രോഗികള്‍ക്കൊപ്പമല്ലാത്ത കൊച്ചു ഡോക്റ്റര്‍മാര്‍

രോഗികള്‍ക്കൊപ്പമല്ലാത്ത കൊച്ചു ഡോക്റ്റര്‍മാര്‍

ട്രെയിനിഡോക്റ്റര്‍മാര്‍ രോഗീപരിചരണത്തിനു ചെലവിടുന്ന സമയം തുച്ഛം

വൈദ്യപഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന ഡോക്റ്റര്‍മാര്‍ രോഗികള്‍ക്കൊപ്പം ചെലവിടാന്‍ എത്രസമയം വിനിയോഗിക്കണം? രോഗനിര്‍ണയത്തിനും രോഗികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഒരുപാടു സമയം ചെലവാക്കേണ്ടി വരും എന്നായിരിക്കും പൊതുവേയുള്ള ഉത്തരം. എന്നാല്‍, സംഭവിക്കുന്നതു നേരേ മറിച്ചാണ്. 24 മണിക്കൂര്‍ ഷിഫ്റ്റില്‍, ഹൗസ് സര്‍ജന്മാര്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് നേരിട്ടു രോഗികളെ പരിചരിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട്. വൈദ്യപഠനത്തിനു ചെലവിടുന്നതാകട്ടെ, 1.8 മണിക്കൂറും. മുഴുദിന ഷിഫ്റ്റില്‍ ഏറിയപങ്കും, ഏകദേശം 15.9 മണിക്കൂര്‍ വരെ അവര്‍ പരോക്ഷ രോഗീപരിപാലനത്തിനാണ് ചെലവഴിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. അതായത് രോഗവിവരറിപ്പോര്‍ട്ടുകളിലും രേഖകളിലുമായി സമയം കളയുകയാണ് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ ചെയ്യുന്നതെന്നര്‍ത്ഥം. ഇവര്‍ രോഗികളെ നേരിട്ടപ്പോഴാകട്ടെ മിക്കവാറും സമയം ഉപകരണങ്ങളുമായി ചെലവഴിക്കുകയോ (മള്‍ട്ടിടാസ്‌കിംഗ്) ജീവനക്കാരോട് കാര്യങ്ങള്‍ ചെയ്യാനാവശ്യപ്പെടുകയോ ആണ് ചെയ്തതെന്ന് പഠനം നടത്തിയ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ പെരെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകനായ ഡോ. ക്രിസ്ദ ചെയ്യച്ചാട്ടി പറയുന്നു.

തെളിവുകളുടെയും വ്യക്തിപരമായ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍, മള്‍ട്ടിടാസ്‌കിങ് സ്വന്തം കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുവെന്നു ചെയ്യച്ചാട്ടി പറഞ്ഞു. ഡോക്റ്റര്‍മാര്‍ മള്‍ട്ടിടാസ്‌കിംഗ് ചെയ്യുമ്പോള്‍ സത്യത്തില്‍ രോഗികളെ ചികിത്സിക്കുന്നതില്‍ കാര്യക്ഷമത നഷ്ടപ്പെടാറുണ്ട്. ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി യുഎസ് 12 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നു. ഗണ്യമായ മുതല്‍മുടക്ക് ഉണ്ടായിട്ടും, ഇതുവരെ ഹൗസ് സര്‍ജന്മാരും ആദ്യ വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗീപരിചരണത്തിലും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലും സംതുലനം പാലിക്കുന്നുണ്ടോ എന്നിവയെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നില്ല. ഗവേഷണത്തില്‍ ആറോളം മിഡ്-അറ്റ്‌ലാന്റിക് പഠന പരിപാടികളില്‍ നിന്ന് 80 വൈദ്യവിദ്യാര്‍ത്ഥികളെയും 2,173 മണിക്കൂറുമാണ്് പഠനവിധേയമാക്കിയത്. ഷിഫ്റ്റുകളുടെ പകുതിസമയത്ത് തന്നെ, നിരീക്ഷകര്‍ ചുരുങ്ങിയത് 10.5 മണിക്കൂറെങ്കിലും വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളെ പലവിഭാഗങ്ങളായി തരംതിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. വിദ്യാഭ്യാസം, രോഗീസന്ദര്‍ശനം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക അഥവാ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിഷ്‌കരിക്കുന്നതുപോലെയുള്ള ചുമതലകള്‍, രോഗികളെ മറ്റു ഡോക്റ്റര്‍മാര്‍ക്ക് റെഫര്‍ ചെയ്യല്‍, രോഗികളുമായോ കുടുംബങ്ങളുമായോ ആശയവിനിമയം നടത്തുന്നതോ രോഗനിര്‍ണയം നടത്തുന്നതോ ആയ നേരിട്ടുള്ള പരിചരണം, ബാത്ത്‌റൂമില്‍ പോകുന്നതിനോ ഇടവേളകള്‍ നിര്‍ദേശിക്കുന്നതു പോലുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയ ഡോക്റ്റര്‍മാരുടെ എല്ലാത്തരം ചുമതലകളും ഗവേഷകര്‍ വിലയിരുത്തി. എന്നാല്‍ എല്ലാ ഷിഫ്റ്റുകളിലും നേരിട്ട് പരിചരണം നല്‍കുന്നതില്‍ ട്രെയിനി ഡോക്റ്റര്‍മാര്‍ കുറച്ചു സമയം ചെലവഴിക്കുന്നതായാണ് കണ്ടെത്തിയത്. 24 മണിക്കൂര്‍ ഷിഫ്റ്റിനുള്ളില്‍ ശരാശരി 3.8 മണിക്കൂര്‍ മാത്രമാണ് അവര്‍ രോഗികളുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതോ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതോ സദാ ചീത്ത കാര്യമായിരിക്കണമെന്നു പറയാനാകില്ലെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ക്രിസ്റ്റഫര്‍ മോറിയേറ്റസ് പറയുന്നു. ലളിതമായി പറഞ്ഞാല്‍ ആളുകള്‍ വാര്‍ത്തകള്‍ക്കായി ഇന്റനെറ്റിലും ഫോണിലും പരതുന്നതു പോലെ മാത്രമാണിത്. കംപ്യൂട്ടര്‍ അധിഷ്ഠിത ജോലികളോ ലാബ് റിപ്പോര്‍ട്ടുകളോ കണ്‍സള്‍ട്ടന്റ് ഡോക്റ്റര്‍മാരുടെ കുറിപ്പുകളോ വായിക്കുന്നതൊക്കെ പ്രധാനപ്പെട്ട പരിചരണ രീതികള്‍ തന്നെയാണ്. ഇതിനു വേണ്ടി ഡോക്റ്റര്‍മാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗീപരിചരണം എന്നു പറയുന്നത് ഇപ്പോഴും രോഗികളോടൊപ്പം കഴിഞ്ഞ് രോഗലക്ഷണങ്ങളെയും വൈദ്യശാസ്ത്ര ചരിത്രങ്ങളെയും കുറിച്ച് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നതിനു തന്നെയാണ്. കംപ്യൂട്ടറിലും മള്‍ട്ടി ടാസ്‌കിംഗിനും കൂടുതല്‍ സമയം ചെലവഴിക്കുന്നത് മാനുഷിക ഗുണവിശേഷങ്ങളായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും രോഗികളുമായി സമ്പര്‍ക്കമുണ്ടാക്കുന്നതിലും വളരെയധികം വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. ഡോക്റ്റര്‍മാര്‍ രോഗികളെ ചികില്‍സിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്, കംപ്യൂട്ടറുകളില്‍ നിര്‍ദേശങ്ങളും മരുന്നു കുറിപ്പടികളും തയാറാക്കുന്നതിലാകരുത്. രോഗീ പരിചരണത്തിനായി അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനു പ്രാമുഖ്യം കൊടുക്കണം. ഇതും ഇലക്ട്രോണിക് രേഖകളില്‍ ആവശ്യമായ ചുമതലകള്‍ നിര്‍വഹിക്കുന്നതുമായി കൃത്യമായ ബാലന്‍സ് ഉറപ്പാക്കുകയും വേണം.

Comments

comments

Categories: Health