ഋഷഭ-ഋക്ഷ യുദ്ധങ്ങളും അവയിലെ മൃഗതൃഷ്ണയും

ഋഷഭ-ഋക്ഷ യുദ്ധങ്ങളും അവയിലെ മൃഗതൃഷ്ണയും

മലയാളികള്‍, ഒരു കുട്ടി ജനിച്ചാല്‍ ഇരുപത്തെട്ടാം ദിവസം ചരട് കെട്ടുക തുടങ്ങിയ ചടങ്ങുകള്‍ ചെയ്യുന്നു. എന്നാല്‍ ഗുജറാത്തി അപ്പോഴേക്കും കുഞ്ഞിന് പാന്‍ കാര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ടാവും. പൊതുവില്‍ മലയാളിക്ക് ഓഹരി വ്യാപാരം അത്ര സുഖിക്കുന്ന ഏര്‍പ്പാടല്ല. അതുകൊണ്ട് തന്നെ സെന്‍സെക്‌സ് ഇടിഞ്ഞുവീണു എന്ന് ടിവി വാര്‍ത്തയില്‍ കേട്ടാല്‍ ‘എത്ര പേര്‍ അടിയില്‍ പെട്ട് മരിച്ചു?’ എന്ന് തമാശരൂപേണ ചോദിക്കാനേ മലയാളിക്കറിയൂ. ഓഹരി വിപണിയിലെ കാളയും കരടിയും തമ്മില്‍ നടക്കുന്ന പോരിനിടെ വാസ്തവത്തില്‍ നാം അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് വിശദമാക്കുന്ന ലേഖനം

മല്ലനും മാതേവനും ഉറ്റ ചങ്ങാതികളായിരുന്നു. ഒരിക്കല്‍ രണ്ടുപേരും കാട്ടിലൂടെ പോകുമ്പോള്‍ ഒരു കരടി വന്നു. മല്ലന് മരം കയറാന്‍ അറിയാം. മാതേവന് അറിയില്ല. മല്ലന്‍ മാതേവനെ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി ഒരു മരത്തില്‍ കയറി. മരം കയറാന്‍ അറിയാത്ത മാതേവന് എന്ത് ചെയ്യേണ്ടു എന്നറിയാതെയായി. കരടി ചത്ത മൃഗങ്ങളെ തിന്നില്ല എന്ന് പണ്ടെങ്ങോ കേട്ടത് മാതേവന്‍ പെട്ടെന്ന് ഓര്‍ത്തു. കരടി അടുത്തെത്തുന്നതിന് മുന്‍പ് അയാള്‍ നിലത്ത് ശ്വാസമടക്കിപ്പിടിച്ച് മരിച്ചത് പോലെ കിടന്നു. മാതേവന്റെ അടുത്തെത്തിയ കരടി ചുറ്റും നടന്ന് അവനെ മണത്തുനോക്കി. ശ്വാസം അടക്കിപ്പിടിച്ച് കിടന്ന മാതേവന്‍ മരിച്ചു കിടക്കുകയാണെന്ന് കരുതി കരടി സ്ഥലം വിട്ടു. കരടി ദൂരെ എത്തിയെന്ന് ഉറപ്പായ മല്ലന്‍ മരത്തില്‍ നിന്ന് നിലത്തിറങ്ങി മാതേവന്റെ അടുത്തെത്തി. അവനെ തട്ടിയുണര്‍ത്തിക്കൊണ്ട് മല്ലന്‍ ചോദിച്ചു, ‘കരടി എന്താ നിന്റെ ചെവിയില്‍ പറഞ്ഞത്?’ മാതേവന്‍ മറുപടി പറഞ്ഞു, ‘ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല.’

– പണ്ട് ചെറിയ ക്ളാസ്സിലെ മലയാള പാഠപുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു കഥയില്‍ നിന്ന്.

കാള ശത്രുക്കളെ ആക്രമിക്കുന്നത് കൊമ്പുകള്‍ കൊണ്ട് കുത്തി പൊക്കിയെടുത്താണ്. ഒരു വിജയ ലഹരി ഉയര്‍ന്ന് പൊങ്ങിയ ആ കൊമ്പുകളുടെ ശരീരഭാഷ വിളിച്ചറിയിക്കും. കരടികള്‍ ആണെങ്കില്‍ ശത്രുവിനെ നിലത്തോട് താഴ്ത്തിയാണ് കടിച്ച് കീറുന്നത്. ഇതില്‍ നിന്നാണത്രെ ഓഹരി വിപണിയിലെ മുന്നേറ്റത്തെ കാളപ്പോരായും ഇടിയലിനെ കരടി കളിയായും വിശേഷിപ്പിക്കുന്നത്. ഈ കഥയ്ക്ക് എത്രമാത്രം ആധികാരികത ഉണ്ടെന്ന് വ്യക്തമല്ല. ‘sell the bear’s skin before one has caught the bear’ എന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. കരടിയുടെ തുകല്‍ വില്‍ക്കുന്നയാള്‍ പിന്നീടൊരു ദിവസം തുകല്‍ തരാമെന്ന് പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്ന ഒരു അവധി വ്യാപാരം അന്നുണ്ടായിരുന്നു. അതില്‍ നിന്നാണ് ‘കരടിയെ പിടിക്കുന്നതിന് മുന്‍പ് അതിന്റെ തുകല്‍ വില്‍ക്കുന്ന’ സ്വഭാവം എന്ന രീതിയില്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന നമ്മുടെ പഴഞ്ചൊല്ലിന് സമാനമായ പ്രയോഗം ഇംഗ്ലീഷില്‍ വന്നത്. ഓഹരി വിപണിയിലെ വ്യാപാരം ഇതുപോലെ തകര്‍ന്നടിയുന്ന ദിവാസ്വപ്നം ആണെന്ന വ്യംഗ്യ പ്രയോഗത്തിന്റെ അവാന്തരമാണ് ഓഹരിച്ചന്തയില്‍ വില കുറയുമ്പോള്‍ അതിനെ ‘കരടി കളി’ എന്ന് വിശേഷിപ്പിക്കുന്നത്. ‘ഓരോ പ്രച്ഛന്ന വേഷധാരിക്കും ഓരോ കപടസുഹൃത്തിനും പതിയിരുന്ന് ചതിക്കുന്ന ഓരോരുത്തനും ഓരോ കരടിത്തുകല്‍ വില്‍പ്പനക്കാരനും പിളര്‍ന്ന കാല്‍പ്പാദങ്ങള്‍ ആയിരിക്കും’ എന്ന് ‘റോബിന്‍സണ്‍ ക്രൂസോ’യുടെ സൃഷ്ടാവ് ഡാനിയേല്‍ ഡിഫോ 1726 ല്‍ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. കരടിയുടെ കാല്‍പ്പാദങ്ങള്‍ വിരിഞ്ഞ് പിളര്‍ന്നതാണ്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിപണി, ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ ദല്ലാളുമാര്‍ ബുള്ളറ്റിന്‍ ബോര്‍ഡുകളില്‍ തങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന ഓഹരികള്‍ എഴുതി നിറയ്ക്കുന്നു. ബുള്ളറ്റിന്‍ എന്നതിന്റെ ചുരുക്കെഴുത്ത് ബുള്‍. എന്നാല്‍ വിപണി അനക്കമില്ലാതിരിക്കുമ്പോള്‍ ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ കാലിയാവുന്നു (bear nothing). അതില്‍ നിന്ന് ‘bear’ ഉം അതിന്റെ അനിമേറ്റഡ് രൂപമായ കരടിയും വന്നു. bull വിപണിയും bear വിപണിയും വന്നത് ഇപ്രകാരമാണ് എന്നൊരു പാഠഭേദവുമുണ്ട്. കാള ഉയര്‍ന്ന് കളിക്കുമ്പോള്‍ വിപണി നിലവാരം മുകളിലേക്ക് പോകുന്നു. വിപണി താഴോട്ട് വന്നാല്‍ അത് കരടി വലിച്ച് താഴ്ത്തുന്നതാണ്.

കമ്പനിയുടെ ഓഹരികള്‍ ആദ്യം വില്‍ക്കുന്നത് അതേ കമ്പനി തന്നെയാണ്; പ്രാഥമിക ഓഹരി വില്‍പ്പന. ഇത് ഓഹരികളുടെ മുഖവിലയ്ക്കോ (face value), അധികമൂല്യത്തിനോ (പ്രീമിയം) ആവാം. കമ്പനിയില്‍ പത്ത് രൂപയുടെ ഉടമസ്ഥാവകാശം വാങ്ങുന്നയാള്‍ അത് നൂറ് രൂപയ്ക്കാണ് വാങ്ങുന്നതെങ്കില്‍ അതില്‍ തൊണ്ണൂറ് രൂപ പ്രീമിയം ആണ്. എന്തിനാണ് പത്ത് രൂപയുടെ സാധനം നൂറ് രൂപയ്ക്ക് വാങ്ങുന്നത്? നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആത്യന്തിക ആസ്തി തുകയെ (എല്ലാ ആസ്തികളുടെയും ആകെ തുകയില്‍ നിന്ന് കടങ്ങള്‍ എല്ലാം കുറച്ച്, ഉടമസ്ഥരുടെ മാത്രം സ്വത്ത്) അതിന്റെ ഓഹരികളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുക അതിന്റെ ഓഹരി മുഖവിലയേക്കാള്‍ അധികമായിരിക്കും. കാരണം ഓരോ വര്‍ഷത്തെയും ലാഭം മുഴുവനായും ഓഹരിയുടമകള്‍ക്ക് വീതിച്ച് കൊടുക്കാതെ, അതില്‍ നിന്ന് ഒരു ഭാഗം കരുതല്‍ ധനമായി കമ്പനിയില്‍ നിലനിര്‍ത്തുന്നുണ്ട്. അതുപോലെ, ഭൂമി തുടങ്ങിയ സ്ഥിരാസ്തികള്‍ കാലമേറും തോറും മൂല്യം വര്‍ധിക്കുന്നവയാണ്. അത് പ്രത്യേക കരുതല്‍ ധനമായി മാറ്റി വെക്കപ്പെടുന്നു. ഇതെല്ലാം ഓഹരികളുടെ മൂല്യത്തെ അതിന്റെ മുഖവിലയേക്കാള്‍ കൂടുതല്‍ ആക്കുന്നു. അതാണ് ഓഹരിയുടെ ബുക്ക് വാല്യു.

ഇന്ന് കമ്പനിയില്‍ നിക്ഷേപിക്കുന്ന തുക എത്രമാത്രം ലാഭവിഹിതം ഓരോ വര്‍ഷവും തരാന്‍ സാധ്യതയുണ്ട് എന്നതും പ്രീമിയം എത്രയെന്ന് തീരുമാനിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. കമ്പനിയുടെ ഓഹരിയുടെ വിപണി വിലയെ, കമ്പനിയുടെ ലാഭത്തെ ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന തുക (ഏണിംഗ് പെര്‍ ഷെയര്‍ (EPS) ഓരോ ഓഹരിയ്ക്കുംഅനുപാതമായ ലാഭം) കൊണ്ട് ഹരിക്കുമ്പോള്‍ വില/വരുമാന അനുപാതം (price / earning ratio) അറിയാനാവുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ വില/വരുമാന അനുപാതം വിശകലനം ചെയ്ത് ഭാവിയില്‍ അതെത്രയാവാമെന്ന് ഒരു ഏകദേശ രൂപം ഉണ്ടാക്കുന്നു. അതില്‍ അധിഷ്ഠിതമായി പ്രീമിയം ഉയരുന്നു. അതായത്, ഇപ്പോള്‍ പത്ത് രൂപയുടെ ഒരു ലക്ഷം ഓഹരികള്‍ ഉള്ള ഒരു കമ്പനി കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ലാഭം ഉണ്ടാക്കി എന്ന് കരുതുക. ഓരോ ഓഹരിയും നൂറ് രൂപ ലാഭമുണ്ടാക്കുന്നു. ഇപ്പോള്‍ ആ കമ്പനി ഒരു ലക്ഷം ഓഹരികള്‍ കൂടി ഇറക്കുമ്പോള്‍ ഇപിഎസ് അന്‍പത് ആവും. എന്നാലും പത്ത് രൂപ മുതല്‍ മുടക്കില്‍ അന്‍പത് രൂപ ഓരോ വര്‍ഷവും ലാഭം കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ ആ ഓഹരി പത്ത് രൂപയില്‍ കൂടുതല്‍ കൊടുത്ത് വാങ്ങാന്‍ ആളുകള്‍ മടിക്കില്ല. കൂടുതല്‍ നല്‍കുന്ന ആ തുകയാണ് പ്രീമിയം. ഇത്തരം പല അനുപാതങ്ങളെ വിശകലനം ചെയ്താണ് ഓഹരി ഇറക്കുന്നതിന് മുന്‍പ് പ്രീമിയം എത്രയാണെന്ന് കമ്പനി നിശ്ചയിക്കുക. ബുക്ക്-ബില്‍ഡിംഗ് എക്‌സര്‍സൈസ് എന്നാണ് ന്യായ വില കണ്ടെത്താനുള്ള ഈ പ്രക്രിയയ്ക്ക് പറയുന്ന പേര്.

ഓഹരികള്‍ ഇറക്കിയ ശേഷം അത് ഓഹരിയുടമയ്ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേന വിപണനം നടത്താവുന്നതാണ്. ഇതാണ് ദ്വിതീയ വിപണി. അവിടെ വില കണ്ടെത്തുന്നത് വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളിന്റെയും കാഴ്ചപ്പാടുകള്‍ ആണ്. നിലവിലുള്ള വിപണി വിലയില്‍ നിന്ന് വളരെയധികം മാറി ഇടപാടുകള്‍ നടക്കാതിരിക്കുവാന്‍ സര്‍ക്യൂട്ട് ബ്രേക്ക് എന്ന പേരില്‍ കുറഞ്ഞ വിലയും പരമാവധി വിലയും എക്‌സ്‌ചേഞ്ചുകള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. അതിലധികം ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാല്‍ കുറച്ച് നേരത്തേക്ക് ആ ഓഹരിയുടെ കൈമാറ്റം നിര്‍ത്തിവെക്കും. പെട്ടെന്നുള്ള ആധിക്യവും വീഴ്ചയും തടയാനാണിത്. ദ്വിതീയ വിപണിയില്‍ കാഴ്ചപ്പാടുകള്‍ ആണ് പ്രധാനമെങ്കിലും ആ തീരുമാനങ്ങളുടെ പുറകില്‍ പ്രീമിയം തുക കണ്ടെത്തുന്ന അതേ ശാസ്ത്രീയത പ്രവര്‍ത്തിക്കുന്നുണ്ട്. അടിസ്ഥാനപരമായ (fundamental) ഇത്തരം കാര്യങ്ങളാണ് നിക്ഷേപകന്റെ ശ്രദ്ധയാകര്‍ഷിക്കേണ്ടത്. അവയ്ക്ക് പുറമെ, സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍, സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍, വ്യവസായത്തിന്റെ പ്രതീക്ഷകള്‍/പ്രശ്‌നങ്ങള്‍, രാഷ്ട്രത്തിനകത്തും പുറത്തുമുള്ള പൊതുരാഷ്ട്രീയാന്തരീക്ഷം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഒരു കമ്പനിയുടെ ലാഭനഷ്ട സാധ്യതകളെ എങ്ങിനെ ബാധിക്കാം എന്ന ചിന്തകളും ദ്വിതീയ വിപണിയിലെ വിലയെ നിയന്ത്രിക്കുന്നു. എന്നാല്‍ പലപ്പോഴും രണ്ടാമത് പറഞ്ഞത് അടിസ്ഥാനപരമായ ഘടകങ്ങളെ കവച്ച് വെക്കുന്നുണ്ട്. നമ്മുടെ വ്യാപാരസമയം ആരംഭിക്കുന്നതിന് മുന്‍പ് വ്യാപാരം ആരംഭിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ എന്താണ് ഉണ്ടായത്, ആ സമയങ്ങളില്‍ കഴിഞ്ഞ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ഓഹരി വിപണികള്‍ എങ്ങിനെയാണ് പെരുമാറിയത് എന്നതെല്ലാം മുന്‍പിന്‍ നോക്കാതെ നമ്മുടെ ഓഹരി വിപണി സ്വാംശീകരിക്കുന്നു. അതാണ് ഇന്ത്യന്‍ ഓഹരി വിപണി ഫണ്ടമെന്റല്‍ ആയല്ല സെന്റിമെന്റല്‍ ആയാണ് പ്രതികരിക്കുന്നത് എന്ന പൊതു വിമര്‍ശനം ഉയരുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ഓഹരി കണ്‍സള്‍ട്ടന്റ് ഓരോ ഓഹരിയെയും സംബന്ധിക്കുന്ന മറ്റ് നിക്ഷേപകരുടെ ഉപദേശം ‘സെന്റിമീറ്റര്‍’ എന്ന പേരില്‍ ആണ് വെബ്സൈറ്റില്‍ നല്‍കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പരിമിത/ചെറുകിട നിക്ഷേപകന്‍ ഓഹരി വിപണിയില്‍ കളിയറിയാതെ ആട്ടം കാണുകയാണ്. ഓരോ നീക്കത്തിനും ദല്ലാളുമാരും വന്‍കിടക്കാരും കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് നല്‍കുന്ന വിശദീകരണം ‘സന്ദേശം’ സിനിമയില്‍ ശങ്കരാടിയുടെ കഥാപാത്രം തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന ‘പ്രതിക്രിയാ വാതകം’ പോലെ നമ്മുടെ തലയ്ക്ക് മുകളിലൂടെ പോകുകയേ ഉള്ളൂ. വായു ഗര്‍ത്തത്തില്‍ പെട്ട് ദിക്കറിയാതെ പറക്കുന്ന ഒരു വിമാനക്കമ്പനിയുടെ ആത്യന്തിക സ്വത്ത് (Net Worth) ഒരു വര്‍ഷം മുന്‍പ് തന്നെ നെഗറ്റിവ് 7,242 കോടി രൂപയായി (-7,242) ക്രാഷ്ലാന്‍ഡ് ചെയ്തിരുന്നു. അതായത്, സഞ്ചിത നഷ്ടം അതിന്റെ കരുതല്‍ ധനവും മൂലധനവും കവര്‍ന്ന്, അതും പോരാഞ്ഞ് ആസ്തികളിലേക്ക് കടന്നുകയറി അതില്‍ 7,242 കോടി രൂപ കൂടി ദീവാലി കുളിച്ചിരിക്കുന്നു എന്നര്‍ത്ഥം. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ബുക്ക്വാല്യു നെഗറ്റിവ് 628 (-628) രൂപയാണ്. കമ്പനിയുടെ ഓരോ ഓഹരിക്കും കഴിഞ്ഞ വര്‍ഷം 373 രൂപ വീതം നഷ്ടം നേരിട്ടിട്ടുണ്ട്. അടിസ്ഥാന കണക്കുകള്‍ പ്രകാരം സ്വാഭാവികമായും ഓഹരി വില പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഇതിന്റെ ഓഹരികള്‍ ഇപ്പോഴും ഏകദേശം 260 രൂപ വില വിപണിയില്‍ കാണിക്കുന്നുണ്ട്. ഓരോ ഓഹരിയുടെയും ശരിമൂല്യം നെഗറ്റീവ് 637 രൂപ. ഓഹരിയുടമകളുടെ മൊത്തം സ്വത്ത് 7,242 കോടിയുടെ പാപ്പരത്തം ആണെങ്കില്‍ ഓഹരികളുടെ വിപണിമൂല്യം 2,950 കോടി രൂപ! കണ്ണീര്‍ സീരിയലില്‍ മാത്രമല്ല, സെന്റിമെന്റലിസം പണി ചെയ്യുന്നത്!

മലയാളികള്‍, ഒരു കുട്ടി ജനിച്ചാല്‍ ഇരുപത്തെട്ടാം ദിവസം ചരട് കെട്ടുക തുടങ്ങിയ ചടങ്ങുകള്‍ ചെയ്യുന്നു. എന്നാല്‍ ഗുജറാത്തി അപ്പോഴേക്കും കുഞ്ഞിന് പാന്‍ കാര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ടാവും. പൊതുവില്‍ മലയാളിക്ക് ഓഹരി വ്യാപാരം അത്ര സുഖിക്കുന്ന ഏര്‍പ്പാടല്ല. അതുകൊണ്ട് തന്നെ സെന്‍സെക്‌സ് ഇടിഞ്ഞുവീണു എന്ന് ടിവി വാര്‍ത്തയില്‍ കേട്ടാല്‍ ‘എത്ര പേര്‍ അടിയില്‍ പെട്ട് മരിച്ചു?’ എന്ന് തമാശരൂപേണ ചോദിക്കാനേ മലയാളിക്കറിയൂ. സത്യത്തില്‍ സെന്‍സെക്‌സ് ഇടിഞ്ഞുവീഴുമ്പോള്‍ ചിലര്‍ അതിനടിയില്‍ പെട്ട് സത്യത്തില്‍ മരിയ്ക്കാറുണ്ട് എന്നത് നമുക്കറിയില്ല. കര്‍ഷക ആത്മഹത്യ പോലെ തന്നെ വ്യാപകമാണ് ഓഹരി നിക്ഷേപക ആത്മഹത്യയും.

ഇന്ത്യന്‍ ഓഹരി വിപണി മേലോട്ട് പോകുമ്പോള്‍ ഡോളര്‍ വില കുറയുന്നത് കാണാം; അതായത് രൂപ കരുത്താര്‍ജ്ജിക്കുന്നു. രണ്ടും നമ്മള്‍ നമ്മുടെ മേന്മയായാണ് പറയുക. എന്നാല്‍ പറഞ്ഞ് നാക്കെടുത്ത് വായിലിടുന്നതിന് മുന്‍പ് ചിലപ്പോള്‍ രണ്ടും തിത്തൈ! കാരണം ആദ്യം പറഞ്ഞത് തന്നെ; നമ്മള്‍ കഥയറിയാതെയാണ് ആട്ടം കാണുന്നത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ വന്‍ നിക്ഷേപം നടത്തുന്നു. ഡോളര്‍ തന്ന് അവര്‍ രൂപ വാങ്ങുകയാണ് പണ വിപണിയില്‍. അങ്ങനെ രൂപയുടെ മൂല്യം ഉയരുന്നു. ആ പണം ഓഹരിയില്‍ എത്തുന്നു. ഓഹരികള്‍ക്ക് ഡിമാന്‍ഡ് കൂടുമ്പോള്‍ അവയുടെ വില വര്‍ധിക്കുന്നു. വീണ്ടും വൈദേശികര്‍ ഓഹരി വാങ്ങിക്കൊണ്ടേയിരിക്കും. അതിനനുസരിച്ച് വില കൂടുകയും ചെയ്യും. കുറച്ച് കഴിയുമ്പോള്‍ അവര്‍ വാങ്ങല്‍ നിര്‍ത്തി വെറുതെയിരിക്കും. അപ്പോഴാണ് കഥയറിയാത്ത നാടന്‍ കളിക്കാര്‍ രംഗത്ത് വന്ന് വാങ്ങല്‍ തരംഗത്തില്‍ കളിക്കുന്നത്. പിന്നെയും പിന്നെയും വില കയറും. തങ്ങള്‍ വാങ്ങിച്ചതില്‍ നിന്നും ഒരു മര്യാദ വിലവര്‍ധന വരെ കാത്തിരുന്ന വൈദേശികന്‍ ഒറ്റയടിക്ക് എല്ലാം വിറ്റ് ലാഭമെടുക്കുന്നു, ഡോളര്‍ കടത്തുന്നു. വന്‍ വില്‍പ്പന സമ്മര്‍ദ്ദം ഓഹരികളുടെ വിലയിടിക്കുന്നു. സെന്‍സെക്‌സ് ഇടിയുന്നു, ഡോളര്‍ വില കൂടുന്നു. വലിയ നിക്ഷേപം കൂടിയ വിലയ്ക്ക് നടത്തിയ നാടന്‍ സായിപ്പ് ദലാല്‍ സ്ട്രീറ്റില്‍ നിന്ന് സാന്താക്രൂസില്‍ പോയി വിമാനത്തിന് തലവെച്ച് ആത്മഹത്യ ചെയ്യുന്നു. വലിച്ച് താഴെയിട്ട കരടി അവന്റെ ചെവിയില്‍ പറയുന്നു: ‘ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല.’

ഋഷഭ (കാള) – ഋക്ഷ (കരടി) യുദ്ധങ്ങളുടെ കഥ ആദ്യമായി മലയാള നോവലില്‍ അവതരിപ്പിച്ചത് എഴുത്തുകാരനായ കെ എല്‍ മോഹന വര്‍മ്മയാണ്; ‘ഓഹരി’ എന്ന നോവലിലൂടെ. നോവല്‍ പുറത്തിറങ്ങി വളരെ നാളുകള്‍ക്ക് ശേഷം അദ്ദേഹം ‘മംഗള’ത്തില്‍ നോവലിന്റെ പിറവിയെ കുറിച്ച് ഇങ്ങനെ എഴുതി: ‘…ആ കാലത്ത് ഞാന്‍ എറണാകുളത്ത് പനമ്പിള്ളി നഗറിലൂടെ വൈകിട്ട് നടക്കാന്‍ പോകാറുണ്ടായിരുന്നു. ആ യാത്രകളില്‍ അടുത്തുള്ള ഒരു വീട്ടില്‍ വരാന്തയിലിരുന്ന് പുറത്തേക്ക് നോക്കി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാളെ സ്ഥിരമായി കാണും. പിന്നെ അയാളുമായി പരിചയമായി. അയാള്‍ ഒരു കമ്പനിയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു. പണ്ട് അയാള്‍ ഒരു ഫുട്ബോള്‍ കളിക്കാരനുമായിരുന്നു. പിന്നെ സിഐടിയുവിന്റെ യൂണിയന്‍ പ്രവര്‍ത്തനവുമുണ്ടായിരുന്നു. അയാള്‍ക്ക് ഒരു തറവാടി പാരമ്പര്യമാണുണ്ടായിരുന്നത്. അയാള്‍ ഒരു സ്റ്റോക്ക് ബ്രോക്കര്‍ കൂടി ആയിരുന്നുവെന്നതാണ് എറെ കൗതുകകരം. ഞാനന്ന് സ്റ്റോക്ക് എക്സ്‌ചേഞ്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നു മാത്രം. അത് ബി.കോം പഠിച്ചുണ്ടായ അറിവ് മാത്രമായിരുന്നു. അയാളുമായി സംസാരിക്കുന്നതു തന്നെ ഒരു രസമായിരുന്നു. അയാളുടെ മുഖത്ത് ദുഃഖമായിരുന്നു എന്നും വിരിഞ്ഞിരുന്ന വികാരം. കാരണം, അന്ന് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ രാവിലെ ചെയ്ത ട്രേഡിംഗ് അല്ലെങ്കില്‍ ചെയ്യേണ്ടിയിരുന്ന ട്രേഡിംഗ് എന്നിവയെ കുറിച്ചാകും അയാള്‍ ആലോചിച്ചുകൊണ്ടിരുന്നത്. ഈ ട്രേഡിംഗുകള്‍ വൈകിട്ടാകുമ്പോഴേക്കും ലാഭത്തിലോ നഷ്ടത്തിലോ ആയിട്ടുണ്ടാകും. ലാഭമാണെങ്കില്‍ എന്തുകൊണ്ട് കൂടുതല്‍ കളിച്ചില്ല, നഷ്ടമാണെങ്കില്‍ എന്തുകൊണ്ട് നഷ്ടം കുറച്ചില്ല എന്നതിനെക്കുറിച്ചായിരുന്നു എന്നും അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നതെന്ന് പിന്നെ എനിക്ക് മനസിലായി. ഈ കാര്യങ്ങളെ കുറിച്ചെല്ലാം അയാള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങളുമുണ്ടായിരുന്നു. കസേരയുടെ അടിയില്‍ വച്ചിരുന്ന റം ബോട്ടില്‍ മാത്രമായിരുന്നു ഈ ദുഃഖത്തില്‍ നിന്ന് അയാള്‍ക്ക് വിരാമം കൊടുത്തിരുന്നത്…’

കാളയേയും കരടിയേയും നിഴല്‍ നാടകം കളിപ്പിക്കുന്നത് യവനികയ്ക്കപ്പുറം മറ്റാരോ ആണ്. അവര്‍ പാവം മൃഗങ്ങള്‍. അതുകൊണ്ടാവണം ‘ഓഹരി’ എന്ന നോവല്‍ ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ അതിന് ‘മൃഗതൃഷ്ണ’ എന്നായിരുന്നു പേരിട്ടത്. ‘തൃഷ്ണ കൊണ്ടേഭ്രമിക്കുന്നിതൊക്കെയും…’ എന്ന് പാടിയത് പൂന്താനത്തിന്റെ ഭക്തിയാണ്; മേല്‍പ്പത്തൂരിന്റെ വിഭക്തിയല്ല. വിഭക്തി, വ്യാകരണത്തില്‍ ഫണ്ടമെന്റല്‍ ആയ കാര്യമാണ്. എന്നാല്‍ അസ്പഷ്ടം ദൃഷ്ടമാത്രേ. സെന്റിമെന്റലിസം അങ്ങിനെയല്ല. പെട്ടെന്ന് ഇടിഞ്ഞ് വീണ് കണ്ണീര്‍ വാര്‍ക്കും.

Categories: FK Special, Slider