ജെറ്റിനെ സ്വന്തമാക്കാന്‍ ടാറ്റയും രംഗത്ത്

ജെറ്റിനെ സ്വന്തമാക്കാന്‍ ടാറ്റയും രംഗത്ത്

ഇടപാട് പാപ്പരത്ത കോടതിയിലേക്ക് നീങ്ങിയാല്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് ടാറ്റ വായ്പാദാതാക്കളെ അറിയിച്ചു

മുംബൈ: സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള പദ്ധതി സജീവമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഫണ്ട് കണ്ടെത്തുന്നതിനായി എസ്ബിഐയുടെ നേതൃത്വത്തിലുള്ള ജെറ്റിന്റെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ലേല നടപടികള്‍ പരാജയപ്പെടുകയും കമ്പനി പാപ്പരത്ത കോടതിയിലേക്ക് നീങ്ങുകയും ചെയ്യുകയാണെങ്കില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഇടപെടല്‍ നടത്താനാണ് ടാറ്റയുടെ പദ്ധതി. ഏറ്റെടുക്കല്‍ സംബന്ധിച്ച് ജെറ്റുമായി മുന്‍പും ടാറ്റ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍ കമ്പനിയുടെ നിയന്ത്രണം വിട്ടു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇത് മുന്നോട്ടു പോയിരുന്നില്ല. എന്നാല്‍ വായ്പാ ദാതാക്കളുടെ സമ്മര്‍ദ്ദഫലമായി നരേഷ് ഗോയലും ഭാര്യം അനിതയും ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും രാജി വെച്ചത് ടാറ്റയുടെ തിരിച്ചു വരവിന് അനുകൂല സാഹചര്യമാണ്. ഇത്തിഹാദ് എയര്‍വേയ്‌സ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ജെറ്റില്‍ താല്‍പ്പര്യം കാണിച്ച് നിലവില്‍ സജീവമായി രംഗത്തുള്ളത്.

ആദ്യം ചര്‍ച്ചകള്‍ നടത്തിയ ഘട്ടത്തില്‍ വില്‍ക്കുന്ന തന്റെ ഓഹരികള്‍ ഭാവിയില്‍ തിരിച്ചു പിടിക്കാനുള്ള അവസരവും വാണിജ്യ കരാറില്‍ നാലു വര്‍ഷത്തെ മോറട്ടോറിയവുമാണ് നരേഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ടാറ്റ ഗ്രൂപ്പിന് സ്വീകാര്യമായിരുന്നില്ല. എന്നാല്‍ പാപ്പരത്ത കോടതി നടപടികളിലൂടെ ഓഹരി ഏറ്റെടുക്കല്‍ നടത്തുമ്പോള്‍ ഇത്തരം വിഷമതകള്‍ ടാറ്റ ഗ്രൂപ്പിനെ ബാധിക്കില്ലെന്ന ഗുണമുണ്ട്. ജെറ്റ് ഓഹരികള്‍ സ്വന്തമാക്കുന്നത് ടാറ്റയുടെ വ്യോമയാന ഗതാഗത വിപണിയിലെ വിഹിതം വര്‍ധിപ്പിക്കാന്‍ സഹായകമാകും.

ഇതിനിടെ ജെറ്റിന്റെ 11,000 കോടി രൂപയുടെ കടം എഴുതി തള്ളണമെന്ന് തല്‍പ്പരകക്ഷികളായ നിക്ഷേപകര്‍ വായ്പാ ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ കടത്തിന്റെ 80 ശതമാനം തുകയാണിത്. എസ്ബിഐ അടക്കം ജെറ്റിന് വായ്പ നല്‍കിയിട്ടുള്ള ഒന്‍പത് ആഭ്യന്തര ബാങ്കുകളെയും രണ്ട് വിദേശ വായ്പാ ദാതാക്കളെയും പ്രതിസന്ധിയിലാക്കുന്നതാണ് ഈ ആവശ്യം.

സര്‍ക്കാര്‍ ഏറ്റെടുക്കണം: ശിവ സേന

ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിവ സേന ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും വിമാനക്കമ്പനികളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ദേശസാല്‍ക്കരിച്ച നടപടി പ്രധാന മന്ത്രി മാതൃകയാക്കണമെന്നും മുന്‍ കാലങ്ങളില്‍ എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ 29,000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവ സേന ചൂണ്ടിക്കാട്ടുന്നു. തൊഴില്‍രഹിതരായവരുടെ ശാപം മഹര്‍ഷിമാരുടെ ശാപത്തേക്കാള്‍ ശക്തിയുള്ളതായിരിക്കുമെന്നും ഇന്ത്യയിലെ ബിസിനസുകളെ തകര്‍ത്തിട്ട് വിദേശ നിക്ഷേപകര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നത് ഒരിക്കലും രാജ്യത്തിന്റെ നയമായിരിക്കില്ലെന്നും എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ തകര്‍ക്കാന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പിന്നില്‍ നിന്ന് കളിച്ചതായും പരാമര്‍ശമുണ്ട്.

Comments

comments

Categories: Business & Economy
Tags: Jet Airways