മസ്തിഷ്‌കമരണം: തിരിച്ചുവരവ് സാധ്യം

മസ്തിഷ്‌കമരണം: തിരിച്ചുവരവ് സാധ്യം

മസ്തിഷ്‌കമരണം സംഭവിച്ച പന്നികളില്‍ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃപ്രവര്‍ത്തിപ്പിക്കാനായി

മസ്തിഷ്‌കമരണം സംഭവിച്ചവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാകില്ലെന്ന ധാരണ ഇന്നു ശക്തമാണ്. അവയവദാനത്തിനടക്കം മസ്തിഷ്‌ക മരണം സംഭവിച്ചവരെയാണ് ആശ്രയിക്കാറുള്ളത്. മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ജീവന്‍ മാത്രം വെന്റിലേറ്റര്‍ സഹായത്തോടെ പിടിച്ചു നിര്‍ത്തുകയും ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള മറ്റെല്ലാ സാധ്യതകളും അവസാനിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. പലപ്പോഴും ആശുപത്രിയില്‍ ദിവസങ്ങളോളം ഈയവസ്ഥയില്‍ രോഗി കഴിയുമ്പോള്‍ ഉറ്റവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയും അവസാനം നിരാശപ്പെടുകയുമാണു പതിവ്. ഇത്തരം പ്രതീക്ഷകള്‍ക്ക് ഇനി ചിറകു മുളയ്ക്കുമെന്നു കരുതാം. മസ്തിഷ്‌കമരണം സംഭവിച്ചവരില്‍, ഹൃദയഘാതം വന്നവരില്‍ ഷോക്ക് നല്‍കിയും മറ്റും ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടു വരുന്നതു പോലെ, തലച്ചോറിന്റെ പ്രവര്‍ത്തനം പുനരാവിഷ്‌കരിക്കാനാകുന്ന പരീക്ഷണത്തില്‍ ശാസ്ത്രം വിജയിച്ചിരിക്കുന്നു.

യുഎസില്‍ പന്നികളിലാണ് മസ്തിഷ്‌കമരണം സംഭവിച്ചു മണിക്കൂറുകള്‍ക്കു ശേഷം കോശങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കാനായത്. പന്നികളുടെ മസ്തിഷ്‌കത്തിലെ അടിസ്ഥാന കോശപ്രവര്‍ത്തനം പുനരാരംഭിപ്പിക്കുന്നതില്‍ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ വിജയിച്ചു. പക്ഷാഘാതവും മസ്തിഷ്‌ക ക്ഷതങ്ങളും പോലെ മനുഷ്യരിലെ അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതില്‍ കണ്ടുപിടിത്തം വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഗവേഷകര്‍ അറിയിച്ചു. ചത്ത പന്നിയുടെ മസ്തിഷ്‌കം പ്രവര്‍ത്തിപ്പിക്കുവാന്‍ കണ്ടുപിടിത്തം ഉപയോഗിക്കാനാകില്ലെന്ന് ശാസ്ത്രജ്ഞര്‍ തറപ്പിച്ചു വ്യക്തമാക്കി. അത്തരമൊരു പ്രചാരണത്തിന് ഇടകൊടുക്കാത്ത വിധത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് പരീക്ഷണം. എന്നാലിത് മസ്തിഷ്‌ക മരണത്തിന്റെ നിര്‍വചനത്തെയും അവയവ ദാനവുമായും ബന്ധപ്പെട്ട ധാര്‍മികവും നിയമപരവുമായ ഒട്ടേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

തലച്ചോറിന്റെ വികസനം, വൈകല്യങ്ങള്‍, പരിണാമം എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ സാധ്യതയാണ് ഗവേഷണം തുറന്നിട്ടിരിക്കുന്നത്. വലിയ സസ്തനികളുടെ തലച്ചോറുകള്‍ മൂന്നു തലങ്ങളിലായി വിശകലനം ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള സാധ്യതയാണ് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ തേടിയത്. ഇതു വരെ കോശജാല മാതൃകകളെ മാത്രം അടിസ്ഥാനമാക്കിയ നിയന്ത്രിത പഠനങ്ങളെ അപേക്ഷിച്ച് അതിവിപുലവും വിശാലവുമായ ഗവേഷണം. ഓക്‌സിജനും രക്തപ്രവാഹവും നിലച്ചു നിമിഷങ്ങള്‍ക്കകം തന്നെ അടിസ്ഥാന കോശപ്രവര്‍ത്തനങ്ങളും അവസാനിക്കുമെന്ന മസ്തിഷ്‌കമരണം സംബന്ധിച്ച ദീര്‍ഘകാലവിശ്വാസങ്ങള്‍ക്കു വിരുദ്ധമാണിത്. ഒരു അറവുശാലയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പന്നിയുടെ മസ്തിഷ്‌ക കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിലാണ് ഗവേഷണസംഘം വിജയം കണ്ടത്. മൃഗത്തിന്റെ തലച്ചോറിലെ രക്തചംക്രമണ സംവിധാനവും സെല്ലുലാര്‍ മെറ്റബോളിസവും പരിമിതമായ രീതിയില്‍ പുനരുജ്ജീവിപ്പിക്കാനായി.

ചത്തു പോയ പന്നിയുടെ മസ്തിഷ്‌ക കോശങ്ങള്‍ നാലുമണിക്കൂറിനു ശേഷമാണ് പുനരുജ്ജീവിപ്പിച്ചത്. തലച്ചോറിലെ കോശജാലങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക രാസമരുന്ന് രൂപകല്‍പ്പന ചെയ്തിരുന്നു. ഇതിന്റെ മസ്തിഷ്‌കം രക്തചംക്രമണം പുനരാരംഭിക്കുന്നതിനുള്ള ശേഷി നിലനിര്‍ത്തുന്നു, ചില തന്മാത്രകളും കോശപ്രവര്‍ത്തനങ്ങളും രക്തചംക്രമണം ഇല്ലാതായി മണിക്കൂറുകള്‍ക്കു ശേഷം സംഭവിക്കുകയാണിവിടെയെന്ന് ഗവേഷകനായ നെനാദ് സെസ്റ്റന്‍ പറഞ്ഞു. അതേസമയം, ഇപ്രകാരം സംസ്‌കരിക്കപ്പെട്ട തലച്ചോറില്‍ അവബോധം, ബോധം എന്നിവയുമായി ബന്ധപ്പെട്ട വൈദ്യുതപ്രവര്‍ത്തനങ്ങള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ശാസ്ത്രജ്ഞന്മാര്‍ ഊന്നിപ്പറഞ്ഞു. ശരിക്കു പറഞ്ഞാല്‍ ഇപ്പോഴിത് ജീവനുള്ള ഒരു മസ്തിഷ്‌കം അല്ല, മറിച്ച് കോശപ്രവര്‍ത്തനങ്ങള്‍ മാത്രം നടക്കുന്ന ഒരു തലച്ചോറ് ആണെന്ന് ഗവേഷകന്‍ സ്വോനിമിര്‍ വെഴ്‌സെല്‍ജ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനെ സംരക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന രാസമരുന്നുകള്‍ നാഡീ സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതു തടയുന്നു. അനസ്‌തേഷ്യ പ്രയോഗത്താലും താപനില കുറയ്ക്കുന്നതിലൂടെയും തലച്ചോറിലെ വൈദ്യുതപ്രവാഹം തടയാന്‍ ഗവേഷകര്‍ തയ്യാറായിട്ടുണ്ട്. കണ്ടുപിടിത്തം മനുഷ്യര്‍ക്കുണ്ടാകുന്ന ചികില്‍സാ പയോജനങ്ങള്‍ സംബന്ധിച്ച് പഠനത്തിനിടയാക്കുന്നില്ലെങ്കിലും പക്ഷാഘാതരോഗികളില്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുതിയ വേദി തുറന്നു തരുന്നു.

Comments

comments

Categories: Health
Tags: Brain death, Pig