്‍സൈക്കിളുകള്‍ ഷാര്‍പ്പ്, മസ്‌കുലര്‍ ലുക്ക് നിലനിര്‍ത്തിയിരിക്കുന്നു. ക്രോം അലങ്കാരങ്ങളാണ് ഇരു ബൈക്കുകളെയും വ്യത്യസ്തമാക്കുന്നത്. മാത്രമല്ല എഫ്ഇസഡ്-എസ് മോട്ടോര്‍സൈക്കിളില്‍ പുതിയ ബെല്ലി പാന്‍ നല്‍കിയിരിക്കുന്നു.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 149 സിസി, എയര്‍ കൂള്‍ഡ്, 2 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ തുടര്‍ന്നും ഉപയോഗിക്കുന്നു. ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 13.2 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 12.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ എര്‍ഗണോമിക്‌സ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹാന്‍ഡില്‍ബാര്‍ ഉയര്‍ത്തിയിരിക്കുന്നു. ഇപ്പോള്‍ കുറേക്കൂടി സുഖപ്രദമായ റൈഡിംഗ് പൊസിഷനാണ് യമഹ സമ്മാനിക്കുന്നത്. എഫ്ഇസഡ് എഫ്‌ഐ മോട്ടോര്‍സൈക്കിളിന് 95,680 രൂപയും എഫ്ഇസഡ്-എസ് എഫ്‌ഐ മോഡലിന് 97,680 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി

സ്വന്തം സെഗ്‌മെന്റില്‍ ഏറ്റവും കരുത്തുറ്റ എന്‍ജിന്‍ തനിക്കാണ് എന്ന് മേനി നടിക്കുന്നവനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. മാത്രമല്ല, കാര്‍ബുറേറ്റര്‍, ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ ബൈക്ക് ലഭിക്കും. മിക്ക എതിരാളികളിലും 2 വാല്‍വ് ഹെഡ് ആണെങ്കില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന് 4 വാല്‍വ് ടെക്‌നോളജി ലഭിച്ചു. പുതിയ ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍ തലമുറ മോഡല്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപയോഗിച്ചപ്പോള്‍ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത് മോണോഷോക്കാണ്.

ഒരു പതിറ്റാണ്ട് മുമ്പാണ് ആദ്യമായി വിപണിയില്‍ അവതിപ്പിച്ചതെങ്കിലും കാലാനുസൃതമായി ആര്‍ടിആര്‍ 160 മോടി വരുത്തുന്നതില്‍ ടിവിഎസ് താല്‍പ്പര്യം കാണിച്ചു. ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ആര്‍ടിആര്‍ 160 4വി എടുത്തണിഞ്ഞിരിക്കുന്നു. ഇന്ധന ടാങ്ക്, ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ്, ഇന്‍സ്ട്രുമെന്റേഷന്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളില്‍ കാണുന്നതുതന്നെയാണ്. ‘ഷോട്ട്ഗണ്‍’ എക്‌സോസ്റ്റ് ഡിസൈന്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റ് എന്നിവയും അതേപോലെ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ സെന്റര്‍ ബോഡി പാനല്‍ വ്യത്യസ്തമാണ്. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോഡലിന്റെ കൂടുതല്‍ കമ്യൂട്ടര്‍ വേര്‍ഷനാണ് തെരയുന്നതെങ്കില്‍ 160 4വി വാങ്ങാവുന്നതാണ്.

159.7 സിസി എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ ഇഎഫ്‌ഐ വേരിയന്റില്‍ 16.8 എച്ച്പി കരുത്തും കാര്‍ബുറേറ്റര്‍ വേരിയന്റില്‍ 16.5 എച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. 6,500 ആര്‍പിഎമ്മില്‍ 14.8 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ഡ്രം ബ്രേക്ക് വേരിയന്റിന് 83,145 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 86,145 രൂപയും ഇഎഫ്‌ഐ വേരിയന്റിന് 92,145 രൂപയും എബിഎസ് ഡ്രം ബ്രേക്ക് വേരിയന്റിന് 89,785 രൂപയും എബിഎസ് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 92,785 രൂപയും ഇഎഫ്‌ഐ എബിഎസ് വേരിയന്റിന് 98,785 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

സുസുകി ജിക്‌സര്‍/ജിക്‌സര്‍ എസ്എഫ്

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന മോട്ടോര്‍സൈക്കിളുകളില്‍ മിക്കവരുടെയും ഫേവറിറ്റ് മോഡല്‍ സുസുകി ജിക്‌സര്‍ അല്ലെങ്കില്‍ അതിന്റെ ഫെയേര്‍ഡ് സഹോദരനായ ജിക്‌സര്‍ എസ്എഫ് ആയിരിക്കും. 2014 ലാണ് സുസുകി ജിക്‌സര്‍ വിപണിയിലെത്തിക്കുന്നത്. റൈഡിംഗ് സുഖം ഒന്നുകൊണ്ടുതന്നെ മിക്കവരുടെയും ഇഷ്ടപ്പെട്ട ബൈക്കുകളിലൊന്നായി സുസുകി ജിക്‌സര്‍ മാറി. പ്രായോഗികത പരിഗണിക്കുമ്പോള്‍ സുസുകി ജിക്‌സര്‍ പിന്നെയും ഏറെ മാര്‍ക്ക് വാങ്ങും. സുഖിച്ചിരിക്കാവുന്ന സീറ്റും സീറ്റിംഗ് പൊസിഷനും സുസുകി ജിക്‌സറിന്റെ ആകര്‍ഷക ഘടകങ്ങളാണ്. 135 കിലോഗ്രാം മാത്രമാണ് കെര്‍ബ് വെയ്റ്റ്. ഓപ്ഷണലായി റിയര്‍ ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ നല്‍കി രണ്ട് ബൈക്കുകളും ഈയിടെ പരിഷ്‌കരിച്ചിരുന്നു. ജിക്‌സര്‍ എസ്എഫ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിലും ലഭിക്കും. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരും. ഫെയേര്‍ഡ്, നോണ്‍ ഫെയേര്‍ഡ് രൂപങ്ങളില്‍ ഒരുപോലെ ഗംഭീര മോട്ടോര്‍സൈക്കിളാണ് സുസുകി ജിക്‌സര്‍. റേസ് പ്രചോദിതമായ നീല നിറം ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു.

154.9 സിസി എന്‍ജിനാണ് സുസുകി ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 14.8 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന്റെ റിയര്‍ ഡിസ്‌ക് വേരിയന്റിന് 81,550 രൂപയും എബിഎസ് വേരിയന്റിന് 88,941 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 90,658 രൂപയും എബിഎസ് വേരിയന്റിന് 98,076 രൂപയും എഫ്‌ഐ വേരിയന്റിന് 93,032 രൂപയും എഫ്‌ഐ എബിഎസ് വേരിയന്റിന് 1,01,906 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Categories: Auto