രണ്ട് പതിറ്റാണ്ടുകൊണ്ട് 163 കോടിയുടെ ബിസിനസ് സാമ്രാജ്യം

രണ്ട് പതിറ്റാണ്ടുകൊണ്ട് 163 കോടിയുടെ ബിസിനസ് സാമ്രാജ്യം

ഉപഭോക്താക്കളുടെ ആവശ്യമെന്തെന്ന് കൃത്യമായി മനസിലാക്കി അതനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നതാണ് സംരംഭരംഗത്ത് തിളങ്ങുവാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യം മനസിലാക്കേണ്ടത്. 1954 ല്‍ മുത്തശ്ശന്‍ തുടക്കമിട്ട ചെറിയൊരു ഷൂ നിര്‍മാണ കമ്പനിയെ Inc.5 എന്ന ബ്രാന്‍ഡില്‍ രാജ്യത്തെ മുന്‍നിര ഷൂ നിര്‍മാതാക്കളാക്കി മാറ്റിയതിനു പിന്നില്‍ സംരംഭക സഹോദരങ്ങളായ അല്‍മാസ്, അമിന്‍ എന്നിവര്‍ പ്രയോഗിച്ചത് ഇത്തരം വിപണന തന്ത്രമാണ്. ഒന്നര ലക്ഷം രൂപ മൂലധനത്തില്‍ മുംബൈ നഗരത്തില്‍ തുടക്കമിട്ട ഈ സ്ഥാപനത്തിന്റെ ഇന്നത്തെ ആസ്തി 163 കോടി രൂപയാണ്. വനിതകള്‍ക്കായുള്ള ഷൂസുകളായും പാദരക്ഷകളുമാണ് കമ്പനിയുടെ ഹൈലൈറ്റ്. ലോകം മാറുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ അഭിരുചിയും മാറുന്നു. ഈ മാറ്റം മുന്നില്കണ്ടുകൊണ്ടാണ് Inc.5 തങ്ങളുടെ ഓരോ പുതിയ ഉല്‍പ്പന്നവും വിപണിയിലെത്തിക്കുന്നത്.ഉപഭോക്താക്കളെ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങുന്നതിനായി പരസ്യങ്ങളിലൂടെയും മാര്‍ക്കറ്റിംഗിലൂടെയും നിര്‍ബന്ധിക്കുന്നതിലല്ല, മറിച്ച് ഉല്‍പ്പന്നം വാങ്ങുന്നതിനായായി ആകര്‍ഷിക്കുന്നതിലാണ് ബ്രാന്‍ഡിംഗ് വിജയമെന്ന് തെളിയിക്കുന്നു

Inc.5 ഓണ്‍ലൈനിനില്‍ ഇന്ന് ഏറ്റവും കൂടുതലായി തെറിയപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് പാദരക്ഷകള്‍. സ്ത്രീകളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ Inc.5 ന് ഇന്ത്യയില്‍ 54 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളും 300 ഔട്ട് ലെറ്റുകളുമുണ്ട്. 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബ്രാന്‍ഡിന്റെ ഇന്നത്തെ ആസ്തി 163 കോടി രൂപയാണ്. ആമസോണ്‍, മിന്ത്ര, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങി മുന്‍നിര ഓണ്‍ലൈന്‍ വില്‍പന കേന്ദ്രങ്ങളിലൂടെയെല്ലാം തന്നെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ തേടുന്ന പാദരക്ഷ ബ്രാന്‍ഡായി Inc.5 മാറിക്കഴിഞ്ഞു. മുംബൈ നഗരത്തില്‍ തുടക്കമിട്ട് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരു പോലെ പടര്‍ന്നു പന്തലിച്ച Inc.5 ശ്രീലങ്കയിലും വേരുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ശ്രീലങ്കയിലൂടെ ഇന്റര്‍നാഷണല്‍ വിപണി ലക്ഷ്യമിട്ട് Inc.5 കുതിക്കുമ്പോള്‍ അത് സ്ഥിരോത്സാഹികളായ രണ്ട് സംരംഭക സഹോദരങ്ങളുടെ കൂടി വിജയമായി മാറുന്നു.

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ വ്യത്യസ്തമായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് Inc.5 . കൊച്ചിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ Inc.5 ന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം കണ്ടിട്ടുള്ള ഏതൊരു വ്യക്തിയും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഒന്നിനൊന്നു വ്യത്യസ്തമായ ഡിസൈനുകളുമായി എത്തുന്ന ഈ പാദരക്ഷകള്‍ക്ക് പിന്നിലെ കഥയെന്തെന്ന്. ആ കഥക്ക് 21 വര്‍ഷത്തെ പഴക്കമുണ്ട്. മുംബൈ സ്വദേശിനിയായ അല്‍മാസും സഹോദരന്‍ അമിനും ചേര്‍ന്നാണ് 1998 ല്‍ Inc.5 എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു അല്‍മാസ്. കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന അവസ്ഥയിലാണ് അല്‍മാസ് മുംബൈ നഗരത്തിലെ സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളെപ്പറ്റി വിശദമായി പഠിച്ചത്. എന്നും വ്യത്യസ്തമായ ചെരുപ്പുകളും ബാഗുകളുമെല്ലാം ഉപയോഗിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അല്‍മാസ് നേരിട്ട പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു തന്റെ കാലിന്റെ അളവിന് അനുസൃതമായ സൈസില്‍ ചെരുപ്പ് കിട്ടുന്നില്ല എന്നത്.

മുംബൈ നഗരത്തില്‍ ധാരാളം ഫാഷന്‍ സ്റ്റോറുകള്‍ ഉണ്ടായിരുന്നു എങ്കിലും ലഭിക്കുന്ന പാദരക്ഷകളത്രയും ഒന്നുകില്‍ വലുത്, അല്ലെങ്കില്‍ ചെറുത് എന്ന അവസ്ഥ. ഈ അവസ്ഥക്ക് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയണമെങ്കില്‍ നല്ലൊരു പാദരക്ഷാ ബ്രാന്‍ഡ് വരണം എന്ന ചിന്തയാണ് അല്‍മാസിന്റെ മനസിലേക്ക് വന്നത്. 1954 മുതല്‍ അല്‍മാസിന്റെ മുത്തശ്ശന്‍ പാദരക്ഷാ നിര്‍മാണ വ്യാപാര രംഗത്ത് സജീവമായിരുന്നു. ‘റീഗല്‍ ഷൂസ്’ എന്ന പേരിലാണ് അദ്ദേഹം സ്ഥാപനം നടത്തിയിരുന്നത്. മുത്തശ്ശന്റെ പാത പിന്തുടര്‍ന്നുകൊണ്ട് പാദരക്ഷാ നിര്‍മാണ വിതരണ രംഗത്ത് സജീവമാകുന്നതിനെ പറ്റി അല്‍മാസ് ചിന്തിച്ചു. എന്നാല്‍ ഏറെ എടുത്തു പറയുന്നതിനായി നാലരപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടെങ്കിലും ‘റീഗല്‍ ഷൂസ്’ എന്ന സ്ഥാപനം നിര്‍മിച്ചിരുന്നതത്രയും ഒരേ മോഡല്‍ ഷൂസുകളും സ്ലിപ്പറുകളുമായിരുന്നു. ബിസിനസിലേക്കിറങ്ങുന്നു എങ്കില്‍ ഇത് കൊണ്ട് കാര്യമില്ല എന്ന് മനസിലാക്കിയ അല്‍മാസ് സഹോദന്‍ അമിനുമായി സംസാരിച്ചു. ബിസിനസ് തുടങ്ങുന്ന കാര്യത്തില്‍ അമിനും പൂര്‍ണ സമ്മതം.

സ്ത്രീകള്‍ക്കായി മാത്രമുള്ള പാദരക്ഷാ ബ്രാന്‍ഡ്

പാദരക്ഷാ ബ്രാന്‍ഡുകള്‍ നിരവധി വിപണിയില്‍ സജീവമായിരിക്കുന്ന കാലഘട്ടത്തിലാണ് അല്‍മാസും അമിനും ഈ രംഗത്തേക്ക് കടന്നു വരുന്നത്. അതിനാല്‍ വ്യത്യസ്തതക്കാണ് ഇരുവരും പ്രാധാന്യം നല്‍കിയത്. പാദരക്ഷകളുടെ കൂട്ടത്തില്‍ കിട്ടാന്‍ ബുദ്ധിമുട്ട് സ്ത്രീകളുടേതാണ്. കാരണം ഓരോ സ്ത്രീകളുടെയും പദത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. പുതിയ പുതിയ മോഡലുകളോട് പ്രിയം തോന്നുന്നതും സ്ത്രീകള്‍ക്ക് തന്നെ. ആ നിലക്ക് സ്ത്രീകള്‍ക്കായുള്ള ഒരു എക്‌സ്‌ക്ലൂസീവ് ഷോറൂം എന്ന നിലക്ക് സ്ഥാപനം ആരംഭിക്കാം എന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു.

‘ഒരു പെണ്‍കുട്ടിക്ക് അവളുടെ കാലുകള്‍ക്കിണങ്ങുന്ന , ശരിയായ സൈസിലുളള ഒരു ചെരുപ്പ് നല്‍കൂ, അവള്‍ ഈ ലോകം തന്നെ കീഴടക്കി കാണിച്ചു തരും’ എന്ന മെര്‍ലിന്‍ മണ്‍റോയുടെ വാക്കുകളാണ് അല്‍മാസിന് പ്രചോദനമായത്. ശരിയായ സൈസിലുള്ള, വ്യത്യസ്തത നിഴലിക്കുന്ന, ഭംഗിയുള്ള , ഹീല്‍സുള്ള പാദരക്ഷകള്‍ ഒരു പെണ്‍കുട്ടിയുടെ ആത്വിശ്വസം വര്‍ധിപ്പിക്കുമെന്ന് ആ വാക്കുകളില്‍ നിന്നും തന്റെ ജീവിതത്തില്‍ നിന്നും അല്‍മാസ് മനസിലാക്കി. അങ്ങനെയാണ് സഹോദരനുമായി ചേര്‍ന്ന് Inc.5 എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.

Inc.5 , കേവലമൊരു ബ്രാന്‍ഡല്ല

1998 ല്‍ Inc.5 എന്ന സ്ഥാപനത്തിന് അല്‍മാസും അമിനും ചേര്‍ന്ന് തുടക്കം കുറിക്കുമ്പോള്‍ അത് ഇന്ത്യന്‍ നിര്‍മിത പാദരക്ഷകളുടെ ചരിത്രത്തിലെ തന്നെ ഒരു മികച്ച മുഹൂര്‍ത്തമായി മാറുകയായിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹത്തിനും ഫാഷനും യോജിച്ച രീതിയില്‍ ആത്മവിശ്വാസത്തോടെ ധരിച്ചു നടക്കാന്‍ കഴിയുന്ന പാദരക്ഷകള്‍ അവരുടെ ശരിയായ അളവില്‍ വില്‍ക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ സ്ഥാപനത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ലക്ഷ്യത്തിന് മാത്രം മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ അത് Inc.5 നെ സംബന്ധിച്ചിടത്തോളം മികച്ച യുഎസ്പിയായി മാറി.

മുംബൈ നഗരത്തിലെ ഹീരാ പന്ന ഷോപ്പിംഗ് സെന്ററിലായിരുന്നു Inc.5 ന്റെ ആദ്യത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് വ്യാപകമല്ല. ടിവി പരസ്യങ്ങള്‍ക്കായുള്ള പണവും കൈവശമില്ല. ഒന്നരലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. അതിനാല്‍ തുടക്കത്തില്‍ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി മാത്രമായിരുന്നു പ്രധാന പരസ്യമാര്‍ഗം. എന്നാല്‍ ഒരിക്കല്‍ Inc.5 പാദരക്ഷകള്‍ ഉപയോഗിച്ച ഒരു വ്യക്തി പിന്നീട് തന്റെ സുഹൃത്തുക്കള്‍ക്കും മറ്റും ഈ ബ്രാന്‍ഡ് നിര്‍ദേശിക്കാന്‍ തുടങ്ങിയതോടെ അല്‍മാസും അമിനും സ്വപ്നം കണ്ട വിജയത്തിലേക്ക് അവര്‍ മെല്ലെ അടുത്തു തുടങ്ങി.

”100 ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള ഒരു ചെറിയ ഷോറൂമിലായിരുന്നു ഞങ്ങളുടെ തുടക്കം. ഷോറൂമിന്റെ വലുപ്പത്തിലല്ല, വിതരണം ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ ഗുണമേന്മക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കിയത്. ഒരു ഉപഭോക്താവ് പോലും അതൃപ്തമായി മടങ്ങരുതെന്ന വാശി ഞങ്ങള്‍ക്കുണ്ടായിരുന്നു. ഓരോ ചെറിയ സൈസ് വ്യത്യാസത്തിലും ഞങ്ങള്‍ പാദരക്ഷകള്‍ നിര്‍മിച്ചു. മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസൃതമായ പാദരക്ഷകള്‍ ഏറ്റവും ആദ്യം വിപണിയില്‍ എത്തിക്കുന്നത് Inc.5 ആണെന്ന വിശ്വാസം ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചെടുക്കാന്‍ കൂടി കഴിഞ്ഞതോടെ ബ്രാന്‍ഡ് വളര്‍ന്നു. പിന്നീട് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കും മാര്‍ക്കറ്റിംഗിനുമായി വലിയൊരു തുക വിനിയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്ക് വന്നില്ല. വ്യത്യസ്തമായ ഡിസൈനുകള്‍ കൊണ്ട് വരുന്നതിനായി ഞങ്ങള്‍ ധാരാളം യാത്രകള്‍ നടത്തി. ഓരോ യാത്രക്കും ഫലമുണ്ടായിരുന്നെന്ന് മനസിലായത് പിന്നീട് ഞങ്ങളുടെ സെയില്‍സ് റിപ്പോര്‍ട്ട് കണ്ടപ്പോഴാണ്.” Inc.5 മാനേജിംഗ് ഡയറക്റ്റര്‍ അമിന്‍ വിര്‍ജി പറയുന്നു.

വിപണി കണ്ടെത്തുക, നിലനിര്‍ത്തുക

വിപണി കണ്ടെത്തുക എന്നത് പോലെ തന്നെ ശ്രമകരമായ കാര്യമാണ് വിപണി നിലനിര്‍ത്തുക എന്നതും. ഇതിനായി രാപ്പകലില്ലാതെ അല്‍മാസും അമിനും പ്രയത്‌നിച്ചു. ഇതിന്റെ ഭാഗമായി ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പതിനഞ്ചോളം ഷോറൂമുകള്‍ നിലവില്‍ വന്നു. പുതിയ ഷോറൂമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മികച്ച നേതൃപാഠവം കാണിക്കാന്‍ ഈ സഹോദരങ്ങള്‍ക്കായി. നിലവില്‍ മൂന്നൂറു സെയില്‍സ് ഔട്ട് ലെറ്റുകളും 54 എക്‌സ്‌ക്‌ളൂസീവ് ഷോറൂമുകളും Inc.5 ന് ഉണ്ട്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും സ്ഥാപനം ഒരേ പോലെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, കാണ്‍പൂര്‍, ലക്‌നൗ, പൂനെ തുടങ്ങിയ ടയര്‍ 1 , ടയര്‍ 2 ഇന്ത്യന്‍ നഗരങ്ങളിലെല്ലാം തന്നെ Inc.5 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 163 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഇപ്പോള്‍ സ്ഥാപനത്തിനുള്ളത്.

ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്റ്റോറുകളിലേക്ക് കച്ചവടം മാറിയപ്പോഴും തന്റേതായ ഇടം കണ്ടെത്താന്‍ Inc.5 ന് സാധിച്ചു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മിന്ത്ര, ജബോങ് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായി Inc.5 മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 95 ശതമാനവും നടക്കുന്നത് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയാണ്. Inc.5 പ്രവര്‍ത്തന പുരോഗതി കൈവരിച്ചതോടെ 2001 മുത്തശ്ശന്‍ തുടങ്ങിയ റീഗല്‍ ഷൂസ് എന്ന സ്ഥാപനവും Inc.5 വും ഒന്ന് ചേരുകയും Inc.5 പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രൂപം നല്‍കുകയും ചെയ്തു.

മാത്രമല്ല, വിദേശ ബ്രാന്‍ഡുകളായ സ്‌കെച്‌ഴ്‌സ്, ക്രോക്‌സ്, ക്‌ളാര്‍ക്ക്‌സ് എന്നിവയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ വിപണിയിലും Inc.5 തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നിലവില്‍ സ്ഥാപനം ശ്രീലങ്കയിലേക്ക് പാദരക്ഷകള്‍ കയറ്റി അയക്കുന്നുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി വരും വര്‍ഷങ്ങളില്‍ ശ്രീലങ്കയില്‍ പുതിയ ഷോറൂമുകള്‍ തുടങ്ങാനും ഇന്റര്‍നാഷണല്‍ വിപണിയില്‍ സജീവമാകാനുമുള്ള ഒരുക്കത്തിലാണ് Inc.5 .പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്ന പക്ഷം അത് ഇന്ത്യക്ക് അഭിമാനിക്കാനുള്ള നിമിഷമായി മാറും. ഡല്‍ഹി, ആഗ്ര, കാണ്‍പൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് നിലവില്‍ Inc.5 ന് ഫാക്റ്ററികളുള്ളത്. വാങ്ങുന്ന പണത്തിനു തുല്യമായ ഈടുള്ള ഉല്‍പ്പന്നം നല്‍കുക എന്നതാണ് Inc.5 മുറുകെ പിടിക്കുന്ന തത്വം. അതിനാല്‍ തന്നെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് പാദരക്ഷകളുടെ നിര്‍മാണത്തിനായി തെരഞ്ഞെടുക്കുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പാദരക്ഷകളുടെ ഗുണമേന്മ പരിശോധിക്കപ്പെടുന്നു. ആളുകള്‍ക്ക് നേരില്‍ കണ്ട് ഇട്ടു നോക്കിയാ ശേഷം മാത്രം വാങ്ങാന്‍ താത്പര്യമുളള ഒന്നാണ് പാദരക്ഷകള്‍ എന്നതിനാല്‍ ഓണ്‍ലൈന്‍ വില്‍പനയില്‍ കമ്പനി കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നു അല്‍മാസ് പറയുന്നു. ലഭിക്കുന്ന ഓര്‍ഡറുകള്‍ അത്രയും സന്തോഷം എന്ന് മാത്രം.

എങ്ങനെ 20 വര്‍ഷങ്ങള്‍ കൊണ്ട് 163 രൂപ വിറ്റു വരവുള്ള സ്ഥാപനം സൃഷ്ടിച്ചു എന്ന് ചോദിച്ചാല്‍ അല്‍മാസിനും അമിനും ഉത്തരം ഒന്നേയുള്ളൂ, ഉപഭോക്താക്കളെ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങുന്നതിനായി പരസ്യങ്ങളിലൂടെയും മാര്‍ക്കറ്റിംഗിലൂടെയും നിര്‍ബന്ധിക്കുന്നതിലല്ല, മറിച്ച് ഉല്‍പ്പന്നം വാങ്ങുന്നതിനായായി ആകര്‍ഷിക്കുന്നതിലാണ് ബ്രാന്‍ഡിംഗ് വിജയം. ഈ സംരംഭകര്‍ തങ്ങളുടെ Inc.5 ന്റെ വിജയത്തിലൂടെ ഈ തത്വം അന്വര്‍ത്ഥമാക്കുന്നു.

Categories: FK Special, Slider