സ്‌ഫോടനങ്ങളില്‍ വിറച്ച് ശ്രീലങ്ക

സ്‌ഫോടനങ്ങളില്‍ വിറച്ച് ശ്രീലങ്ക

ഭീകരാക്രമണത്തില്‍ മരണം 187; മരണസംഖ്യ ഉയരാന്‍ സാധ്യത

കൊളംബോ: ക്രിസ്ത്യന്‍ പള്ളികളിലും വിനോദ സഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകളിലുമായി നടന്ന എട്ട് മാരക ബോംബ് സ്‌ഫോടനങ്ങളില്‍ ഞെട്ടിവിറച്ച് ശ്രീലങ്ക. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 187 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാസര്‍ഗോഡ് സ്വദേശിനിയായ പിഎസ് റസീനയും (58) ഇതില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഇവര്‍ ശംഗ്രി ല ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മരിച്ചവരില്‍ നാല്‍പ്പതോളം പേര്‍ വിദേശികളാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കെ രാവിലെ 8.45 ഓടെയാണ് സ്‌ഫോടനങ്ങള്‍ ദ്വീപ് രാഷ്ട്രത്തെ നടുക്കിയത്. 2009 ല്‍ എല്‍ടിടിഇയുമായുള്ള യുദ്ധം അവസാനിച്ച ശേഷം ഇത്രയും വ്യാപകമായ ആക്രമണം ഉണ്ടാവുന്നത് ആദ്യമാണ്.

കൊച്ചിക്കടെ, ബട്ടിക്കലോവ, നെഗോംബോ എന്നിവിടങ്ങളിലെ പള്ളികളിലും തലസ്ഥാനമായ കൊളംബോയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളായ ശാംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി എന്നിവയിലുമാണ് പ്രധാന സ്‌ഫോടനങ്ങളുണ്ടായത്. ദേഹിവാലയിലെ മൃഗശാലക്ക് മുന്നിലും ദേമാതഗോഡയിലെ ഹൗസിംഗ് കോംപ്ലക്‌സിലും ബോംബുകള്‍ പൊട്ടി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏഴുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഭീകരാക്രമണത്തെ നേരിടാന്‍ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. കാടത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലയില്‍ ഇടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

ആഭ്യന്തര സംഘര്‍ഷത്തിന് ശേഷം സമാധാനത്തിലേക്കെത്തി, ടൂറിസം മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ശ്രീലങ്കക്ക് കനത്ത തിരിച്ചടിയാണ് ഭീകരാക്രമണം. വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്. 2.3 ദശലക്ഷം വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം ലങ്കയിലേക്കെത്തുന്നത്. കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷം കോണ്‍ഫറന്‍സുകള്‍ക്കും ബിസിനസ് സമ്മേളനങ്ങള്‍ക്കും മറ്റുമുള്ള പ്രിയപ്പെട്ട വേദിയായി ശ്രീലങ്ക മാറിയിരുന്നു.

Categories: FK News, Slider