പാപ്പരത്ത കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കാന്‍ നീക്കം

പാപ്പരത്ത കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കാന്‍ നീക്കം
  • ലേലം പരാജയപ്പെട്ടാലും പാപ്പരത്ത കോടതിയിലേക്ക് നീങ്ങുന്നതിന് വായ്പാ ദാതാക്കള്‍ക്ക് താല്‍പ്പര്യമില്ല
  • പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പ് നല്‍കിയതായി ജെറ്റ് സിഇഒ വിനയ് ദുബെ
  • തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ മറ്റ് വിമാനക്കമ്പനികള്‍ ഏറ്റെടുക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ
  • ജെറ്റ് എയര്‍വേയ്‌സിന്റെ 45 വിമാനങ്ങള്‍ അടുത്തയാഴ്ച മുതല്‍ എയര്‍ ഇന്ത്യയും സ്‌പൈസ്‌ജെറ്റും ഉപയോഗിക്കും

ന്യൂഡെല്‍ഹി: കടക്കെണിയില്‍ നട്ടം തിരിഞ്ഞ് പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്ന വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന്റെ ലേല നടപടികള്‍ വിജയകരമാകുമെന്ന് എസ്ബിഐ നയിക്കുന്ന വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഥവാ ലേലം പരാജയപ്പെട്ടാലും വിമാനക്കമ്പനിയെ പാപ്പരത്ത പ്രശ്‌ന പരിഹാര കോടതിയിലേക്ക് എത്തിക്കേണ്ടെന്നാണ് വായ്പാ ദാതാക്കളുടെ പൊതു താല്‍പ്പര്യം. ഇതിനായുള്ള പ്ലാന്‍ ബി, ബാങ്കുകള്‍ താറാക്കിക്കഴിഞ്ഞു. ലേല പ്രക്രിയ പരാജയപ്പെട്ടാല്‍, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഐബിസി) ചട്ടക്കൂടിന് പുറത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. നിലവിലെ പ്രത്യക്ഷ ആസ്തികളും മറ്റും വിറ്റഴിച്ചാവും ഫണ്ട് കണ്ടെത്തുക. അതേസമയം, ഈ നീക്കത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം ആവശ്യമാണ്, വിപണിയുമായി ബന്ധപ്പെട്ടതും സമയബന്ധിതവുമായിരിക്കും ഈ നടപടി.

നിലവില്‍, വിമാനക്കമ്പനിയുടെ ഒാഹരികള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താനുള്ള ബിഡ്ഡിംഗ് നടപടിക്രമങ്ങള്‍ എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ബിഡ്ഡിംഗില്‍ ആരൊക്കെ പങ്കെടുക്കുമെന്നതിനെപ്പറ്റി അടുത്ത മാസം പത്താം തിയതിയോടെയേ വ്യക്തത വരൂ. 8,500 കോടിയിലധികം രൂപയുടെ കടബാധ്യതയുള്ള ജെറ്റ് എയര്‍വേയ്‌സ്, വായ്പാദാതാക്കള്‍ അടിയന്തിര ഫണ്ടുകള്‍ നല്‍കില്ലെന്ന് തീരുമാനിച്ചതോടെ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച നിലയിലാണുള്ളത്. ഇത്തിഹാദ് എയര്‍വെയ്സ്, ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്ണേഴ്സ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഇഐഎഫ്) എന്നിവരാണ് ജെറ്റ് എയര്‍വേയ്സില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വായ്പാദാതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും എയര്‍ലൈനിന്റെ നിലവിലെ സാഹചര്യത്തിന് അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഔദ്യോഗിക സ്രോതസുകള്‍ അറിയിച്ചു. ഒമ്പതുമാസക്കാലമായി വായ്പാദാതാക്കള്‍ എയര്‍ലൈനുമായി സജീവമായി ഇടപെടുന്നുണ്ട്. കമ്പനി നഷ്ടത്തിലായതു മുതല്‍ ഇവര്‍ സഹകരിക്കുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിശ്ചിത പദ്ധതി മുന്നോട്ടു വയ്ക്കാന്‍ മാനേജ്മെന്റിനോട് അവര്‍ ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ഒരു തീരുമാനമെടുക്കാന്‍ മാനേജ്മെന്റും പ്രമോട്ടറും വൈകി. ഇപ്പോഴത്തെ അവസ്ഥയിലേക്ക് കമ്പനി എത്താന്‍ പ്രധാന കാരണം ഇതാണെന്ന് വിഷയവുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ജയ്റ്റ്‌ലിയുടെ ഉറപ്പ്

ജെറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്്‌ലി ഉറപ്പ് നല്‍കിയതായി കമ്പനി സിഇഒ വിനയ് ദുബെ പറഞ്ഞു. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുംഗാന്തിവാര്‍, പൈലറ്റുമാര്‍, കാബിന്‍ ക്രൂ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കൊപ്പം ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് അഭിപ്രായ പ്രകടനം. ജീവനക്കാരെ പിടിച്ചു നിര്‍ത്താന്‍ ഒരു മാസത്തെ ശമ്പളം അടിയന്തരമായി നല്‍കണമെന്നും അതിന് ശ്രമിച്ചു വരികയാണെന്നും ദുബെ അറിയിച്ചു. 170 കോടി രൂപയാണ് ഇതിനായി ആവശ്യം വരിക. 23,000 ജീവനക്കാരാണ് വിമാനക്കമ്പനിക്ക് ഉള്ളത്.

45 വിമാനങ്ങള്‍ പറക്കും

നിലത്തിറക്കിയിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ നാല്‍പ്പതോളം വിമാനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പറക്കാനാരംഭിക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയും സ്‌പൈസ്‌ജെറ്റുമാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുക. സ്‌പൈസ്‌ജെറ്റ് 40 ബോയിംഗ് 737 വിമാനങ്ങളും എയര്‍ ഇന്ത്യ അഞ്ച് ബോയിംഗ് 777 വിമാനങ്ങളും പറത്തും. വെറ്റ്-ലീസ് ഉടമ്പടി പ്രകാരമാവും വിമാനങ്ങള്‍ ഏറ്റെടുക്കുക. വിമാനങ്ങള്‍ക്കൊപ്പം ജീവനക്കാരെയും നല്‍കുന്ന പാട്ടക്കരാറാണിത്. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്കും ജെറ്റിനും ആശ്വാസകരമായ സാഹചര്യമാണിത്. ഒപ്പം 75 ജെറ്റ് വിമാനങ്ങള്‍ നിലത്തിറക്കിയത് മൂലം സമ്മര്‍ദ്ദവും യാത്രാ തിരക്കും ടിക്കറ്റ് നിരക്ക് വര്‍ധനയും അനുഭവപ്പെടുന്ന വ്യോമയാന രംഗത്തിനും ആശ്വാസമാകും.

Categories: FK News, Slider
Tags: Jet Airways