പുതിയ ജിഎല്‍എസ് അനാവരണം ചെയ്തു

പുതിയ ജിഎല്‍എസ് അനാവരണം ചെയ്തു

കാര്‍ വാഷ് ഫംഗ്ഷന്‍ സവിശേഷതയാണ്. മധ്യ നിരയില്‍ ബെഞ്ച് സീറ്റിന് പകരം രണ്ട് സ്വതന്ത്ര ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു

ന്യൂയോര്‍ക് : 2020 മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എസ് ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. മെഴ്‌സേഡസ് ബെന്‍സിന്റെ ഫഌഗ്ഷിപ്പ് എസ്‌യുവിയാണ് ജിഎല്‍എസ്. കാര്‍ വാഷ് ഫംഗ്ഷന്‍ പുതിയ ജിഎല്‍എസ് എസ്‌യുവിയുടെ സവിശേഷതയാണ്. ഇത്തവണ മധ്യ നിരയില്‍ ബെഞ്ച് സീറ്റിന് പകരം രണ്ട് സ്വതന്ത്ര ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു. 6.2 അടി ഉയരമുള്ളവര്‍ക്കുപോലും മൂന്നാം നിര സീറ്റുകളില്‍ സുഖമായി ഇരിക്കാമെന്ന് മെഴ്‌സേഡസ് ബെന്‍സ് അറിയിച്ചു. ബിഎംഡബ്ല്യു എക്‌സ്7 ആണ് പ്രധാന എതിരാളി. 2020 മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എസ് അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതോടെ എസ്‌യുവിയുടെ വലുപ്പം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അനുപാതങ്ങളില്‍ മാറ്റമില്ല. നീളം 77 മില്ലി മീറ്ററും വീതി 22 മില്ലി മീറ്ററും വീല്‍ബേസ് 60 മില്ലി മീറ്ററും വര്‍ധിച്ചു. പുതിയ ജിഎല്‍എസ് എസ്‌യുവിയുടെ ഇപ്പോഴത്തെ ആകെ നീളം 5,207 എംഎം, വീതി 1,956 എംഎം എന്നിങ്ങനെയാണ്.

ആകെ നാല് സ്‌ക്രീനുകള്‍ ഉള്‍പ്പെടുന്നതാണ് എംബിയുഎക്‌സ് സിസ്റ്റം (മെഴ്‌സേഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ്). ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്കായി 11.6 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചു. എല്ലാം ഡിജിറ്റല്‍ സ്‌ക്രീനുകളാണ്.

പുതിയ പ്ലാറ്റ്‌ഫോം നല്‍കിയതോടെ, പുതിയ 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 6, ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2020 മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എസ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 367 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന വേരിയന്റിലെ വി8, ട്വിന്‍ ടര്‍ബോ എന്‍ജിന്‍ 489 പിഎസ് കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകളുടെയും കൂടെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിരിക്കുന്നു. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, 9 സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വേരിയന്റ് കൂടി പുറത്തിറക്കും.

Comments

comments

Categories: Auto