50 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തിയ നോട്ടുനിരോധനം

50 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തിയ നോട്ടുനിരോധനം

തൊഴില്‍ നഷ്ടത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പ്രയാസം നേരിടുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2011നു ശേഷം തൊഴില്‍ ഇല്ലായ്മയില്‍ സ്ഥായിയായ വര്‍ദ്ധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നത് ആശങ്ക ഉയര്‍ത്തുന്ന വസ്തുതയാണെന്ന് അസിം പ്രേംജി സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

അഡ്വ.ജി സുഗുണന്‍

രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രശ്‌നമായി വളര്‍ന്നിട്ടുള്ളത് തൊഴിലില്ലായ്മയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ ഈ രാജ്യത്തെപ്പറ്റി വളരെ മോശമായ ഒരു ചിത്രമാണ് ലോകത്തിന് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റം, അഴിമതി, രാജ്യരക്ഷ, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, വിശ്വാസ സംരക്ഷണം അടക്കമുള്ള വിഷയങ്ങള്‍ നമ്മുടെ രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മപ പ്രശ്‌നത്തെ പിറകിലാക്കിയിരിക്കുകയാണെന്നുള്ളത് ഒരു വസ്തുതയാണ്. ഈ വിഷയത്തിന്റെ വളരെ ഗൗരവാഹമായ സ്ഥിതിയെ ഇന്ത്യന്‍ ജനതയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം അസിം പ്രേംജി സര്‍വകലാശാലയിലെ ദി സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയിമെന്റ് വിഭാഗം നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് ഈ സര്‍വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 2011 നും 2018 നും ഇടയിലുള്ള കാലയളവിനുള്ളില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6% ആയി ഇരട്ടിച്ചു എന്നും സര്‍വെ കണ്ടെത്തിയിട്ടുണ്ട്. നോട്ടു നിരോധന കാലത്താണ് തൊഴില്‍ നഷ്ടത്തിന് ആക്കം കൂട്ടിയതെങ്കിലും നോട്ടു നിരോധനം മാത്രമാണ് ഇതിന് കാരണമെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരെ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. സര്‍വെയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീകളെക്കൂടി പരിഗണിക്കുമ്പോള്‍ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി വളരെ കൂടുതലാകുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നഷ്ടത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പ്രയാസം നേരിടുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2011 നു ശേഷം തൊഴില്‍ ഇല്ലായ്മയില്‍ സ്ഥായിയായ വര്‍ദ്ധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നത് ആശങ്ക ഉയര്‍ത്തുന്ന വസ്തുതയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യുവാക്കള്‍ക്കിടയിലും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലുമാണ് തൊഴിലില്ലായ്മ വളരെ രൂക്ഷമായിട്ടുള്ളത്. നഗരത്തിലെ തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളുടെ ജനസംഖ്യയില്‍ 10% ത്തോളം പേര്‍ ബിരുദ ധാരികളാണ്. 20-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് തൊഴില്‍ രഹിതരില്‍ വലിയ പ്രാതിനിധ്യമുള്ളത്. നഗരങ്ങളിലെ തൊഴില്‍ പ്രാതിനിധ്യമുള്ള പുരുഷന്മമാരുടെ ജനസംഖ്യയില്‍ 13.5%ത്തിന്റെ പ്രാതിനിധ്യമാണ് ഈ വിഭാഗത്തിനുള്ളത്. എന്നാല്‍ ഇവരില്‍ 60% നും തൊഴില്‍ ഇല്ല.
തൊഴില്‍ പ്രായത്തിലുള്ള ഗ്രാമീണ പുരുഷന്മാരില്‍ 7% ആണ് ബിരുദധാരികള്‍. ഈ മേഘലയിലെ തൊഴില്‍ രഹിതര്‍ക്കിടയില്‍ 20% ല്‍ അധികമാണ് ഇവരുടെ പ്രാതിനിധ്യം. തൊഴില്‍ പ്രായത്തിലുള്ള ഗ്രാമീണ സ്ത്രീകളില്‍ 3.2% മാത്രമാണ് ബിരുദധാരികള്‍ ആയിട്ടുള്ളത്. എന്നാല്‍ ഈ മേഖലയിലെ തൊഴില്‍ രഹിതരുടെ ഇടയില്‍ 24% പ്രാതിനിധ്യം ഇവര്‍ക്കുണ്ട്.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്കും ഇക്കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴില്‍ അവസരങ്ങളും ഗണ്യമായി കുറഞ്ഞു. 2018 ല്‍ തൊഴിലില്ലായ്മ നിരക്ക് 6% ആണ്. 2000 മുതല്‍ 2011 വരെയുള്ള ദശാബ്ദത്തിലെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഇരട്ടിയാണ് ഇതെന്നും ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളില്‍ താമസിക്കുന്നവരില്‍ 34% സ്ത്രീകളും തൊഴില്‍ രഹിതരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 നു ശേഷം രാജ്യത്തെ പുതിയ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിക്‌സ് നടത്തിയ കണ്‍സ്യൂമര്‍ പിരമിഡ് സര്‍വെയേ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ തൊഴില്‍ വിപണിയെക്കുറിച്ചുള്ള പഠനം. രാജ്യത്തെ 1.6 ലക്ഷം വീടുകളെയും 5.22 ലക്ഷം വ്യക്തികളെയും ഉള്‍പ്പെടുത്തിയാണ് ഈ സര്‍വെ.

രാജ്യം ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് എത്തിനില്‍ക്കുന്നതെന്ന് തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ മുഖ്യചുമതലക്കാരന്‍ അമിത് ഫോസ്‌ലെ പറയുകയുണ്ടായി. നോട്ടു നിരോധനത്തിനു ശേഷം രൂക്ഷമായ തൊഴില്‍ ഇല്ലായ്മയ്ക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞിരിക്കുന്നത്. നോട്ടുനിരോധനത്തിനും ജിഎസ്ടി(ചരക്കുസേവനനികുതി) നടപ്പിലാക്കിയതിനും ശേഷം സ്വകാര്യ മേഖലയിലും തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ അസിം പ്രേംജി സര്‍വകലാശാല തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ടില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് രൂക്ഷമായ തൊഴില്‍ ഇല്ലായ്മയ്ക്ക് പരിഹാരം കാണാനായി നിര്‍ദേശിച്ചിട്ടുള്ളത്:-
1. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ മാതൃകയില്‍ നാഗരിക തൊഴില്‍ ഉറപ്പ് പദ്ധതി (യുഇജിപി) നടപ്പിലാക്കണം. ചെറുപട്ടണങ്ങളില്‍ 5 കോടി പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ യുഇജിപിക്ക് ആകും. നഗരങ്ങളില്‍ 500 രൂപ ദിവസക്കൂലി നല്‍കണം. പ്രതിവര്‍ഷം 100 ദിവസമെങ്കിലും ജോലി ഉറപ്പാക്കുകയും വേണം.
2. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6% വരെ വിദ്യാഭ്യാസ മേഘലയിലും 3% വരെ ആരോഗ്യ മേഖലയിലും ചെലവിട്ടാല്‍ 20 ലക്ഷത്തിലേറെ നല്ല തൊഴിലുകള്‍ സൃഷ്ടിക്കാം. പൊതുസേവനങ്ങളുടെ ഗുണനിവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
3. ധനകമ്മി ലക്ഷ്യങ്ങള്‍ക്കു വേണ്ടി തൊഴില്‍ സൃഷ്ടിയിലും പൊതുസേവനങ്ങളിലും വിട്ടുവീഴ്ച അരുത്.
4. ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ വ്യവസായ നയം കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനില്‍ സ്വതന്ത്ര്യ അംഗവും ആക്റ്റിംഗ് ചെയര്‍മാനുമായ പി സി മോഹനന്‍, ജെ വി മീനാക്ഷി എന്നിവരാണ് അതിലെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തൊഴില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടും അതില്‍ നിന്നും രാജി വെച്ചത്. ഇവരുടെ രാജിയോടെ ചീഫ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷണര്‍ പ്രവീണ്‍ ശ്രീവാസ്തവ, നിതി ആയോഗ് സിഇഒ അമിതാബ് കാന്ത് എന്നിവര്‍ മാത്രമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കില്‍ കമ്മീഷനില്‍ അവശേഷിക്കുന്നത്.

രാജ്യത്ത് വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ കഴിഞ്ഞ ജനുവരിയിലാണ് രാജി വച്ചത്. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി എന്ന് വ്യക്തമാക്കുന്നതായിരുന്നു ദേശീയ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും വിവരമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത്.

നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ സമ്പദ് ഘടനയെ അപ്പാടെ താറുമാറാക്കിയെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍ ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് രാജ്യത്തെ അസംഘടിത മേഖലയാണെന്ന് ഈ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് ഈ മേഖലയിലാണ്.

നമ്മുടെ രാജ്യത്തെ തൊഴില്‍ വിപണിയും തൊഴില്‍ സ്റ്റാസ്റ്റിക്ക്‌സും ഏറ്റവും അധികം തകരാറിലായ 3 വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് പറഞ്ഞു കൊണ്ടാണ് അസിം പ്രേംജി സര്‍വകലാശാല റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. തൊഴിലില്ലായ്മ വ്യാപകമാക്കാന്‍ നോട്ടു നിരോധനം ഇടയാക്കിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സാര്‍വത്രികമായി വന്നിട്ടുള്ളതാണ്. വ്യാവസായികമായി ഉയര്‍ന്ന സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ പോലും തകര്‍ന്ന് തരിപ്പണമായി. വ്യാവസായികമായി ഉയര്‍ന്ന ഗുജറാത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ 40% ഉം, വ്യാവസായിക രംഗത്തെ ഉയര്‍ന്ന് നില്‍ക്കുന്ന മഹാരാഷ്ട്രയിലെ തുണിമില്ലുകളില്‍ ഏതാണ്ട് പകുതിയോളവും നോട്ടു നിരോധനത്തെ തുടര്‍ന്ന് പൂട്ടിയതിന്റെ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ ജനങ്ങള്‍ ആകെ ശ്രദ്ധിച്ചതാണ്.

നോട്ടു നിരോധനവും ജിഎസ്ടിയും മൂലം സൃഷ്ടിക്കപ്പെട്ട ഭയാനകമായ തൊഴിലില്ലായ്മ ഈ തെരഞ്ഞെടുപ്പില്‍ പ്രാഥമിക സാമ്പത്തിക വിഷയമായി ഉയര്‍ന്ന് വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടു നിരോധനത്തിന്റെയും ജിഎസ്ടിയുടെയും കെടുതികളെപ്പറ്റി ഇനിയും വിശദമായി പഠിക്കുകയും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടതുമുണ്ട്. ഭരണകക്ഷിയുടെ ശക്തമായ സ്വാധീനം രാജ്യത്ത് ഇതിനു പോലും തടസ്സമുണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. എന്തായാലും നോട്ടു നിരോധനം മൂലമുണ്ടായ കെടുതികളുടെ ഒരു ഭാഗമെങ്കിലും ബാംഗ്ലൂരിലെ ഈ യൂണിവേഴ്‌സിറ്റി അതിന്റെ സര്‍വെ റിപ്പോര്‍ട്ടില്‍ കൂടി പുറത്തുവിട്ടത് സ്വാഗതാര്‍ഹമാണ്. അതുകൊണ്ടു തന്നെ വളരെ വിശദമായ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട പ്രധാനപ്പെട്ട സര്‍വെ റിപ്പോര്‍ട്ടാണ് ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

(ലേഖകന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ്.ഫോണ്‍: 9847132428. ഇ-മെയ്ല്‍: advgsugunan@gmail.com)

Comments

comments

Categories: Top Stories

Related Articles