പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ അവതരിച്ചു

പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ അവതരിച്ചു

ആകെ 1,948 യൂണിറ്റ് 911 സ്പീഡ്സ്റ്റര്‍ മാത്രമായിരിക്കും ആഗോളതലത്തില്‍ നിര്‍മ്മിക്കുന്നത്

ന്യൂയോര്‍ക് : പോര്‍ഷെ 911 ജിടി3 അടിസ്ഥാനമാക്കി നിര്‍മ്മിച്ച 911 സ്പീഡ്സ്റ്റര്‍ ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പോര്‍ഷെ കഴിഞ്ഞ വര്‍ഷം രണ്ട് സ്പീഡ്സ്റ്റര്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2019 പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ അടുത്ത മാസം മുതല്‍ യുഎസ്സില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ആകെ 1,948 യൂണിറ്റ് 911 സ്പീഡ്സ്റ്റര്‍ മാത്രമായിരിക്കും പോര്‍ഷെ ആഗോളതലത്തില്‍ നിര്‍മ്മിക്കുന്നത്.

നിലവിലെ 911 ജിടി3, 911 ജിടി3 ആര്‍എസ് മോഡലുകള്‍ ഉപയോഗിക്കുന്ന 4.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഫഌറ്റ് സിക്‌സ് എന്‍ജിനാണ് 2019 പോര്‍ഷെ 911 സ്പീഡ്സ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 502 ബിഎച്ച്പി കരുത്തും 470 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ നാല് സെക്കന്‍ഡില്‍ താഴെ സമയം മതി. മണിക്കൂറില്‍ 309 കിലോമീറ്ററാണ് പോര്‍ഷെ 911 സ്പീഡ്സ്റ്ററിന്റെ ടോപ് സ്പീഡ്.

കാര്‍ബണ്‍ ഫൈബറിലുള്ള ഫെന്‍ഡറുകള്‍, ബൂട്ട് ലിഡ്, സെറാമിക് കോംപോസിറ്റ് ബ്രേക്കുകള്‍ എന്നിവ നല്‍കിയതോടെ കാറിന്റെ ഭാരം കുറയ്ക്കാന്‍ സാധിച്ചു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സിന് 7 സ്പീഡ് ട്രാന്‍സ്മിഷനേക്കാള്‍ 4 കിലോഗ്രാമും ഡുവല്‍ ക്ലച്ച് വേരിയന്റിനേക്കാള്‍ 18 കിലോഗ്രാമും ഭാരം കുറവാണ്. എസിയില്ലാത്ത പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ആരാധകരെങ്കിലും ആവശ്യമെങ്കില്‍ എസി സ്ഥാപിച്ചുനല്‍കും.

Comments

comments

Categories: Auto