ഏറ്റവുമധികം പേര്‍ ഉപയോഗിച്ച പാസ്‌വേഡ് ‘ 123456 ‘

ഏറ്റവുമധികം പേര്‍ ഉപയോഗിച്ച പാസ്‌വേഡ് ‘ 123456 ‘

ലണ്ടന്‍: എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിക്കുന്ന പാസ്‌വേഡാണു ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ തന്ത്രപ്രധാന എക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതെന്നു യുകെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്‌സി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ഗ്ലാസ്‌കോയില്‍ നടന്ന എന്‍സിഎസ്‌സിയുടെ സൈബര്‍ യുകെ കോണ്‍ഫറന്‍സില്‍ പുറത്തുവിടുകയുണ്ടായി. ഓണ്‍ലൈനില്‍ ഷോപ്പിംഗും, ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിനുമുള്ള എക്കൗണ്ടിന്റെ പാസ്‌വേഡ് മറ്റുള്ളവര്‍ക്ക് എളുപ്പം ഊഹിക്കാന്‍ സാധിക്കുന്നവയാണെങ്കില്‍ അത് ഹാക്ക് ചെയ്യപ്പെടാനുള്ള അഥവാ അപഹരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 പേരില്‍ നാലു പേരും ഇത്തരത്തില്‍ ദുര്‍ബലമായ പാസ്‌വേഡുള്ളവരാണ്.

23.3 ദശലക്ഷം പേര്‍, ഊഹിക്കാന്‍ എളുപ്പമായ 123456 എന്ന പാസ്‌വേഡ് ഉപയോഗിച്ചതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. 3.8 ദശലക്ഷം പേര്‍ ക്വവര്‍ട്ടി (qwetry) എന്നതും പാസ്‌വേഡാക്കി. ക്വവര്‍ട്ടി എന്നത് കമ്പ്യൂട്ടറിലും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് കീ ബോര്‍ഡിന്റെ മുകളിലുള്ള ഇടത് വശത്തെ ആദ്യ ആറ് അക്ഷരങ്ങള്‍ ചേരുന്ന വാക്കാണ്. ഓണ്‍ലൈനില്‍ ഹാക്ക് ചെയ്ത ഭൂരിഭാഗം എക്കൗണ്ടുകളുടെയും പാസ്‌വേഡ് 123456 ആയിരുന്നു. മറ്റ് ചിലര്‍ പാസ്‌വേഡ് എന്ന വാക്ക് തന്നെ പാസ്‌വേഡാക്കുകയുമുണ്ടായി. ചിലര്‍ വ്യക്തികളുടെ പേര് പാസ്‌വേഡാക്കുകയുണ്ടായി. ആഷ്‌ലി (Ashley) എന്ന പേരാണ് ഏറ്റവുമധികം പേര്‍ പാസ്‌വേഡാക്കിയത്. അതുകഴിഞ്ഞാല്‍ മൈക്കിള്‍, ഡാനിയേല്‍, ജെസീക്ക, ചാര്‍ലി എന്നീ പേരുകളാണ്. ആഷ്‌ലി എന്ന പാസ്‌വേഡുള്ള 4,32,276 എക്കൗണ്ടുകളാണു കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമുകളെ പാസ്‌വേഡാക്കിയവരും നിസാരമല്ല. ലിവര്‍പൂള്‍ ടീമിന്റെ പേരിലാണ് ഏറ്റവുമധികം പാസ്‌വേഡുള്ളത്. അതു കഴിഞ്ഞാല്‍ ചെല്‍സി. അറിയപ്പെടുന്ന വാക്കുകളോ, പേരുകളോ പാസ്‌വേഡാക്കിയതിലൂടെ, ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത അവര്‍ തന്നെ സ്വയം വരുത്തിവയ്ക്കുകയാണു ചെയ്തതെന്ന് എന്‍സിഎസ്‌സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇയാന്‍ ലെവി പറയുന്നു. ഏറ്റവും അധികം ഉപയോഗിച്ച പാസ്‌വേഡുകളുടെ പട്ടികയില്‍ ആദ്യ 20-ല്‍ ഐ ലവ് യു, മങ്കി, ഡ്രാഗണ്‍ തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles