ഗുണനിലവാരമുള്ള തൊഴിലുകള്‍ വേണം

ഗുണനിലവാരമുള്ള തൊഴിലുകള്‍ വേണം

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ഗുണനിലവാരത്തില്‍ കൂടി സര്‍ക്കാരും കോര്‍പ്പറേറ്റ് ലോകവും ഊന്നല്‍ നല്‍കേണ്ടതുണ്ട്

തൊഴില്‍ പ്രതിസന്ധിയുടെ കാലത്താണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. വാദങ്ങളും പ്രതിവാദങ്ങളുമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്നത് തൊഴില്‍ പ്രതിസന്ധി തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ തൊഴിലില്‍ അദ്ദേഹം ശ്രദ്ധ ഊന്നുന്നില്ലെന്ന വിമര്‍ശനങ്ങളുമുണ്ട്. ജനസംഖ്യയുടെ കാര്യത്തില്‍ മുന്‍നിരയിലുള്ള രാജ്യമെന്ന നിലയില്‍ തൊഴില്‍ സൃഷ്ടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രാധാന്യമുള്ള വിഷയം തന്നെയാണ്.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്ഥാനം കൂടി പരിഗണിക്കുമ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ഥിരത പുലര്‍ത്താന്‍ രാജ്യത്തിന് സാധിക്കണം. അതില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ ഗുണനിലവാരമാണ്.

ആഗോളതലത്തില്‍ തന്നെ വെല്ലുവിളി നേരിടുന്ന പ്രധാന വിഷയമാണ് ഗുണനിലവാരമുള്ള തൊഴിലുകളെന്നത്. ആഗോളവല്‍ക്കരണത്തിന്റെയും യന്ത്രവല്‍ക്കരണത്തിന്റെയും മിശ്രിത രൂപം പൊതുമേഖലയിലെ തൊഴിലവസരങ്ങളില്‍ കുറവ് വരുത്താനാണ് ഭാവിയില്‍ സാധ്യത. അതിയന്ത്രവല്‍ക്കരണം സൃഷ്ടിക്കുന്ന തൊഴില്‍ പ്രതിസന്ധി വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരു പോലെ ബാധിക്കുക്കുമെന്ന വാദങ്ങളും ഇപ്പോള്‍ സജീവമാണ്. ബാങ്കിംഗും ഉല്‍പ്പാദനരംഗവും ഉള്‍പ്പടെയുള്ള മേഖലകളില്‍ വലിയ തൊഴില്‍ നഷ്ടമാകും കൃത്രിമ ബുദ്ധിയുടെ വ്യാപനം വരുത്തുക. 2030 ആകുമ്പോഴേക്കും ലോകത്തെമ്പാടുമായി 800 ദശലക്ഷം തൊഴിലവസരങ്ങള്‍ കൃത്രിമ ബുദ്ധി കാരണം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തോളം വരുമിത്. പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതിന്റെ പ്രതിസന്ധിയോടൊപ്പം ഉള്ള തൊഴിലുകള്‍ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആഘാതം കൂടി ചേരുമ്പോള്‍ സമൂഹത്തില്‍ വലിയ തോതില്‍ അശാന്തി പടര്‍ന്നേക്കുമെന്ന ആശങ്ക പല സാമ്പത്തിക വിദഗ്ധരുടെ പങ്കുവച്ചിട്ടുണ്ട്.

സ്ഥിരതയാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് അത് കാരണമാകുമെന്ന യാഥാര്‍ത്ഥ്യം ഭരണാധികാരികള്‍ മനസിലാക്കണം. തൊഴിലുകള്‍ നഷ്ടപ്പെടുന്നതിന് പരിഹാരമായി സംരക്ഷണവാദത്തെ കാണുന്ന പല ഭരണാധികാരികളും ഇന്നുണ്ട്. എന്നാല്‍ അത് സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കുക മാത്രമേ ചെയ്യൂ. തൊഴിലുകള്‍ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഒരിക്കലും സംരക്ഷണവാദം പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ രഘുറാം രാജന്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ഉദാരവല്‍ക്കരണ നയങ്ങളെ നൂതനാത്മകമായ രീതിയില്‍ നടപ്പാക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ചെയ്യാവുന്നത്. വിവിധ വ്യവസായ മേഖലകളിലെ അത്യാധുനിക വികസന മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഉപകരിക്കുന്ന കൂടുതല്‍ തൊഴിലുകളാണ് വേണ്ടത്.

സ്വകാര്യമേഖലയുമായി ചേര്‍ന്ന് പുതിയ കാലത്തിന് അനുസൃതമായ ഗുണനിലവാരമുള്ള തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരുകള്‍ സാധിക്കുമോ എന്നതിനെ ആശ്രയിച്ചാണ് തൊഴില്‍ പ്രതിസന്ധിയുടെ പരിഹാരമിരിക്കുന്നത്. തൊഴില്‍ നഷ്ടത്തിന് സാര്‍വത്രിക അടിസ്ഥാനവരുമാന പദ്ധതി പോലുള്ള നിര്‍ദേശങ്ങള്‍ ഇന്ന് സജീവമായി ഉയരുന്നുണ്ടെങ്കിലും സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതു തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പോംവഴി.

Categories: Editorial, Slider