ബിഎസ് 6, സ്മാര്‍ട്ട് ഹൈബ്രിഡ്, 1.2 ഡുവല്‍ജെറ്റ് എന്‍ജിനില്‍ ബലേനോ

ബിഎസ് 6, സ്മാര്‍ട്ട് ഹൈബ്രിഡ്, 1.2 ഡുവല്‍ജെറ്റ് എന്‍ജിനില്‍ ബലേനോ

ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ ഡുവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് ബലേനോ ലഭിക്കൂ. യഥാക്രമം 7.25 ലക്ഷം രൂപ, 7.86 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന പുതിയ 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി ബലേനോ വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനമാണ് പുതിയ ബലേനോയുടെ മറ്റൊരു സവിശേഷത. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ ഡുവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് ബലേനോ ലഭിക്കൂ. യഥാക്രമം 7.25 ലക്ഷം രൂപ, 7.86 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇതുകൂടാതെ, ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കുംവിധം നിലവിലെ 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിക്കുകയും ചെയ്തു. 5.58 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ബിഎസ് 6 പാലിക്കുന്ന കെ12ബി എന്‍ജിന്‍ വേരിയന്റുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

താരതമ്യേന കൂടുതല്‍ കരുത്തുറ്റതാണ് 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍. 90 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതേസമയം, കെ12ബി എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 84 കുതിരശക്തി കരുത്താണ്. ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍, കെ12ബി പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളില്‍ മാത്രമാണ് സിവിടി ഗിയര്‍ബോക്‌സ് നല്‍കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഡുവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിന്റെ കൂട്ട്. രണ്ട് ബിഎസ് 6 എന്‍ജിനുകളും നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളല്‍ 25 ശതമാനം കുറയ്ക്കുമെന്ന് മാരുതി സുസുകി അവകാശപ്പെട്ടു.

ആക്‌സെലറേഷന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ടോര്‍ക്ക് അസിസ്റ്റ്, ഐഡില്‍ ആയിരിക്കുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്ന സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ സംവിധാനം എന്നിവ സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഭാഗമാണ്. കെ12ബി എന്‍ജിന്റെ ഇന്ധനക്ഷമത 21.4 കിലോമീറ്ററാണെങ്കില്‍ പുതിയ 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ സമ്മാനിക്കുന്നത് 23.87 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്.

Comments

comments

Categories: Auto
Tags: Baleno