ഇന്‍ഹേലറുകള്‍ വരുത്തുന്ന വിപത്ത്

ഇന്‍ഹേലറുകള്‍ വരുത്തുന്ന വിപത്ത്

ആസ്ത്മയും അന്തരീക്ഷമലിനീകരണവുമായി വലിയ ബന്ധമുണ്ട്. സാധാരണ ഗതിയില്‍ എല്ലാവരും വിശ്വസിക്കുന്നത് ആസ്ത്മ വഷളാക്കുന്നത് വായുമലിനീകരണമാണെന്നാണ്. എന്നാല്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിരിച്ച് പരിസ്ഥിതിക്കു ദോഷകരമാണെന്ന വാസ്തവവും കാണാതിരുന്നു കൂടാ. ഉദാഹരണത്തിന് ഇന്‍ഹേലറുകള്‍ വലിയ തോതില്‍ കാര്‍ബണ്‍ മാലിന്യമുണ്ടാക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് (നൈസ്) നടത്തിയ പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആസ്ത്മ ഇന്‍ഹേലറുകള്‍ക്ക് 290 കിലോമീറ്റര്‍ ദൂരം വാഹനമോടിക്കുമ്പോള്‍ ഉണ്ടാക്കുന്ന അത്ര കാര്‍ബണ്‍ പുറന്തള്ളാനാകുമെന്നു കണ്ടെത്തിയിരിക്കുന്നു. ഇന്‍ഹേലറില്‍ നിന്നുള്ള അഞ്ച് ഡോസുകള്‍ പുറത്തു വിടുന്നത് ഒമ്പത് മൈല്‍ കാര്‍ യാത്ര നടത്തുമ്പോള്‍ പുറത്തുവിടുന്നതിനു തുല്യമായ കാര്‍ബണ്‍ ആണെന്ന് കണ്ടെത്തി. ഓരോ 100-ഡോസ് ഇന്‍ഹേലര്‍ മരുന്നും വലിച്ചു പുറത്തു വിടുമ്പോള്‍ 180 മൈല്‍ (290 കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള കാര്‍ഡ്രൈവിന് തുല്യമായ കാര്‍ബണ്‍ പുറംതള്ളല്‍ ഉണ്ടാകുന്നുണ്ട്.

അതിനാല്‍ ആസ്ത്മ രോഗികള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഇന്‍ഹേലറുകള്‍ തിരഞ്ഞെടുക്കുന്നതു പ്രോത്സാഹിപ്പിക്കപ്പെടണമെന്നും നൈസ് നിര്‍ദേശിക്കുന്നു. മീറ്റേഡ് ഡോസ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടവര്‍ അത് തുടര്‍ന്നും ഉപയോഗിക്കണം, എന്നാല്‍ ഒരു പരിസ്ഥിതി സൗഹൃദ ബദലിന് അവസരം ഉണ്ടെങ്കില്‍, അതേക്കുറിച്ച് ചിന്തിക്കാതിരിക്കരുതെന്ന് നൈസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. ഗില്ലിയന്‍ ലെംഗ് പറഞ്ഞു. ഇത് ആദ്യമാണ് മരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെപ്പറ്റി നൈസ് വിലയിരുത്തുന്നത്. ആരോഗ്യസേവന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് എന്‍എച്ച്എസ് സുസ്ഥിരതായൂണിറ്റ് നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. ഒരു ഇന്‍ഹേലര്‍ ഡോസില്‍ 500 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊടി ഇന്‍ഹേലറുകളില്‍ 20 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡേ അടങ്ങിയിട്ടുള്ളൂ. ഉപയോഗശൂന്യമായ ഇന്‍ഹേലറുകള്‍ അടുത്തുള്ള ഫാര്‍മസികളില്‍ ഏല്‍പ്പിക്കണമെന്നും നൈസ് നിര്‍ദേശിക്കുന്നു. അങ്ങനെ അവ സുരക്ഷിതമായി മറവു ചെയ്യാനോ പുനചംക്രമണം ചെയ്യാനോ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health