ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

7 ഇഞ്ച് വലുപ്പമുള്ളതാണ് ഇരു കാറുകളിലെയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതായിരിക്കും. ഇരു മോഡലുകളിലെയും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഇനി പൂര്‍ണ്ണമായും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. 7 ഇഞ്ച് വലുപ്പമുള്ളതാണ് ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. നിലവില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ ലഭ്യമാണ്.

മാരുതി സുസുകി വാഗണ്‍ആര്‍, ഹ്യുണ്ടായ് സാന്‍ട്രോ തുടങ്ങിയ മറ്റ് ബജറ്റ് ഹാച്ച്ബാക്കുകളാണ് ടാറ്റ ടിയാഗോയുടെ എതിരാളികള്‍. ഇവയെല്ലാം ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന സമാന വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേസ്, ഫോഡ് ആസ്പയര്‍ എന്നിവയോടാണ് ടാറ്റ ടിഗോര്‍ പ്രധാനമായും മല്‍സരിക്കുന്നത്. ഈ മോഡലുകളിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ അതാത് വാഹന നിര്‍മ്മാതാക്കള്‍ കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്.

2019 മോഡല്‍ ടാറ്റ ഹെക്‌സയില്‍ നല്‍കിയിരിക്കുന്നത് ഇതേ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്. ഹെക്‌സയില്‍ എപ്പോഴാണ് ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. അതേസമയം ടാറ്റ ടിയാഗോ എന്‍ആര്‍ജി, ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകളില്‍ 5.0 ഇഞ്ച് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഈ മോഡലുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി തീരെയില്ല.

ടാറ്റ ടിയാഗോയുടെയും ടിഗോറിന്റെയും മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 85 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 70 എച്ച്പി പുറപ്പെടുവിക്കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കുന്നു. പെട്രോള്‍ മോട്ടോറിന്റെ കൂടെ 5 സ്പീഡ് എഎംടി ഓപ്ഷണലായി ലഭിക്കും.

Comments

comments

Categories: Auto