മഹാരാഷ്ട്ര 1000 ആയുര്‍വ്വേദ ഡോക്റ്റര്‍മാരെ നിയമിക്കുന്നു

മഹാരാഷ്ട്ര 1000 ആയുര്‍വ്വേദ ഡോക്റ്റര്‍മാരെ നിയമിക്കുന്നു

ആയുഷ്്മാന്‍ ഭാരതിന്റെ കീഴില്‍ മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ 1000 ആയുര്‍വ്വേദ ഡോക്റ്റര്‍മാരെ നിയോഗിക്കും. ആറുമാസത്തെ പരിശീലനത്തിലൂടെ എംബിബിഎസ് തത്തുല്യ യോഗ്യത നല്‍കിക്കൊണ്ടാണിത്. കോഴ്‌സ് പാസായ ഇവരുടെ സേവനം ഇനി മുതല്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളില്‍ (എച്ച്ഡബ്ല്യൂസി) ലഭ്യമാകും. സാംക്രമിക രോഗങ്ങള്‍, മാതൃ-ശിശുക്ഷേമം, കുടുംബാസൂത്രണം, ഗര്‍ഭനിരോധന സേവനങ്ങള്‍, പ്രാഥമിക പരിശോധനകള്‍ തുടങ്ങി 12 ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇവരുടെ സേവനം ലഭ്യമാകും. ആയുഷ്്മാന്‍ ഭാരത് പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ 10,600 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ 2022 ഓടെ എച്ച്ഡബ്ല്യൂസയിലേക്ക് മാറ്റാനാണു സര്‍ക്കാര്‍ പദ്ധതി. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഓരോ നഴ്‌സസ് സെന്ററിലും മധ്യനിരആരോഗ്യസേവകനെ (എംഎച്ച്എല്‍പി) നിയമിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദന്തഡോക്റ്റര്‍മാരെ എംഎച്ച്എല്‍പിമാരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന കേന്ദ്രനീക്കത്തിനെതിരേ വിവാദം കൊഴുക്കുമ്പോഴാണിത്. ആദ്യഘട്ടത്തില്‍ ആയുര്‍വേദ ബിരുദധാരികളെ മാത്രം പുതിയ കോഴ്‌സില്‍ പ്രവേശനത്തിനായി അനുവദിച്ചതിനു ശേഷം യുനനി, ബി എസ് സി നഴ്‌സിങ് ബിരുദധാരികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് ബിരുദധാരികള്‍ എന്നിവരെക്കൂടി അതാതു കോഴ്‌സുകളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു.

2022 ആകുമ്പോഴേക്കും 10,000 എംഎച്ച്എല്‍പികളെ നിയമിക്കാനാവുമെന്ന് ആരോഗ്യ കമ്മീഷണര്‍ അനൂപ് യാദവ പറഞ്ഞു. രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ടെന്‍ഷന്‍, തുടങ്ങിയ അസുഖങ്ങള്‍ ചികില്‍സിക്കാന്‍ ഇവരുടെ സേവനം വിനിയോഗിക്കാം. 5,000 പേര്‍ക്ക് പൂര്‍ണസജ്ജമായ ഒരു എച്ച് ഡബ്ല്യൂസി മാത്രമാണ് സംസ്ഥാനത്തുള്ളത്. ഫാര്‍മകോളജി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിവും അടിസ്ഥാന അടിയന്തര ചികില്‍സയ്ക്കുമായി ഇവര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതാ പരീക്ഷയിലൂടെ നൂറോളം പേരെ ഒഴിവാക്കി. ഏതാണ്ട് 170 ഓളം പേരുടെ ഫലങ്ങള്‍ തടഞ്ഞു വെച്ചു. എംബിബിഎസ് ഡോക്റ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ എംഎച്ച്എല്‍പികള്‍ക്ക് മരുന്നുകളും ആന്റിബയോട്ടിക്കുകളും കുറിച്ചു നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ എംബിബിഎസ് ബിരുദധാരികളാണു കുറിച്ചു നല്‍കേണ്ടതെങ്കിലും തുടര്‍ചികില്‍സകള്‍ എംഎച്ച്എല്‍പികളാണ് നടത്തേണ്ടത്. ഏതെങ്കിലും എംഎച്ച്എല്‍പി ജോലി രാജിവെക്കാന്‍ തീരുമാനിച്ചാല്‍ പരിശീലനത്തിനായി ചെലവാക്കിയ ഒരു ലക്ഷം രൂപ തിരിച്ചു നല്‍കേണ്ടി വരും.

Comments

comments

Categories: Health