ന്യൂസിലാന്‍ഡ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം

ന്യൂസിലാന്‍ഡ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം

ക്രൈസ്റ്റ്ചര്‍ച്ച്: പ്രകൃതിദത്തമായ സൗന്ദര്യം കൊണ്ടു സമ്പന്നമായ രാജ്യമാണു ന്യൂസിലാന്‍ഡ്. പക്ഷേ, ന്യൂസിലാന്‍ഡിന്റെ പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചു തയാറാക്കിയിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്. ജൈവ വൈവിധ്യ നഷ്ടമെന്ന കൊടും വിപത്തിന്റെ, മലിനീകരിക്കപ്പെട്ട ജലസ്രോതസുകളുടെ ഇരുണ്ട ചിത്രമാണ് റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നത്.

ന്യൂസിലാന്‍ഡില്‍ ഓരോ നാല് വര്‍ഷം കൂടുമ്പോഴും പരിസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാറുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂസിലാന്‍ഡ്, പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണു ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്, ന്യൂസിലാന്‍ഡിലെ അപൂര്‍വ ആവാസ വ്യവസ്ഥയിലെ ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗവും തകര്‍ച്ചയുടെ വക്കിലാണെന്നാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ, 86 ജീവി വര്‍ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

എല്ലാ വര്‍ഷവും ‘ ശുദ്ധമായ ന്യൂസിലാന്‍ഡ് ‘ (Pure New Zealand) എന്ന പരസ്യവാചകം ഉയര്‍ത്തി കൊണ്ടാണു പുതുമയും നവീനത്വവുമുള്ള ഭൂപ്രകൃതിയുള്ള ന്യൂസിലാന്‍ഡ് ദശലക്ഷക്കണക്കിനു വരുന്ന വിനോദസഞ്ചാരികളെ ക്ഷണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരിസ്ഥിതിയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്, ഇതുവരെ നടത്തിവന്നിരുന്ന പ്രചാരണത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പക്ഷികള്‍ക്ക് സുഖമായി കഴിയാന്‍ സാധിച്ചിരുന്ന ഒരു രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. എന്നാല്‍ ഇപ്പോള്‍ 90 ശതമാനം കടല്‍പ്പക്ഷികളും വംശനാശ ഭീഷണി നേരിടുകയാണ്. അതുപോലെ ന്യൂസിലാന്‍ഡില്‍ 75-ാളം മൃഗ, സസ്യ വര്‍ഗങ്ങള്‍ക്കു വംശനാശ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ക്ഷീരവികസന മേഖലയിലെ പെട്ടെന്നുള്ള വളര്‍ച്ച രാജ്യത്തെ ശുദ്ധജല സ്രോതസുകളെ നശിപ്പിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൃഷിയിടത്തിനു സമീപത്തെ 82 ശതമാനം നദീജലങ്ങളിലും രോഗം പരത്തുന്ന വസ്തു ഉള്ളതിനാല്‍ നീന്തലിന് അനുയോജ്യമല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സമീപകാലത്തു ന്യൂസിലാന്‍ഡിന്റെ പരിസ്ഥിതിക്ക് ഏറ്റവും വലിയ കോട്ടമുണ്ടാക്കിയതു ക്ഷീര മേഖലയില്‍നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: FK News
Tags: Newzealand

Related Articles