ചെറുകിടവ്യാപാരികളുടെ കൈപിടിച്ച് ഡിജിറ്റല്‍ പേമെന്റുകള്‍

ചെറുകിടവ്യാപാരികളുടെ കൈപിടിച്ച് ഡിജിറ്റല്‍ പേമെന്റുകള്‍

എന്തും വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്താവുന്ന ഇ-കൊമേഴ്‌സ് കാലത്തിന്റെ മാരക പ്രഹരശേഷി ഏറ്റവുമധികം അനുഭവിക്കുന്നത് ചെറുകിട, റീട്ടെയ്ല്‍ വ്യാപാരികളാണ്. വമ്പന്‍ ഓഫറുകളും ആയാസ രഹിതമായ പേമെന്റ് ഇന്റര്‍ഫേസുകളുമൊക്കെയായി കളം നിറഞ്ഞ ഇ-കൊമേഴ്‌സ് കമ്പനികളുടെ കാലത്ത് കോടിക്കണക്കിന് പരമ്പരാഗത ചെറുകിട വ്യാപാരികളുടെ രക്ഷാമാര്‍ഗം എന്താവും? കച്ചവടത്തെ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുകയും പേമെന്റുകളെ ഡിജിറ്റല്‍വല്‍ക്കരിക്കുകയും ചെയ്താല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ബിസിനസ് മെച്ചപ്പെടുത്താനും റീട്ടെയ്‌ലര്‍മാര്‍ക്ക് സാധിക്കും. ഫോണ്‍പേ പോലെയുള്ള ഫിന്‍ടെക് കമ്പനികള്‍ ഇതിനായി കച്ചവടക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സദാ സന്നദ്ധമാണ്.

വിവേക് ലോഹ്‌ചെബ്

രമേഷ് ഒരു ചെറുകിട വ്യാപാരിയാണ്. അദ്ദേഹം വീടിനോട് ചേര്‍ന്ന് ഒരു ചെറുകിട കച്ചവടം തുടങ്ങിയതുമുതല്‍ മികച്ച വരുമാനം നേടിക്കൊണ്ടിരുന്നു. നോട്ട് അസാധുവാക്കലും ഡിജിറ്റല്‍ പേമെന്റ് രീതികള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയതുമെല്ലാം, കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ബിസിനസ്സിനെ സാരമായി ബാധിച്ചു. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് രമേഷ്, കടമായി സാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. പക്ഷേ ഈ പുതിയ രീതി അദ്ദേഹത്തെ ഒട്ടുംതന്നെ സഹായിച്ചില്ല. മെല്ലെ മെല്ലെ പണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന് വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ കൈമാറുന്നവര്‍ക്കുള്ള പേമെന്റിനെയും ഇത് ബാധിച്ചു. ഇതിനിടെ രമേഷ് തന്റെ ഉപഭോക്താക്കളില്‍ നിന്നും വിവിധതരം ഡിജിറ്റല്‍ പേമെന്റ് രീതികളെക്കുറിച്ച് അറിയാനിടയായി. അദ്ദേഹം ഒടുവില്‍ ഫോണ്‍പേ (PhonePe) പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്തു. ഡിജിറ്റല്‍ പേമെന്റ് രീതി തിരഞ്ഞെടുത്ത് ആറ് മാസത്തിനുശേഷം അദ്ദേഹത്തിന്റെ ബിസിനസ്സില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കില്‍ നിന്നും നേരിട്ട് പണം അയയ്ക്കുന്നതിനും അദ്ദേഹത്തിന്റെ സപ്ലയേഴ്‌സിന് ബാങ്കില്‍ നിന്നും നേരിട്ട് പണം അയയ്ക്കുന്നതിനും സാധിച്ചു. വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്തുന്നതിന് മാത്രമല്ല, എല്ലാ ഇടപാടുകളുടേയും കൃത്യമായ രേഖ സൂക്ഷിക്കുന്നതിനും രമേഷിന് ഇതിലൂടെ സാധിച്ചു.

നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ പേമെന്റ് രീതിയിലേക്ക് മാറിയ നിരവധി ചെറുകിട കച്ചവടക്കാരില്‍ ഒരാളാണ് രമേഷ്. ഈ രീതികള്‍ പേമെന്റുകളെ എളുപ്പമുള്ളതാക്കി മാറ്റുക മാത്രമല്ല, നോട്ടുകളെ ആശ്രയിച്ചു മാത്രം നടന്നിരുന്ന പണമിടപാടുകളെ കുറയ്ക്കുകയും ചെയ്തു. പണമിടപാടുകളുടെ സുതാര്യത വര്‍ധിപ്പിച്ചുകൊണ്ടുതന്നെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഡിജിറ്റല്‍ പേമെന്റ് വഴിയൊരുക്കി. ഇത് പണമിടപാടുകളെ സുഗമവും ദ്രുതവുമാക്കിത്തീര്‍ത്തു. എക്കൗണ്ടുകള്‍ക്കിടയിലെ ധനവിനിമയം സുഗമമാക്കുകയും സുരക്ഷയെക്കുറിച്ച് ആകുലപ്പെടാതെ തന്നെ വലിയ തുകകള്‍ കൈകാര്യം ചെയ്യുന്നതും സാധ്യമാക്കി.

ക്യാഷ്‌ലെസ്സ് ട്രാന്‍സാക്ഷനുകളെ കൂടുതല്‍ സഹായിക്കുന്നതിന്, ഫോണ്‍പേ പോലുള്ള ഫിന്‍ടെക് കമ്പനികള്‍, ദ്രുത പ്രതികരണ കോഡ് (interoperable quick response (QR)) പോലുള്ള നൂതനമായ ഇതര പേയ്‌മെന്റ് രീതികള്‍ അവതരിപ്പിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമായ ഏതൊരു പേമെന്റ് ആപ്പ് ഉപയോഗിച്ചും യൂണിഫൈഡ് പോമെന്റ്‌സ് ഇന്റര്‍ഫേസ് (UPI) മുഖേന പണമടയ്ക്കുന്നതിന് സൗകര്യമുണ്ട്. ഒരൊറ്റ ക്ലിക്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ സാധിക്കും. അതും ഡിജിറ്റല്‍ പേമെന്റ് ചെയ്യുന്നതിനുള്ള അധിക നിരക്കൊന്നും നല്‍കാതെ തന്നെ. ക്യൂആര്‍ കോഡുകള്‍ക്ക് വിജയകരമായ ഒരു ഭാവിയുണ്ടെന്നത് തീര്‍ച്ചയാണ്.

ഡിജിറ്റല്‍ പേമെന്റ് രീതികള്‍ ഇന്ത്യയിലെ മുന്‍നിര നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തുടനീളമുള്ള രണ്ടാം നിര, മൂന്നാം നിര, നാലാം നിര പ്രദേശങ്ങളില്‍പ്പോലും ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത്തരം ഉപയോഗങ്ങള്‍ എന്‍എഫ്‌സി സാങ്കേതികത അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സാങ്കേതികതയുടെ സവിശേഷത കാരണം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡിലും ട്രാന്‍സാക്ഷനുകള്‍ നടത്താനാകുന്നു, ഇതിനായി ഉയര്‍ന്ന സങ്കേതികവിദ്യയുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കണമെന്നുമില്ല.

1.2 കോടി ചെറുകിട കച്ചവടക്കാരുടെ സാന്നിധ്യമുള്ള ഓഫ്‌ലൈന്‍ വ്യാപാരം ഇപ്പോഴും മുന്നില്‍ത്തന്നെയാണ്. എങ്കിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ബിസിനസ്സ് സൗകര്യങ്ങളുമായി മത്സരത്തിലേര്‍പ്പെടുന്നതിന് ഡിജിറ്റല്‍ സാങ്കേതികതയെ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഡിജിറ്റല്‍ പേമെന്റിന്റെ അനിവാര്യതയും അവരുടെ ബിസിനസ്സിനെ ഉത്തേജിപ്പിക്കാന്‍ ഡിജിറ്റല്‍ പേമെന്റ് എത്രത്തോളം സഹായകരമാണെന്നും സ്റ്റോര്‍ ഉടമകള്‍ ഇപ്പോള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. നിരവധി കമ്പനികളെപ്പോലെ തന്നെ ഫോണ്‍പേയും ഈ കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പകര്‍ന്നു നല്‍കുകയും ഒപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിലൂടെ ചെറുകിടവ്യാപാരികളെ ഈ ഡിജിറ്റല്‍ യുഗത്തിലും പ്രസക്തരാക്കി നിലനിര്‍ത്തുന്നു.

ഡിജിറ്റല്‍ പേമെന്റ് ഒരു മാനദണ്ഡമായി തീര്‍ന്നിരിക്കുന്നതിനാല്‍, ചെറുകിട വ്യാപാരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരാനിടയുണ്ട്. നിലവിലെ ട്രെന്‍ഡുകള്‍ ഡിജിറ്റല്‍ പേമെന്റുകളില്‍ വന്ന കുതിപ്പ് സൂചിപ്പിക്കുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ പ്രസക്തി നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമാണിതെന്ന് നിസംശയം പറയാം. കാര്‍ഡ് പേമെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇരട്ടിച്ച് മൂന്ന് ദശലക്ഷം കടന്നിരിക്കുന്നെന്നാണ് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്; ഇതാണ് അതിലേക്കുള്ള ശരിയായ കാല്‍വെയ്പ്പ്.

(ഫോണ്‍പേയുടെ അണ്‍ഓര്‍ഗനൈസ്ഡ് ബിസിനസ്സ് മേധാവിയാണ് ലേഖകന്‍)

Categories: FK News, Slider

Related Articles