ചൈനയില്‍ കര്‍ഷകനാണ് ഇന്റര്‍നെറ്റിലെ താരം

ചൈനയില്‍ കര്‍ഷകനാണ് ഇന്റര്‍നെറ്റിലെ താരം

ചൈനയില്‍ തത്സമയ വീഡിയോ സ്ട്രീമിംഗിനു സ്വീകാര്യതയേറുകയാണ്. ചെറുപ്രായക്കാരനായ ഒരു പന്നി കര്‍ഷകന്റെ വീഡിയോയാണ് ഇപ്പോള്‍ അവിടെ വൈറലായിരിക്കുന്നത്. ഒരു വിനോദത്തിനു വേണ്ടി ആരംഭിച്ച വീഡിയോ സ്ട്രീമിംഗ് ഇന്നു യുവാവിന്റെ പ്രധാന വരുമാന മാര്‍ഗമായിരിക്കുന്നു.

ഇ-കൊമേഴ്‌സില്‍ മുന്നേറിയതു പോലെ, ചൈന ലൈവ് സ്ട്രീമിംഗിലും മുന്നേറ്റം നടത്തുകയാണ്.ഡിജിറ്റല്‍ ബ്രാന്‍ഡ് ഗവേഷണസ്ഥാപനമായ L2 -ന്റെ കണക്ക്പ്രകാരം, ഓരോ മാസവും 100 ദശലക്ഷത്തിലധികം പേര്‍ തത്സമയ ഓണ്‍ലൈന്‍ വീഡിയോ വീക്ഷിക്കുന്നുണ്ടെന്നാണ്. ലൈവ് സ്ട്രീമിംഗ് ഇന്നു ശക്തമായൊരു ഉപകരണമായിരിക്കുകയാണ്. പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് രംഗത്ത്. സിനിമയിലോ, രാഷ്ട്രീയത്തിലോ, കലാരംഗത്തോ പ്രവര്‍ത്തിക്കുന്ന, പ്രശസ്തി നേടിയവരായിരിക്കും സാധാരണയായി ലൈവ് സ്ട്രീമിംഗിലുണ്ടാവുക. ഇവര്‍ ലൈവ് സ്ട്രീമിംഗിലുടെ ഒരു ഉത്പന്നം പ്രദര്‍ശിപ്പിക്കുകയോ, ഡിജിറ്റല്‍ പ്രേക്ഷകരില്‍നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്യും. പക്ഷേ, സാധാരണക്കാരായവര്‍ അവരുടെ അനുദിന ജീവിതം സ്ട്രീം ചെയ്യുന്നതാണ് ഇപ്പോള്‍ ചൈനയില്‍ പൊതുവേ കാണുന്ന ട്രെന്‍ഡ്. അതിനാണു ഡിമാന്‍ഡുള്ളത്.

ലൈവ് സ്ട്രീമിംഗിനെ വാണിജ്യപരമായും, നോണ്‍ കമേഴ്‌സ്യല്‍സായും ഉപയോഗിക്കാറുണ്ട്. ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നത്, ആഹാരക്രമങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അഥവാ ഡയറ്റ് ടിപ്‌സ് അവതരിപ്പിക്കുന്നത്, നൃത്ത ചുവടുകള്‍ അവതരിപ്പിക്കുന്നത് എന്നിവയൊക്കെയാണു പൊതുവേ നോണ്‍ കമേഴ്‌സ്യല്‍ എന്നു പറയുന്നത്. ക്യുഎയ്ഷു (Kuaishou) എന്ന ചൈനീസ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ സിയാഓ ജിജി (Xiao Jiji) എന്ന പേരില്‍ 24-കാരന്‍ വു നെങ്ജി (Wu Nengji) പബ്ലിഷ് ചെയ്യുന്ന ഹ്രസ്വ സിനിമകള്‍ക്ക് നല്ല ഡിമാന്‍ഡാണ് ഇപ്പോള്‍. സിയാഓ ജിജി എന്നാല്‍ ചൈനീസ് ഭാഷയില്‍ ചെറിയ ഭാഗ്യവാന്‍ അഥവാ Little Fortunate എന്നാണ് അര്‍ഥം. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ക്കു ചൈനയില്‍ നല്ല ജനപ്രീതി ലഭിച്ചിരിക്കുന്നു. ഒരു നേരമ്പോക്കിനു വേണ്ടിയാണു വു നെങ്ജി വീഡിയോ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചതെങ്കിലും ഇന്ന് അത് അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗമായി കഴിഞ്ഞു. പ്രതിമാസം 10,000 മുതല്‍ 20,000 യുവാന്‍ വരെ സമ്പാദിക്കാന്‍ സാധിക്കുന്നുണ്ടെന്നു വു നെങ്ജി പറയുന്നു. ഇത് ഒരു ചൈനീസ് ഫാക്ടറി തൊഴിലാളി ഒരു മാസം സമ്പാദിക്കുന്നതിനേക്കാള്‍ മൂന്ന് മുതല്‍ ആറ് ഇരട്ടി വരെ വരും. വു നെങ്ജിയുടെ വരുമാന സ്രോതസ് പ്രധാനമായും അദ്ദേഹത്തിന്റെ ആരാധകരാണ്. വന്‍കിട കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലെന്നു ചുരുക്കം. ഒന്നോ, രണ്ടോ ചൈനീസ യുവാന്‍ വില വരുന്ന റോസാ പുഷ്പത്തിന്റെയോ, മറ്റ് പ്രകൃതി ദൃശ്യങ്ങളുടെയോ ചിത്രങ്ങളും അദ്ദേഹത്തിനു വെര്‍ച്വല്‍ സമ്മാനമായി ലഭിക്കാറുണ്ട്. ഈ വെര്‍ച്വല്‍ സമ്മാനം പണമായി കണ്‍വെര്‍ട്ട് ചെയ്യാന്‍ അഥവാ രൂപാന്തരപ്പെടുത്താന്‍ സാധിക്കുന്നവയാണ്. ഇത്തരത്തില്‍ വു നെങ്ജിക്ക് ലഭിക്കുന്ന വെര്‍ച്വല്‍ സമ്മാനമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനം.

ചൈനയിലെ സ്ട്രീമിംഗ് സെന്‍സേഷന്‍

ചൈനയില്‍, ഹ്രസ്വ വീഡിയോകളുടെ സ്ട്രീമിംഗ് വലിയ വ്യവസായമായി മാറിയിരിക്കുകയാണ്. ചൈനയിലെ ആദ്യ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമെന്നു വിശേഷിപ്പിക്കുന്ന വൈ വൈ ആന്‍ഡ് സിക്‌സ് റൂംസ് പ്രവര്‍ത്തനം തുടങ്ങിയത് 2008-ലായിരുന്നു. പിന്നീട് വിപണിയില്‍ ഇവര്‍ക്കു മത്സരം സൃഷ്ടിച്ചു കൊണ്ടു മെയ്‌പെയ്, ഹുവാജിയോ, യിസ്ഹിബോ, ഡൗയിന്‍ എന്നീ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും വന്നു. ഇപ്പോള്‍ ചൈനയില്‍ ജനകീയമായ ക്യുഎയ്ഷു എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം 2011-ലാണ് രൂപീകരിച്ചത്. ഇത് ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രതിമാസം 266 ദശലക്ഷം യൂസര്‍മാര്‍ ക്യുഎയ്ഷുവിനുണ്ടെന്നാണു കണക്ക്. ചൈന ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (സിഎന്‍എന്‍ഐസി) കണക്ക്പ്രകാരം, 2018 അവസാനത്തോടെ 648 ദശലക്ഷം ചൈനീസ് നെറ്റിസണ്‍സ് (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തി) ഹ്രസ്വ വീഡിയോകള്‍ വീക്ഷിച്ചിരുന്നു എന്നാണ്. ഈ വീഡിയോകള്‍ക്കു 11.8 ബില്യന്‍ യുവാന്റെ വിപണി മൂല്യമുണ്ടായിരുന്നെന്നും കണക്കുകള്‍ സൂചിപ്പിച്ചു.

വു നെങ്ജി എന്ന സെന്‍സേഷന്‍

ക്യുഎയ്ഷു എന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ വു നെങ്ജി എന്ന വ്യക്തി വളരെ പ്രശസ്തനാണ്. മൂന്ന് വര്‍ഷം മുമ്പാണ് വു നെങ്ജി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ക്യുഎയ്ഷുവില്‍ വീഡിയോ പബ്ലിഷ് ചെയ്തു തുടങ്ങിയത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഫുഡ് ഡെലിവറിയടക്കം വു നെങ്ജി പല ജോലികളും ചെയ്‌തെങ്കിലും അവയൊന്നും ജീവിക്കാന്‍ തക്കവിധം വരുമാനം അദ്ദേഹത്തിനു നേടി കൊടുത്തില്ല. ഒടുവില്‍ ജോലി രാജിവച്ചു വു നെങ്ജി ബീജിംഗില്‍നിന്നും സ്വന്തം ഗ്രാമമായ ഹേപുവിലേക്കു തിരികെയെത്തി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പബ്ലിഷ് ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ എന്തു വീഡിയോ പബ്ലിഷ് ചെയ്യണമെന്നു വു നെങ്ജിക്കു വലിയ ധാരണയൊന്നുമില്ലായിരുന്നു. അതു കൊണ്ട് അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തെ വീഡിയോ ആയി സ്ട്രീം ചെയ്തു. അത് ഹിറ്റാവുകയും ചെയ്തു. അതിനു ശേഷം ഇതുവരെയായി വു നെങ്ജി 2000-ത്തിലധികം വീഡിയോകള്‍ നിര്‍മിച്ചു കഴിഞ്ഞു. 5.6 ദശലക്ഷം ഫോളോവേഴ്‌സിനെയും സമ്പാദിച്ചു. ‘ ഞാന്‍ എന്റെ എല്ലാ വീഡിയോകളും ചിത്രീകരിക്കാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു രംഗം ചിത്രീകരിക്കാന്‍ ഒന്നോ രണ്ടോ ടേക്കുകള്‍ മാത്രമാണെടുക്കുന്നതെന്നും ‘ വു നെങ്ജി പറഞ്ഞു. ‘ എന്റെ പരിപാടികള്‍ക്ക് പ്രത്യേകിച്ചു സന്ദേശങ്ങളൊന്നും നല്‍കാനില്ല. മണിക്കൂറുകള്‍ നീണ്ട ജോലി ചെയ്തതിനു ശേഷമെത്തുന്നവരെ പുഞ്ചിരിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നതെന്ന് ‘ വു നെങ്ജി പറയുന്നു.

പിതാവിന്റെ പന്നി വളര്‍ത്തു കേന്ദ്രങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശമോ, ഒറ്റയടി പാതകളോ ഒക്കെയായിരിക്കും വു നെങ്ജിയുടെ വീഡിയോയുടെ പശ്ചാത്തലം. വു നെങ്ജിയുടെ കലാസൃഷ്ടികള്‍ ഭാവനാപരമാണ്. കൃഷിയിടത്തിലെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചോ, ഒരു ഗേള്‍ ഫ്രണ്ടിനെ കണ്ടെത്തുന്നതിലുള്ള ക്ലേശങ്ങളെ കുറിച്ചോ ഒക്കെയായിരിക്കും വീഡിയോ. വു നെങ്ജിയുടെ പിതാവിനു സ്വന്തമായി പന്നി ഫാമുണ്ട്. കൃഷിയിടത്തില്‍ വു നെങ്ജി പന്നികള്‍ക്കു ഭക്ഷണം നല്‍കുന്നതും, കൂട് ശുചിയാക്കുന്നതുമൊക്കെ വീഡിയോ സ്ട്രീം ചെയ്യാറുണ്ട്. ലൈവ് സ്ട്രീമിംഗിന് വിശ്വാസ്യതയുണ്ടെന്നതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചൈനയില്‍ ടിവി സംപ്രേക്ഷണം ഭരണകൂടത്തിന്റെ കീഴിലാണ് നടക്കുന്നത്. ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നതു ഭൂരിഭാഗവും മുന്‍കൂട്ടി തയാറാക്കിയവയായിരിക്കും. എന്നാല്‍ ലൈവ് സ്ട്രീമിംഗ് അങ്ങനെയല്ല. അവ പെട്ടെന്നു സംഭവിക്കുന്നതാണ്. ചൈനയില്‍ ലൈവ് സ്ട്രീമിംഗിനു സ്വീകാര്യത ലഭിക്കുന്നതിന്റെ പ്രധാന കാരണവും ഈയൊരു ഘടകമാണെന്നു പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.

Comments

comments

Categories: Top Stories

Related Articles