മലയാളികളെയും കീഴടക്കുന്ന ഭക്ഷ്യ വിതരണ ആപ്പുകള്‍

മലയാളികളെയും കീഴടക്കുന്ന ഭക്ഷ്യ വിതരണ ആപ്പുകള്‍

വീടിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ റെസ്റ്ററന്റുകളില്‍ എത്തുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ മാത്രം ഹോട്ടലുകളില്‍ പോയിരുന്നവര്‍ ഇന്ന് ഭക്ഷ്യവിതരണ ആപ്പുകളില്‍ അഭയം തേടുന്ന പ്രവണത ശക്തമാകുകയാണ്

കാലം പോയ പോക്കേ!!!! രാത്രിയിലെ അത്താഴം വീട്ടുമുറ്റത്ത് എത്തിച്ച സ്വിഗ്ഗി ഡെലിവറി ബോയിയെ നോക്കി മൂക്കത്ത് വിരല്‍ വച്ച് അന്തിച്ചിരിക്കുകയാണ് മുത്തശ്ശി. രണ്ട് വര്‍ഷം മുമ്പ് വൈകുന്നേരമായാല്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോകുന്ന പതിവായിരുന്നു. ഇതിപ്പോള്‍ ഒരുങ്ങിക്കെട്ടി പുറത്തുപോകണ്ട എന്ന മെച്ചമുണ്ട്. തന്റെയൊക്കെ ചെറുപ്രായത്തില്‍ പുറത്തുനിന്ന് ഒരു ചായ പോലും കുടിച്ച ഓര്‍മയില്ല. ഇതിപ്പോള്‍ ഓര്‍ഡര്‍ ചെയ്ത് ഞൊടിയിടയില്‍ ഭക്ഷണം വീട്ടിലെത്തുന്നു, ചൂട് പോലും പോകാതെ. മുത്തശ്ശിയുടെ അതിശയം മാറുന്നില്ല.

അതാണ് ടെക്‌നോളജിയിലെ മാറ്റം. നമ്മുടെ ഭാവനയില്‍ പോലും സങ്കല്‍പ്പിക്കാനാത്ത കാര്യങ്ങളാണ് നാളെയുടെ സാങ്കേതികവിദ്യയായി മാറുന്നത്. കയ്യുംകെട്ടി ഇരുന്ന് കളി കാണുക, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കുക-അതാണ് ന്യൂജെന്‍ മന്ത്ര. ഉപഭോക്താക്കള്‍ തന്നെ നേരിട്ട് കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങിച്ചിരുന്ന കാലത്തില്‍ നിന്നും സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങിച്ച് വീട്ടില്‍ എത്തുന്ന കാലത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന കാലത്തിനും ഗുഡ്‌ബൈ പറയുന്നവരുടെ എണ്ണവും കൂടുകയാണ്.

ഫുഡ് ഡെലിവറി വിപ്ലവം

ഫുഡ് ഡെലിവറി ആപ്പുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 1960കളുടെ മധ്യത്തിലാണ് പീസയുടെയും ചൈനീസ് ഭക്ഷണവിഭവങ്ങളുടെയും ഹോംഡെലിവറി അമേരിക്കയില്‍ സര്‍വസാധാരണമാകുന്നത്. പക്ഷേ പീസയും ചൈനീസ് ഭക്ഷണവും വീട്ടിലെ ഭക്ഷണവും വേണ്ടെന്ന് തോന്നിയാല്‍ അന്ന് പുറത്ത് പോയി തന്നെ ഭക്ഷണം കഴിക്കേണ്ട ഗതിയായിരുന്നു. പത്ത് വര്‍ഷം മുമ്പ് വരെ ഫുഡ് ഡെലിവറി മേഖലയിലെ അവസ്ഥ ഇതുതന്നെയായിരുന്നു. എന്നാലിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക ഭക്ഷണവിഭവങ്ങളും വീട്ടിലെത്തും എന്ന തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു.

ഭക്ഷണം പാകം ചെയ്യുകയും വേണ്ട, പുറത്ത് പോയി കഴിക്കുകയും വേണ്ട, ഇഷ്ടമുള്ളതെന്തും വീട്ടിലേക്ക് വരുത്തിക്കാം എന്നതാണ് ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രധാന പ്ലസ് പോയിന്റ്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജോലികള്‍ക്ക് ശേഷം ഭക്ഷണം വീട്ടിലെത്തുക എന്നത് ഒരു അനുഗ്രഹമായി കരുതുന്ന എത്രയോ വീട്ടമ്മമാരുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിച്ച ബോണസാണ് ഫുഡ് ഡെലിവറി ആപ്പുകള്‍.

ടെക്‌നോളജിക്ക് അതിര്‍വരമ്പുകള്‍ ഇല്ല എന്നതിനാല്‍ ഇന്ത്യയിലും പുറത്തുപോയി കഴിക്കാം എന്ന വാചകം അകത്തേക്ക് വരുത്തി കഴിക്കാം എന്നതിന് വഴിമാറിയിരിക്കുന്നു. രാജ്യത്തെ ഫാസ്റ്റ് ഫുഡ് ശൃംഖല ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളിലേക്ക് ചാഞ്ഞപ്പോള്‍ ഇന്ത്യയിലും ഉണ്ടായി ഫുഡ് ഡെലിവറി വിപ്ലവം. നാഗരികരുടെ ഭക്ഷണശീലങ്ങളില്‍ മാറ്റമുണ്ടാക്കി എന്ന് മാത്രമല്ല റെസ്റ്ററന്റ് ശൃംഖലയുടെ ബിസിനസ് കാഴ്ചപ്പാടുകളിലും ഫുഡ് ഡെലിവറി ആപ്പുകള്‍ കാര്യമായ ചലനമുണ്ടാക്കി.

ഡെലിവറി ബോയ്‌സ് മാത്രം

വീടിന്റെ അന്തരീക്ഷത്തില്‍ നിന്ന് മാറി സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നും റെസ്‌റ്റോറന്റുകളില്‍ എത്തുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ മാത്രം ഹോട്ടലുകളില്‍ പോയിരുന്നവര്‍ ഇന്ന് ഡെലിവറി ആപ്പുകളില്‍ അഭയം തേടുകയാണ്. മിനക്കെടാതെ ഭക്ഷണം കഴിക്കാം എന്നതാണ് ഗുണം. അതിനാല്‍ തന്നെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഇപ്പോള്‍ സൊമാറ്റൊയുടെയോ സ്വിഗ്ഗിയുടെയോ യുബര്‍ ഈറ്റ്‌സിന്റെയോ കുപ്പായമണിഞ്ഞ ഡെലിവറി കുട്ടപ്പന്മാരെയാണ് കൂടുതലായും കാണാന്‍ കഴിയുക.
കഴിഞ്ഞ ജൂലൈയില്‍ ബംഗളൂരുവില്‍ ആരംഭിച്ച ടീ റീട്ടെയ്‌ലര്‍ ചായ് പോയിന്റിന്റെ കഥ ഉദാഹരണമായി എടുക്കാം. ഇവരുടെ കഫെയില്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നുമുള്ള ഡെലിവറി ബോയികള്‍ക്കായി പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ ഔട്ട്‌ലെറ്റുകളെല്ലാം ഇത്തരത്തില്‍ ഡെലിവറി ബോയികള്‍ക്ക് പ്രാധാന്യം നല്‍കി ഡിസെന്‍ ചെയ്യാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ആപ്പുകളിലൂടെ വരുന്ന ഓര്‍ഡറുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ചായ്‌പോയിന്റ് സിഇഒയും സ്ഥാപകനുമായ അമുലീക് സിംഗ് ബിജ്രാള്‍ പറയുന്നു.

വ്യാപ്തി കൂടുതല്‍

സ്വന്തമായി ഹോം ഡെലിവറി ടീം ഉണ്ടെങ്കില്‍ കൂടിയും മക്‌ഡൊണാള്‍ഡ്‌സും കെഎഫ്‌സിയും അടക്കമുള്ള ആഗോള ഫുഡ് ബ്രാന്‍ഡുകളും സൊമാറ്റൊ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളുമായി കൂടുതല്‍ സഹകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമാണ് പ്രമുഖ കോഫിഷോപ്പ് ശ്യംഖലയായ കഫേ കോഫി ഡേ(സിസിഡി) യുബര്‍ഈറ്റ്‌സ് ഓര്‍ഡറുകള്‍ക്ക് വേണ്ടി മാത്രം തങ്ങളുടെ ഔട്ട്‌ലെറ്റുകളില്‍ വിര്‍ച്വല്‍ റെസ്റ്ററന്റെന്ന ആശയം അവതരിപ്പിച്ചത്.

വലിയ ഫുഡ്/ കഫെ ശ്യംഖലകള്‍ക്ക് അവരുടേതായ ഡെലിവറി സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ആപ്പുകളെ വ്യാപ്തിയില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഭക്ഷണകാര്യത്തില്‍ വൈവിധ്യങ്ങളോടാണ് ഉപഭോക്താവിന് താല്‍പ്പര്യം. ഒരേസമയം വിവിധ റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഡെലിവറി ആപ്പുകള്‍ നല്‍കുന്നുണ്ട്.

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വേണ്ടിയുള്ള മുതല്‍മുടക്ക് തുടരുന്നിടത്തോളം കാലം അവയ്ക്കുള്ള വ്യാപ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയും ഇങ്ങനെ ഉപഭോക്താക്കളിലേക്കുള്ള റെസ്റ്ററന്റുകളുടെ റീച്ച് കൂടിവരികയും ചെയ്യുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ റെഡ്‌സീറിലെ റീട്ടെയ്ല്‍ കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് മേധാവിയായ ശുഭം ആനന്ദ് പറയുന്നു.

ആപ്പുകളുടെ വിപണിസാധ്യത

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി നിലവില്‍ 7 ബില്യണ്‍ ഡോളറോളം വരും (ഏതാണ്ട് 50,375 കോടി രൂപ). ഇവയുടെ വിപണി സാധ്യത മനസിലാക്കിയതോടെ വമ്പന്‍ കമ്പനികള്‍ പലതും രംഗത്തേക്ക് ഇറങ്ങയിട്ടുണ്ട്.

ഫുഡ് ഡെലിവറി ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും സെമാറ്റോയും സ്വിഗ്ഗിയും യുബര്‍ ഈറ്റ്‌സുമാണ് മേഖലയില്‍ സര്‍വാധിപത്യത്തോടെ വാഴുന്നതെന്ന് പറയാം. 200ഓളം ഇന്ത്യന്‍ നഗരങ്ങളില്‍ സൊമാറ്റോയ്ക്ക് സാന്നിധ്യമുണ്ട്. 2019 മാര്‍ച്ചില്‍ മാത്രം 30 ദശലക്ഷം ഡെലിവറികളാണ് ഇവര്‍ നടത്തിയത്. 100,000 റെസ്റ്ററന്റുകളാണ് സൊമാറ്റോയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബെഗംളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി നിലവില്‍ 45,000 റെസ്റ്ററന്റുകളെയാണ് തങ്ങളുടെ ഡെലിവറി സേവനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അങ്കം തുടങ്ങിയിട്ടേ ഉള്ളു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഡെലിവറി ആപ്പുകള്‍ വഴിയുള്ള വിപണി ഇപ്പോഴും പ്രാരംഭദശയില്‍ തന്നെയാണെന്ന വസ്തതുതയും മനസിലാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോള്‍ ഡെലിവറി ആപ്പുകള്‍ വഴി നടക്കുന്നുള്ളു. എങ്കിലും ഭാവിയിലെ സാധ്യത കണക്കിലെടുത്ത് ഫുഡ് ആപ്പുകളെ തള്ളിക്കളയാന്‍ റെസ്റ്ററന്റുകള്‍ തയാറല്ല.

2014ലാണ് മക്‌ഡൊണാള്‍ഡ്‌സില്‍ ബര്‍ഗറുകളുടെയും ബെവറിജുകളുടെയും ഓണ്‍ലൈന്‍ ഓര്‍ഡറില്‍ തള്ളിക്കയറ്റമുണ്ടായത്. ടെക്‌നോളജിയുടെ സഹായത്തോടെ മാത്രമേ വലിയതോതിലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സാധ്യമാകുകയുള്ളു എന്ന മനസിലാക്കിയ തങ്ങള്‍ക്ക് 2015 അവസാനത്തോടെ ഇത്തരത്തിലുള്ള സേവനങ്ങളുമായി രംഗത്തെത്തിയ് കമ്പനികള്‍ പ്രയോജനപ്പെടുകയായിരുന്നുവെന്ന് ഇന്ത്യയില്‍ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി 280 മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകള്‍ നടത്തുന്ന ഹാര്‍ഡ്കാസില്‍ റെസ്‌റ്റോറന്റിലെ ബ്രാന്‍ഡ് എക്സ്റ്റന്‍ഷന്‍സ് ജനറല്‍ മാനേജര്‍ അക്ഷയ് ജാട്ടിയ പറയുന്നു.

ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി- ആപ്പുകള്‍ സൊമാറ്റോ, യുബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, ഫുഡ്പാണ്ട, ഫാസോസ്

ഇന്ന് മക്‌ഡൊണാള്‍ഡിന്റെ ഫുഡ് ഡെലിവറിയില്‍ 70 ശതമാനവും ഓണ്‍ലൈനായി വരുന്ന ഓര്‍ഡറുകളുടേതാണ്. മക്‌ഡൊണാള്‍ഡ്‌സിന് സ്വന്തമായി ഉള്ള ഡെലിവറി ആപ്പ് അടക്കം ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകളും ഈ 70 ശതമാനത്തില്‍ പെടും.2020ഓടെ ഡെലിവറി സൗകര്യമുളള മക്‌ഡോണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളില്‍ വരുമാനത്തിന്റെ 1.6 കോടി രൂപയും ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 70-75 ശതമാനം ഔട്ട്‌ലെറ്റുകളിലും 2022 ഓടെ ഡെലിവറി ഹബ്ബുകള്‍ തുടങ്ങാനും ഹാര്‍ഡ്കാസില്‍ റെസ്‌റ്റോറന്റ് ശൃംഖല ആലോചിക്കുന്നുണ്ട്.

അതേസമയം കേവലം ഡെലിവറി സേവനത്തിനപ്പുറം ഫുഡ് ഡെലിവറി ആപ്പുകളുമായി ചേര്‍ന്നുള്ള ബിസിനസ് പങ്കാളിത്തത്തെ കുറിച്ചുള്ള ആലോചനയിലാണ് അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ഭീമന്മാരായ കെഎഫ്‌സി. ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രീതിയുടെ വ്യാപ്തിയും പ്രചാരവും കൂട്ടുക എന്ന ലക്ഷ്യത്തോടെ നിലവില്‍ ഇന്ത്യയിലെ 340 ഓളം ഔട്ട്‌ലെറ്റുകളില്‍ ഡെലിവറി ഹബ്ബായി പ്രവര്‍ത്തിക്കുന്ന അടുക്കളകള്‍ കെഎഫ്‌സി പരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഫുഡ് കമ്പനിയായ യം ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പങ്കാളിയായ കെഎഫ്‌സി ഇന്ത്യയിലെ സിഎംഒ മോക്ഷ് ചോപ്ര വ്യക്തമാക്കി.

പക്ഷേ കണ്ണുമടച്ച് വിശ്വസിക്കല്ലേ

അംഗീകൃതമല്ലാത്ത ഔട്ട്‌ലെറ്റുകളെ തങ്ങളുടെ റെസ്റ്ററന്റ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിന് ഭക്ഷ്യസുരക്ഷ നിലവാര അതോറിട്ടിയില്‍ നിന്നും ഡെലിവറി ആപ്പുകള്‍ പഴികേട്ടിട്ടുമുണ്ട്. വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി തീവ്രമായ മാര്‍ക്കറ്റിംഗുമായി മുന്നോട്ടുപോകുന്നതിന് പകരം ശുചിത്വവും ഭക്ഷ്യഗുണനിലവാരവും ഉയര്‍ത്തുന്നതിനായി റെസ്റ്ററന്റുകള്‍ക്ക് പരിശീലനവും കാര്യക്ഷമത പോഷണവും നല്‍കണമെന്ന് അതോറിട്ടി വിതരണശൃംഖലയ്ക്ക് ഉപദേശവും നല്‍കി.

ലാഭത്തിനായുള്ള നെട്ടോട്ടത്തിനിടയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തത് ഡെലിവറി ആപ്പുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ചില റെസ്റ്ററന്റ് ശൃംഖലകള്‍ സ്വന്തമായി ഡെലിവറി ആപ്പുകള്‍ ആരംഭിക്കാനുള്ള ശ്രമവും ത്വരിതപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ ഡൊമിനോസ് പീസ ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന ജൂബിലന്റ് ഫുഡ് വര്‍ക്‌സിന്റെ സ്വന്തം ഡെലിവറി ആപ്പ് 1.7 മില്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി.

ഭീമമായ ഓഫറുകള്‍ നല്‍കി തങ്ങളുടെ കീശ കാലിയാക്കുന്നു എന്ന കാരണം ചൊല്ലി കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു.ചര്‍ച്ചകള്‍ക്ക് ശേഷം തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ദിവസങ്ങള്‍ക്കകം ഇവര്‍ ബഹിഷ്‌കരണം പിന്‍വലിക്കുകയും ചെയ്തു.

ഇന്റെര്‍നെറ്റ് വ്യാപ്തിയുടെയും പണം ചിലവഴിക്കാനുള്ള ഉപഭോക്താവിന്റെ മനസ്ഥിതിയില്‍ വന്ന മാറ്റത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗം വളരുകയാണ്. കൊച്ചിയിലെ ബൃന്ദാവന്‍ പോലുള്ള ഹോട്ടലുകളില്‍ സ്വിഗ്ഗിക്കാരുടെയും യുബര്‍ ഈറ്റ്‌സുകാരുടെയും നീണ്ട നിര ഇത് അടിവരയിടുന്നു.

ഫുഡ് ഡെലിവറി ആപ്പുകളുടെ വളര്‍ച്ച കേരളത്തിലെ ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമകള്‍ക്ക് അത്രയ്ക്ക് ദഹിച്ചിട്ടില്ല. ആപ്പുകള്‍ ഈടാക്കുന്ന ഉയര്‍ന്ന കമ്മീഷനാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടുതലായി നടക്കുമ്പോഴും ഉയര്‍ന്ന കമ്മീഷന്‍തുക കാരണം തങ്ങളില്‍ ലാഭമെത്തുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. ബെംഗളൂരു, മുംബൈപോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഡെലിവറി ആപ്പുകള്‍ വന്‍തുകയാണ് കമ്മീഷനായി ഈടാക്കുന്നതെന്ന് വിമര്‍ശനമുണ്ടായിരുന്നു..

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ കടന്നുവരവ് നിക്ഷേപരംഗത്തും തൊഴിലവസര രംഗത്തും ആശാവഹമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. കോളെജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരും പഠിച്ചുകൊണ്ടിരിക്കുന്നവരുമടക്കം നിരവധി യുവാക്കളാണ് ഡെലിവറി ബോയികളായി സ്വന്തം ചെലവിന് പണം കണ്ടെത്തുന്നത്. നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ് എന്നതുകൊണ്ടും ഒരു സ്മാര്‍ട്ട്‌ഫോണും മോട്ടര്‍ബൈക്കും ആളുകളെ വലയില്‍ വീഴ്ത്താനുള്ള ട്രിക്കും കയ്യിലുണ്ടെങ്കില്‍ നല്ല ലാഭമുണ്ടാക്കമെന്നതു കൊണ്ടും കൂടുതല്‍ കൂടുതല്‍ പേര്‍ ഡെലിവറി ബോയ്‌സായി രംഗത്തെത്തുന്നു.

Categories: FK Special, Slider