റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍

റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍

വിന്റേജ് മോട്ടോഴ്‌സ് എന്ന വിതരണ പങ്കാളിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍ പ്രവേശിച്ചു. വിന്റേജ് മോട്ടോഴ്‌സ് എന്ന വിതരണ പങ്കാളിയുമായി സഹകരിച്ചാണ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തലസ്ഥാന നഗരമായ സോളില്‍ ആദ്യ സ്റ്റോര്‍ തുറന്നു. ആഫ്റ്റര്‍സെയില്‍സ്, സ്‌പെയര്‍ പാര്‍ട്ടുകള്‍, സര്‍വീസ് എന്നീ സേവനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും.

ബുള്ളറ്റ് 500, ക്ലാസിക് 500, ഹിമാലയന്‍ എന്നീ മൂന്ന് മോഡലുകളുമായാണ് റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയന്‍ വിപണിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യയില്‍ യഥാക്രമം 3.35 ലക്ഷം രൂപ, 3.63 ലക്ഷം രൂപ, 3.02 ലക്ഷം രൂപ വില വരുന്ന വിധമാണ് ദക്ഷിണ കൊറിയന്‍ വിപണിയില്‍ മൂന്ന് മോഡലുകളുടെയും വില നിശ്ചയിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ റൈഡിംഗ് ചമയങ്ങളും ഉപകരണങ്ങളും വസ്ത്രങ്ങളും ആക്‌സസറികളും വില്‍ക്കും.

അന്താരാഷ്ട്ര വിപണികളില്‍, പ്രത്യേകിച്ച് ഏഷ്യ പസിഫിക് മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഏഷ്യ പസിഫിക് മേഖല ബിസിനസ് മേധാവി വിമല്‍ സുംബ്ലി പറഞ്ഞു. ഏഷ്യ പസിഫിക് മേഖലയില്‍ വര്‍ഷം തോറും 20 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നതായി അദ്ദേഹം വ്യക്തമാക്കി. റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ചാ വഴിയില്‍ കൊറിയന്‍ വിപണിക്ക് പ്രധാന സ്ഥാനമുണ്ടെന്ന് വിമല്‍ സുംബ്ലി പറഞ്ഞു.

നിലവില്‍ അമ്പത് അന്താരാഷ്ട്ര വിപണികളിലാണ് റോയല്‍ എന്‍ഫീല്‍ഡ് സാന്നിധ്യമറിയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അതിവേഗം വളരുന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍പ്പോലും മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ (250 സിസി-750 സിസി) അതികായന്‍ കൂടിയാണ് റോയല്‍ എന്‍ഫീല്‍ഡ്.

Comments

comments

Categories: Auto