ഇന്ത്യയില്‍ തരംഗമാകാന്‍ ഹ്യുണ്ടായ് വെന്യൂ മെയ് 21 ന് എത്തും

ഇന്ത്യയില്‍ തരംഗമാകാന്‍ ഹ്യുണ്ടായ് വെന്യൂ മെയ് 21 ന് എത്തും

ബ്ലൂലിങ്ക് സാങ്കേതികവിദ്യയോടെയാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്. കണക്റ്റഡ് കാറിലെ 33 കണക്റ്റിവിറ്റി ഫീച്ചറുകളില്‍ പത്തെണ്ണം ഇന്ത്യന്‍ വിപണി മാത്രം ലക്ഷ്യമാക്കി നല്‍കിയവയാണ്

ന്യൂഡെല്‍ഹി : വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കുന്നതിലൂടെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവി സെഗ്‌മെന്റില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഹ്യുണ്ടായ്. ഈ മാസം 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച അതേസമയത്തുതന്നെ ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലും അനാവരണം ചെയ്തിരുന്നു. അടുത്ത മാസം 21 ന് ഹ്യുണ്ടായ് വെന്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹ്യുണ്ടായ് കാര്‍ലിനോ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് വെന്യൂ നിര്‍മ്മിക്കുന്നത്. മാരുതി സുസുകി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് പ്രധാന എതിരാളികള്‍. ബ്ലൂലിങ്ക് സാങ്കേതികവിദ്യയോടെയാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്. കണക്റ്റഡ് കാറില്‍ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

ഹ്യുണ്ടായ് സാന്റ ഫേ, ഹ്യുണ്ടായ് പാലിസേഡ് എന്നീ വലിയ മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് വെന്യൂ എസ്‌യുവിയുടെ രൂപകല്‍പ്പന, സ്റ്റൈലിംഗ് എന്നിവ. ഹ്യുണ്ടായുടെ പ്രത്യേകതയായ കാസ്‌കേഡിംഗ് ഗ്രില്‍ ക്രോം അലങ്കാരത്തോടെ മുന്‍ഭാഗത്ത് കാണാം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, മുകളിലായി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. പ്രൊജക്റ്റര്‍ ഫോഗ് ലാംപുകളും ലഭിച്ചു. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍ ഹ്യുണ്ടായ് ക്രെറ്റയാണെന്ന് തോന്നുമെങ്കിലും 16 ഇഞ്ച് സ്‌പോര്‍ടി അലോയ് വീലുകള്‍, വലിയ റൂഫ് റെയിലുകള്‍, ബോഡിയുടെ കീഴ്ഭാഗത്തായി ക്ലാഡിംഗ് എന്നിവയോടെയാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്. ഇരട്ട നിറ ഓപ്ഷനിലും എസ്‌യുവി ലഭിക്കും.

മറ്റ് ഹ്യുണ്ടായ് കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കാബിന്‍ പുതിയ രൂപകല്‍പ്പനയോടെ പൂര്‍ണ്ണമായും പുതിയതാണ്. 5 സീറ്റര്‍ കാബിന്‍ ആഗോളതലത്തില്‍ ഇരട്ട നിറമുള്ളതായിരിക്കുമെങ്കില്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും കറുപ്പ് നിറം നല്‍കും. റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍, വോയ്‌സ് റെക്കഗ്നിഷന്‍, വെഹിക്കിള്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഇലക്ട്രിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, കോര്‍ണറിംഗ് ലാംപുകള്‍, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്, ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്റ് സഹിതം മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയും സവിശേഷതകള്‍ തന്നെ. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ എന്നിവയോടെ ഉയര്‍ന്നുനില്‍ക്കുന്ന പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.

സ്വന്തം സെഗ്‌മെന്റിലെ ആദ്യ കണക്റ്റഡ് കാറാണ് ബ്ലൂലിങ്ക് കണക്റ്റിവിറ്റി സംവിധാനത്തോടെ വരുന്ന ഹ്യുണ്ടായ് വെന്യൂ. ആകെയുള്ള 33 കണക്റ്റിവിറ്റി ഫീച്ചറുകളില്‍ പത്തെണ്ണം ഇന്ത്യന്‍ വിപണി മാത്രം ലക്ഷ്യമാക്കി നല്‍കിയവയാണ്. ജിയോ ഫെന്‍സിംഗ്, സ്പീഡ് അലര്‍ട്ടുകള്‍, എസ്ഒഎസ്, പാനിക് നോട്ടിഫിക്കേഷനുകള്‍, ഡെസ്റ്റിനേഷന്‍ ഷെയറിംഗ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍, പാനിക് നോട്ടിഫിക്കേഷന്‍, എസ്ഒഎസ്/എമര്‍ജന്‍സി അസിസ്റ്റന്‍സ്, സ്‌റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിംഗ് &ഇമ്മൊബിലൈസേഷന്‍ (1.0 ലിറ്റര്‍ വേര്‍ഷനില്‍ മാത്രം) തുടങ്ങിയ ഫീച്ചറുകള്‍ക്കായി വോഡഫോണ്‍-ഐഡിയയുമായി സഹകരിക്കുന്നു.

മികച്ച സുരക്ഷയൊരുക്കുന്നതിന് 69 ശതമാനം അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെംഗ്ത് സ്റ്റീല്‍ (എഎച്ച്എസ്എസ്) + ഹൈ സ്‌ട്രെംഗ്ത് സ്റ്റീല്‍ (എച്ച്എസ്എസ്) ഉപയോഗിച്ചാണ് എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും.

പുതിയ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതിയ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, മാന്വല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിക്കും.

Comments

comments

Categories: Auto