മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരെ ലോകം ഒന്നിക്കണം

മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരെ ലോകം ഒന്നിക്കണം

ഭീകരതയ്ക്ക് രഹസ്യമായും പരസ്യമായും വളമിടുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നത് തന്നെയാണ് ശ്രീലങ്ക ഓര്‍മപ്പെടുത്തുന്നത്. ലങ്കയ്‌ക്കൊപ്പം എല്ലാം മറന്ന് ലോകരാജ്യങ്ങള്‍ നില്‍ക്കേണ്ട സമയമാണിത്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മലയാളികള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന വേളയില്‍ അയല്‍ രാജ്യമായ ശ്രീലങ്ക ഭീകരതയുടെ ഏറ്റവും രൂക്ഷമായ കെടുതികളില്‍ പെട്ട് ഉലയുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ നടത്തിയ ആസൂത്രിത അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണമായ കണക്കെടുപ്പ് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. 300ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഈ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് ലോകം ഉച്ചത്തില്‍ വിളിച്ചുപറയേണ്ട സമയമാണിത്. ദു:ഖ ദ്വീപായി മാറിയ ലങ്കയ്ക്ക് എല്ലാ തരത്തിലുള്ള സഹായങ്ങളും നല്‍കാന്‍ ഇന്ത്യക്കും വലിയ ഉത്തരവാദിത്തമുണ്ട്.

മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം ലങ്ക ഇതുപോലെ വിറച്ചിട്ടില്ല. ഈസ്റ്റര്‍ ദിനത്തിനല്‍ രാവിലെ 8.45നാണ് ആരാധന നടത്തുന്നതിനിടെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും നഗോംബോ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലും സിയോന്‍ ചര്‍ച്ചിലും സ്‌ഫോടനങ്ങളുണ്ടായത്. അതിനു ശേഷം രാജ്യത്തെ പ്രധാന പഞ്ച നക്ഷത്ര ഹോട്ടലുകളായ ഷാംഗ്രില, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി തുടങ്ങിയിടങ്ങളിലും അത്യുഗ്ര സ്‌ഫോടനങ്ങള്‍ നടന്നു.

വ്യക്തമായ ആസൂത്രണത്തോടെ പഴുതടച്ച് നടത്തിയ ആക്രമണങ്ങള്‍ ആണിത്. ഏഴ് ചാവേറുകളെ അതിനായി നിയോഗിക്കുകയും ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനം ആക്രമണത്തിനായി തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ മനുഷ്യത്വത്തിന് യാതൊരുതരത്തിലുള്ള വിലയും കല്‍പ്പിക്കാത്തവരാണ് തങ്ങളെന്ന് ഇതിന് പിന്നിലുള്ളവര്‍ അടിവരയിടുന്നു. ആഭ്യന്തര യുദ്ധത്തിന് ശേഷം സാമ്പത്തികമായി പതിയെ തിരിച്ചുകയറുകയായിരുന്ന ലങ്കയെ തളര്‍ത്തുകയെന്ന ലക്ഷ്യം കൂടി ഭീകരര്‍ക്കുണ്ടായിരുന്നിരിക്കാം. അസ്ഥിരമായ സമൂഹത്തില്‍ ഭീകരതയ്ക്ക് തഴച്ചുവളരാനുള്ള സാഹചര്യമുണ്ടാകുമെന്നതാണ് പലരുടെയും പ്രതീക്ഷ. ടൂറിസ്റ്റുകളെ കൂടി കൃത്യമായി ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലൂടെ വിനോദ വ്യവസായത്തിനു പേരുകേട്ട ശ്രീലങ്കയുടെ വാണിജ്യസാധ്യതകള്‍ക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. നിരവധി പേര്‍ ലങ്ക വിട്ടുപോകാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങള്‍ ലങ്കയ്‌ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഭീകരതയുടെ ശൃംഖലകള്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ പോരാടാന്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത ശ്രമമുണ്ടാകേണ്ടതുമുണ്ട്.

ആക്രമണം നടക്കാനുള്ള സാധ്യതകളെ കുറിച്ച് വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ലങ്കയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നിട്ടും സുരക്ഷാ വീഴ്ച്ച സംഭവിച്ചുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് വിശദമായി അന്വേഷിക്കാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തയാറാകണം. ഒരേ ദിവസം ഇത്രയുമധികം ആക്രമണങ്ങള്‍ നടത്താന്‍ ഒരു പ്രാദേശിക സംഘടനയ്ക്ക് മാത്രം സാധിച്ചെന്നുവരില്ല. അത്രമാത്രം പ്ലാനിംഗും ഫണ്ടിംഗും ഇതിന് പിന്നിലുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പ്രാദേശിക ഭീകര സംഘടനയായ തൗഹീദ് ജമാഅത്ത് ആണെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്നലെ അറിയിച്ചത്. എന്നാല്‍ ഇത്ര വലിയ സ്‌ഫോടനങ്ങള്‍ നടത്തുന്നതിന് ഇവര്‍ക്ക് ഏതെങ്കിലും വിദേശരാജ്യങ്ങളിലുള്ള സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട്. ഭീകരതയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന രാജ്യങ്ങളെയും സംഘടനകളെയും ഒറ്റപ്പെടുത്താന്‍ ലോകം തയാറാകണമെന്ന സന്ദേശം കൂടിയാണ് ഈ ആക്രമണം നല്‍കുന്നത്.

Categories: Editorial, Slider