ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 1 ലക്ഷം കോടി രൂപയിലേക്ക്…

ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 1 ലക്ഷം കോടി രൂപയിലേക്ക്…

ഏപ്രില്‍ 3 വരെയുള്ള കണക്കനുസരിച്ച് ജന്‍ ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 97,665.66 കോടി രൂപയാണ്

ന്യൂഡെല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജന്‍ധന്‍ യോജന പദ്ധതി പുതിയ നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്നു. അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി അനുസരിച്ച് ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി രൂപയെന്ന മാന്ത്രികസംഖ്യ ഉടന്‍ പിന്നിടും.

ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് ജന്‍ ധന്‍ എക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 97,665.66 കോടി രൂപയാണ്. നിക്ഷേപത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണുണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പദ്ധതി പ്രകാരം ഇതുവരെ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത് 35.39 കോടി എക്കൗണ്ടുകളാണ്. 27.89 എക്കൗണ്ട് ഉടമകള്‍ക്കും റുപ്പേ ഡെബിറ്റ് കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് 28നാണ് സാര്‍വത്രിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്ക് തുടക്കമിട്ടത്. 2018 ഓഗസ്റ്റ് 28ന് ശേഷം തുറന്ന എക്കൗണ്ടുകള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ട് ലക്ഷം രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയത് പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 10,000 രൂപയാണ് ഓവര്‍ഡ്രാഫ്റ്റ് പരിധി.

എക്കൗണ്ട് ഉടമകളില്‍ 50 ശതമാനവും വനിതകളാണെന്നതും ശ്രദ്ധേയമാണ്. 59 ശതമാനം എക്കൗണ്ട് ഉടമകളും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ളവരാണ്.

Comments

comments

Categories: Top Stories

Related Articles