അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടണം

അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടണം

മിലിന്ദ് ദേവ്‌റയ്ക്ക് വേണ്ടി മുകേഷ് അംബാനി സംസാരിച്ചതിനെ വിമര്‍ശിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല. ബിസിനസുകാര്‍ തുറന്ന അഭിപ്രായപ്രകടനം നടത്തുന്നുവെന്നതിനെ ക്രിയാത്മകമായാണ് സ്വീകരിക്കേണ്ടത്

ചങ്ങാത്ത മുതലാളിത്തത്തിന്റെ പല തലങ്ങളിലുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുവെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെയോ സ്ഥാനാര്‍ത്ഥികളെയോ തെരഞ്ഞെടുപ്പുവേളയില്‍ തുറന്ന് പിന്തുണയ്ക്കുന്നതിന് ശതകോടീശ്വര സംരംഭകര്‍ അത്ര ഉല്‍സാഹം കാണിക്കാറില്ലായിരുന്നു. അത്തരമൊരു പശ്ചാത്തലത്തില്‍ സൗത്ത് മുംബൈ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്‌റയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രചരണ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയും മറ്റൊരു സമ്പന്നന്‍ ഉദയ് കോട്ടക്കും അല്‍പ്പം ആശ്ചര്യപ്പെടുത്തി.

മുന്‍ ഇന്ധനകാര്യമന്ത്രി കൂടിയായ ദേവ്‌റയുമായി അംബാനിക്ക് ഏറെക്കാലത്തെ അടുപ്പമുണ്ടെന്നത് വാസ്തവമാണ്. എങ്കിലും അദ്ദേഹത്തെ തെരഞ്ഞെടുപ്പ് വേളയില്‍ തുറന്ന് പിന്തുണയ്ക്കുകയെന്നത് മുമ്പുണ്ടായിട്ടില്ല. എതിര്‍പാര്‍ട്ടിയാണ് ഭരണത്തിലേറുന്നതെങ്കില്‍ അനുഭാവപൂര്‍ണമായ നടപടികള്‍ തങ്ങളുടെ ബിസിനസിന്റെ കാര്യത്തില്‍ ഉണ്ടായില്ലെങ്കിലോ എന്നു പേടിച്ചാണ് പലരും തുറന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്താന്‍ മടിക്കുന്നത്. എന്നാല്‍ മുകേഷും കോട്ടക്കും നടത്തിയ നീക്കത്തെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട് പലരും. അതിന് പ്രധാന കാരണം മുകേഷ് അംബാനി മോദിയെ പിന്തുണയ്ക്കുന്ന ബിസിനസുകാരനാണെന്ന പൊതു ധാരണയാണ്. അദ്ദേഹത്തിനെന്താ മോദിയെയും ദേവ്‌റയെയും പിന്തുണച്ചാല്‍ കുഴപ്പമെന്ന മറുചോദ്യത്തിന് സോഷ്യല്‍ മീഡിയ ട്രോളുകാര്‍ പ്രസക്തി കാണുന്നില്ല. മോദിയുടെ ബിസിനസ് സൗഹൃദ നയങ്ങളോടും സൗത്ത് മുംബൈ സീറ്റില്‍ ദേവ്‌റയ്ക്ക് കൂടുതല്‍ നന്നായി വികസന പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന വാഗ്ദാനങ്ങളോടും സമാനമായ നിലപാട് സ്വീകരിക്കാനുള്ള എല്ലാവിധ സ്വാതന്ത്ര്യവും മുകേഷ് അംബാനിക്കുണ്ട്. എന്തായാലും തീര്‍ത്തും നല്ല കീഴ് വഴക്കമാണ് മുകേഷ് സൃഷ്ടിച്ചിരിക്കുന്നത്. ബിസിനസ് സൗഹൃദ നയങ്ങള്‍ സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ബിസിനസുകാര്‍ പ്രത്യക്ഷമായി രംഗത്തുവരുന്നതിനെ ക്രിയാത്മക കോണിലൂടെ മാത്രം കണ്ടാല്‍ മതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരെ ട്രോളുന്നതെല്ലാം അപക്വമായ സമൂഹത്തിന്റെ ലക്ഷണങ്ങളാണ്.

സമാനം തന്നെയാണ് കേരളത്തിലെ ചില സംഭവങ്ങളുടെയും അവസ്ഥ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരനെ പിന്തുണച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ അംബാസഡറായ ടി പി ശ്രീനിവാസനെതിരെയും തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ തുറന്ന് പിന്തുണച്ചതിന്റെ പേരില്‍ നടന്‍ ബിജു മേനോനെതിരെയും വലിയ വിമര്‍ശനങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന് നടിക്കുന്ന ഒരു കൂട്ടര്‍ തന്നെ നടത്തിയത്. തങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമാകാത്ത തരത്തില്‍ തുറന്നു പറയുന്നതിനെ ഭയക്കേണ്ട കാര്യമെന്താണ്. അതിനെതിരെയുള്ള അസഹിഷ്ണുത ഒരിക്കലും ജനാധിപത്യ സമൂഹത്തിനോ പുരോഗമന സമൂഹത്തിനോ ഭൂഷണമല്ല. തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ ഭയരഹിതമായി നടത്താന്‍ സാധിക്കുന്ന ആവാസവ്യവസ്ഥയാണ് രാജ്യത്തുണ്ടാകേണ്ടത്. ഏത് രാഷ്ട്രീയധാരയില്‍ വിശ്വസിക്കുന്നവരായാലും അതിനെതിരെ രംഗത്തുവരുന്നത് ആശാസ്യകരമല്ല. ജനാധിപത്യത്തിന്റെ ഭംഗി തന്നെ ഇത്തരം തുറന്നുപറച്ചിലുകള്‍ക്കുള്ള സ്വാതന്ത്ര്യമാണ്, അത് യോജിപ്പിന്റേതാകാം വിയോജിപ്പിന്റേതാകാം. ബിസിനസുകാരുടെ തുറന്ന നിലപാടുകള്‍ സ്ഥാനാര്‍ത്ഥികളുടെ സംരംഭക സൗഹൃദ നിലപാടുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കാനേ ഉപകരിക്കൂവെന്നതും ഓര്‍ക്കുക.

Categories: Editorial, Slider