പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിമുഖത

പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിമുഖത

പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനും എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനും പൊതുമേഖലാ ബാങ്കുകള്‍ അടുത്തിടെ കാണിക്കുന്ന താല്‍പ്പര്യക്കുറവിന് നിരവധി കാരണങ്ങളുണ്ട്. അടിഞ്ഞു കൂടിയ നിഷ്‌ക്രിയാസ്തി മൂലം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ചെലവ് ചുരുക്കുകയെന്ന ആര്‍ബിഐ നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. എടിഎമ്മുകളുടെ സ്ഥാപന-പ്രവര്‍ത്തന ചെലവുകള്‍ അധികരിച്ചെങ്കിലും ഇടപാടുകള്‍ക്ക് അമിത സേവന ഫീസ് ഈടാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല. ഡിജിറ്റല്‍ ഇടപാടുകളെ അടുത്തിടെ ബാങ്കുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കാനാരംഭിച്ചതിന് പിന്നില്‍ ഇത്തരം പല പ്രശ്‌നങ്ങളുമുണ്ട്

ഡിജിറ്റൈസേഷനിലും വര്‍ധിച്ച് മാലിന്യം പോലെ കുമിഞ്ഞു കൂടിയിരിക്കുന്ന കിട്ടാക്കടം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ച് വിപുലീകരണം അടുത്തിടെ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വെറും ഒരു ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ 7 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് (സിഎജിആര്‍) പുതിയ ബ്രാഞ്ചുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെന്ന് കാണാനാവും.

”2017 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നെങ്കിലും 2018 ല്‍ നഗര മേഖലകളില്‍ ബ്രാഞ്ചുകളുടെ വളര്‍ച്ച (എണ്ണത്തിന്റെ അടിസ്ഥാനത്തില്‍) ഇടിഞ്ഞു. അതേസമയം 2017 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ശതമാനം ഇടിവ് പ്രകടിപ്പിച്ച ശേഷം 2018 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലകളില്‍ ചെറിയ ഉയര്‍ച്ച (വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം) ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.

കറന്‍സി നോട്ടുകളോട് അമിത താല്‍പ്പര്യവും ഡിജിറ്റല്‍ പേമെന്റുകളോട് തണുപ്പന്‍ മനോഭാവവും പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ പരമ്പരാഗത പ്രവണതക്ക് വിരുദ്ധമാണ് സമീപകാലത്തെ കാഴ്ചകള്‍. എങ്കിലും, നിഷ്‌ക്രിയാസ്തികള്‍ മൂലം സമ്മര്‍ദ്ദം അവഗണിച്ച് ബ്രാഞ്ച് വിപുലീകരണവുമായി മുന്നോട്ടുപോകുകയല്ലാതെ വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കൊട്ടക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിഷ്‌ക്രിയാസ്തികളുടെ (എന്‍പിഎ) വലിയൊരു പങ്ക് ഭാരം വഹിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ച് ബ്രാഞ്ചുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. റിസര്‍വ് ബാിങ്കിന്റെ ത്വരിത തിരുത്തല്‍ നടപടിക്ക് (പിസിഎ) കീഴിലായതിനാല്‍ ഈ ബാങ്കുകളില്‍ ബ്രാഞ്ച് വിപുലീകരണമടക്കമുള്ള പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ബ്രാഞ്ചുകളുടെ കാര്യത്തില്‍ മാത്രമല്ല എടിഎം വിപുലീകരണത്തിലും ഈ നിയന്ത്രണം ബാധകമാണ്. എടിഎം കൗണ്ടറുകള്‍ നിലനിര്‍ത്താനുള്ള ചെലവ് അധികരിച്ചതിനാല്‍ സൗജന്യ പിന്‍വലിക്കലുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വായ്പാദാതാക്കള്‍ നിര്‍ബന്ധിതരായി. പകരം അവര്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിച്ചു വരികയാണ്. നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇത്തരം പണമിടപാടുകള്‍ക്ക് ഏഖെ ജനപ്രീതി കൈവന്നിട്ടുണ്ട്. ഇടപാട് ചെലവ് 50 ശതമാനം വരെ കുറയ്ക്കാനും വായ്പാദാക്കളെ ഡിജിറ്റൈസേഷന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ബാങ്കുകളുടെ ആധിപത്യം

ബ്രാഞ്ച് വിപുലീകരണത്തിലെ മാന്ദ്യത മൂലം സര്‍ക്കാര്‍ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകളുടെ പിന്നിലാവുന്നെന്ന് കൊട്ടാക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘2010 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിപണി വിഹിതത്തില്‍ പ്രതിവര്‍ഷം ശരാശരി 50-70 അടിസ്ഥാന പോയന്റുകളാണ് (ബിപിഎസ്, പെര്‍സന്റേജ് പോയന്റിന്റെ നൂറിലൊന്നാണ് ഒരു ബേസിസ് പോയന്റ്) നഷ്ടമായത്. കൂടുതല്‍ ലാഭം നേടിയതാവട്ടെ സ്വകാര്യ ബാങ്കുകളാണ്,’ റിപ്പോര്‍ട്ട് പറയുന്നു.

നിക്ഷേപങ്ങള്‍ നോക്കുകയാണെങ്കില്‍, 2011 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖലാ ബാങ്കുകളുടെ വിപണി വിഹിതം 770 ബിപിഎസാണ് ഇടിഞ്ഞത്. 2018 ല്‍ മാത്രം പൊതുമേഖലാ ബാങ്കുകളുടെ വിപണി വിഹിതം 250 ബിപിഎസ് ഇടിഞ്ഞു. ഉപഭോക്താക്കളെ നേടുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകള്‍ വളരെ പിന്നിലാണ്. മാത്രമല്ല 2013 സാമ്പത്തിക വര്‍ഷം മുതല്‍ പൊതുമേഖലാ ബാങ്കുകളുടെ ഉല്‍പ്പാദനക്ഷമത തുടര്‍ച്ചയായി ഇടിയുകയാണെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.

Comments

comments

Categories: Banking