ലോകത്തെ കെണിയില്‍ വീഴ്ത്താന്‍ പുതുതന്ത്രങ്ങളുമായി ബെല്‍റ്റ് റോഡ് ഉച്ചകോടി

ലോകത്തെ കെണിയില്‍ വീഴ്ത്താന്‍ പുതുതന്ത്രങ്ങളുമായി ബെല്‍റ്റ് റോഡ് ഉച്ചകോടി

ഏപ്രില്‍ 25 മുതല്‍ 27 വരെയാണ് ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത് ഉച്ചകോടി നടക്കുന്നത്. ചൈനീസ് കൊളോണിയലിസത്തിന്റെ ഭാഗമാണ് പദ്ധതിയെന്നുള്ള വിമര്‍ശനം കടുത്തതോടെ നയമൊന്ന് മാറ്റിപിടിച്ചിരിക്കുകായണ് ചൈന

  • 37 ലോകനേതാക്കള്‍ രണ്ടാമത് ബെല്‍റ്റ് റോഡ് ഉച്ചകോടിയില്‍ പങ്കെടുക്കും
  • പദ്ധതി രാഷ്ട്രീയ ആയുധമല്ലെന്ന് ചൈന ആവര്‍ത്തിച്ചു
  • ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്
  • ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ് ബെല്‍റ്റ് റോഡ് പദ്ധതി

ബെയ്ജിംഗ്: ചൈനയുടെ വിവാദമായ ബെല്‍റ്റ് റോഡ് പദ്ധതി (ബിആര്‍ഐ) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഉച്ചകോടി ഈ ആഴ്ച്ച ബെയ്ജിംഗില്‍ ചേരും. നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ അജണ്ട വ്യക്തമാക്കി ചൈന തയാറാക്കിയ രേഖയില്‍ ഇത്തവണ സുസ്ഥിര സാമ്പത്തിക പിന്തുണയും ഹരിത വളര്‍ച്ചയും പരാമര്‍ശിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമായി.

അടിസ്ഥാനസൗകര്യ നിക്ഷേപ പദ്ധതിയെന്ന് പ്രഖ്യാപിച്ച് ലോകത്തെ കീഴടക്കാന്‍ ചൈന ആസൂത്രണം ചെയ്ത ബെല്‍റ്റ് റോഡ് പ്രൊജക്റ്റ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള ഈ പദ്ധതിക്ക് നിക്ഷേപത്തേക്കാള്‍ വലിയ മാനങ്ങളുണ്ടെന്നാണ് വിമര്‍ശനങ്ങള്‍. ചെറുരാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈനയുടെ രാഷ്ട്രീയ സ്വാധീനം ലോകത്ത് വ്യാപിപ്പിക്കാനുള്ള പദ്ധതിയാണിതെന്നാണ് അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിശ്വസിക്കുന്നത്. അടുത്തിടെ ബെല്‍റ്റ് റോഡിന്റെ ഭാഗമാകാന്‍ ഇറ്റലി തീരുമാനിച്ചതിനെ അമേരിക്ക വിമര്‍ശിച്ചിരുന്നു.

ബെല്‍റ്റ് റോഡ് പദ്ധതി കൂടുതലും രാഷ്ട്രീയ അധിഷ്ഠിതമാണെന്നും അതില്‍ നിന്നുള്ള നിക്ഷേപ നട്ടത്തെകുറിച്ച് അതുകൊണ്ടുതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് വ്യവസായലോകത്തിന്റെ നിലപാട്.

നിരവധി രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിയാണെങ്കിലും ചൈനയുടെ രാഷ്ട്രീയ സ്വാധീനം മറ്റ് രാജ്യങ്ങളില്‍ വര്‍ധിപ്പിക്കുക എന്നതിനായിരിക്കും ബെല്‍റ്റ് റോഡിന്റെ മുന്‍ഗണനയെന്ന് മക്ക്വയര്‍ ഗ്രൂപ്പിന്റെ ഫ്രാങ്ക് ക്വോക്ക് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികപരമായി ആ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ ചൈനയുടെ ശ്രദ്ധ ബെല്‍റ്റ് റോഡിലൂടെ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കുന്നതിനായിരിക്കും.

എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ് ഷി ജിന്‍പിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ബെല്‍റ്റ് റോഡിനെതിരെ ആഗോള തലത്തില്‍ തന്നെ എതിര്‍പ്പുന്നയിച്ച പ്രധാന രാജ്യം ഇന്ത്യയാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബെല്‍റ്റ് റോഡ് ഫോറത്തിന്റെ ആദ്യ സമ്മിറ്റില്‍ പങ്കെടുത്തപ്പോള്‍ ചൈനയുടെ അതിസമ്മര്‍ദ്ദത്തെ അതിജീവിച്ച് ഇന്ത്യ അതില്‍ നിന്നും വിട്ടുനിന്നു. ഏപ്രില്‍ 25 മുതല്‍ 27 വരെ നടക്കുന്ന രണ്ടാം ഉച്ചകോടിയിലും പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ബെല്‍റ്റ് റോഡിന്റെ കാതലെന്ന് പറയാവുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പദ്ധതി കൂടിയായിട്ടാണ് നരേന്ദ്രമ മോദി സര്‍ക്കാര്‍ ഇതിനെ കാണുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമുള്ള നിക്ഷേപം വാഗ്ദാനം ചെയ്ത് ചൈനയുടെ കടക്കെണിയില്‍ വീഴ്ത്താനുള്ള തന്ത്രമാണ് ഷി ജിന്‍പിംഗ് ആവിഷ്‌കരിക്കുന്നത്. ഇത് ആ രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുകയും ചൈനയുടെ കൊളോണിയല്‍വല്‍ക്കരണത്തിന്റെ ഇരകളായി അവരെ മാറ്റുകയും ചെയ്‌തേക്കും.

വിമര്‍ശനങ്ങള്‍ കടുത്തതിനാലാകണം മുമ്പില്ലാത്ത തരത്തില്‍ സുസ്ഥിര ധനസഹായമെന്നും ഹരിത ലക്ഷ്യമെന്നുമെല്ലാം ചൈന സമ്മിറ്റിന് മുന്നോടിയായുള്ള കരട് രേഖയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഗ്രീന്‍ എന്ന വാക്ക് പുതിയ രേഖയില്‍ ഏഴ് തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇതില്ലായിരുന്നു. പദ്ധതിക്ക് പ്രകൃതി സൗഹൃദ മാനം നല്‍കാനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

ബെല്‍റ്റ് റോഡ് ഒരു രാഷ്ട്രീയ ആയുധമല്ലെന്ന് ചൈനീസ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വാംഗ് യി വെള്ളിയാഴ്ച്ചയും ആവര്‍ത്തിച്ചു. ഏപ്രില്‍ 25ന് തുടങ്ങുന്ന ഉച്ചകോടിയില്‍ 37 ലോകനേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം. താഴെതട്ടിലുള്ള ഉദ്യോഗസ്ഥരെയാണ് അമേരിക്ക ഉച്ചകോടിക്ക് അയക്കുന്നത്.

Comments

comments

Categories: FK News