ദന്തഡോക്റ്റര്‍മാരെ കുടുംബഡോക്റ്റര്‍മാരാക്കും

ദന്തഡോക്റ്റര്‍മാരെ കുടുംബഡോക്റ്റര്‍മാരാക്കും

രാജ്യത്തെ പ്രാഥമികാരോഗ്യ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കാന്‍ ദന്ത ഡോക്റ്റര്‍മാരെ സാദാ ഡോക്റ്റര്‍മാരാക്കി ഉയര്‍ത്താന്‍ നീതിആയോഗിന്റെ പദ്ധതി. പ്രത്യേക യോഗ്യത കോഴ്‌സ് വഴി ഫാമിലി മെഡിസിന്‍/ മുഖ്യധാര വൈദ്യശാസ്ത്ര പ്രാക്റ്റീസിന് ഡെന്റിസ്റ്റുകളെ അനുവദിക്കാനാണു പദ്ധതി. ഇതിലൂടെ മധ്യനിര ആരോഗ്യസേവന ദാതാക്കളുടെ ഒരു കേഡര്‍ സൃഷ്ടിക്കാനാണു ശ്രമം. നീതി ആയോഗ് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇതു സംബന്ധിച്ച ശുപാര്‍ശ പരിശോധിക്കുകയാണ്. രാജ്യത്തെ വൈദ്യശാസ്ത്രവിദ്യാഭ്യാസം കൂടുതല്‍ വ്യാപകമാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഡോക്റ്റര്‍മാരുടെ നിലവിലെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിനും പ്രാഥമികാരോഗ്യ പരിരക്ഷ നല്‍കാന്‍ കൂടുതല്‍ ഡോക്റ്റര്‍മാരെ സൃഷ്ടിക്കുന്നതിനും ഉള്ളതാണു നീതി ആയോഗ് നിര്‍ദേശങ്ങള്‍. ഒരു വര്‍ഷത്തെ യോഗ്യതാകോഴ്‌സിനു ശേഷം ദന്തഡോക്റ്റര്‍മാര്‍ക്ക് എംബിബിഎസ് ഡോക്റ്റര്‍മാരെപ്പോലെ സധാരണ രോഗികളെ പരിശോധിക്കാമെന്നാണ് വിവക്ഷ. ഇതിനുള്ള ശുപാര്‍ശ ഒരു വര്‍ഷം മുമ്പു തന്നെ ഡെന്റല്‍ കൗണ്‍സില്‍, മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. ബിഡിഎസ്, എംബിബിഎസ് കോഴ്‌സുകളുടെ ആദ്യ മൂന്ന് വര്‍ഷത്തെ പാഠ്യപദ്ധതി സമാനമായതി ഇതിനു വളരെ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് രണ്ടു കൂട്ടരും എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ ആശയത്തെ എതിര്‍ത്തു. മുമ്പ് സമാനമായ ഒരു നിര്‍ദേശം നീതി ആയോഗ് മുന്നോട്ടു വെച്ചിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിന് പകരം നിര്‍ദേശിക്കപ്പെട്ട നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ചികില്‍സകരടങ്ങുന്ന ആയുഷ് ഡോക്റ്റര്‍മാരെ എംബിബിഎസ് ഡോക്റ്റര്‍മാര്‍ക്കു തത്തുല്യരാക്കാനായിരുന്നു നീക്കം. അലോപ്പതി ചികില്‍സാ രീതി പിന്തുടരാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയത് ഗ്രാമീണ മേഖലയിലെ ഡോക്റ്റര്‍മാരുടെ കുറവ് നികത്താനായിരുന്നുവെന്ന വാദമാണ് അന്ന് ഉയര്‍ത്തിയത്. എന്നാല്‍, ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ ആശയം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

Comments

comments

Categories: Health