150 ദശലക്ഷം വരിക്കാര്‍: സ്വപ്‌ന നേട്ടത്തിനരികെ നെറ്റ്ഫ്ലിക്സ്

150 ദശലക്ഷം വരിക്കാര്‍: സ്വപ്‌ന നേട്ടത്തിനരികെ നെറ്റ്ഫ്ലിക്സ്

150 ദശലക്ഷം വരിക്കാരെന്ന സ്വപ്‌ന നേട്ടത്തിന് അരികിലെത്തിയിരിക്കുകയാണു വീഡിയോ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫഌക്‌സ്. ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസം പിന്നിട്ടപ്പോള്‍ 9.6 ദശലക്ഷം വരിക്കാരെയാണു നെറ്റ്ഫഌക്‌സ് കൂട്ടിച്ചേര്‍ത്തത്. ആപ്പിള്‍, ആമസോണ്‍, ഹുലു തുടങ്ങിയ കമ്പനികളില്‍നിന്നും ശക്തമായ മത്സരമുണ്ടായിട്ടും നെറ്റ്ഫ്ലിക്സിന്റെ ബിസിനസിനെ ബാധിച്ചില്ല.

2019-ലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ബിസിനസ് ലോകത്തെ സംബന്ധിച്ച് ലാഭനഷ്ട കണക്കുകള്‍ വിലയിരുത്തുന്ന കാലയളവ് കൂടിയാണിത്. വീഡിയോ സ്ട്രീമിംഗ് രംഗത്തെ കുലപതിയായ നെറ്റ്ഫഌക്‌സ് 2019-ലെ ആദ്യ മൂന്ന് മാസങ്ങള്‍ കൊണ്ട് 9.6 ദശലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 4.52 ബില്യന്‍ ഡോളറിന്റെ വരുമാനവും ഇക്കാലയളവില്‍ നെറ്റ്ഫഌക്‌സ് നേടി. ലാഭം 344 ദശലക്ഷം ഡോളറും. ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്ന അടുത്ത പാദത്തില്‍ (ത്രൈമാസം) അഞ്ച് ദശലക്ഷം വരിക്കാരെ കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു നെറ്റ്ഫഌക്‌സ് അറിയിച്ചു.
വിപണിയിലെ നെറ്റ്ഫഌക്‌സിന്റെ എതിരാളികളാണ് ആമസോണ്‍, ആപ്പിള്‍, ഹുലു എന്നിവര്‍. ഈ എതിരാളികളില്‍നിന്നും കടുത്ത മത്സരമാണു നെറ്റ്ഫഌക്‌സിനു കഴിഞ്ഞ മൂന്നു മാസത്തിനിടെ നേരിടേണ്ടി വന്നത്. അതിനു പുറമേ നെറ്റ്ഫഌക്‌സ് വരിസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അതിശയിപ്പിക്കും വിധം വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ നെറ്റ്ഫഌക്‌സിനു സാധിച്ചു. ഇപ്പോള്‍ നെറ്റ്ഫഌക്‌സിന് ആഗോളതലത്തില്‍ 149 ദശലക്ഷം (14.9 കോടി) വരിക്കാരാണുള്ളത്. ഇതില്‍ നെറ്റ്ഫഌക്‌സിന്റെ 60 ദശലക്ഷം വരിക്കാരും അമേരിക്കയിലുള്ളവരാണ്. 2019-ന്റെ ആദ്യ മൂന്ന് മാസം കൂടുതല്‍ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ നെറ്റ്ഫഌക്‌സ് വിജയിച്ചെങ്കിലും വരുമാനത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. കമ്പനിയുടെ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, പൊതുവേ ചാഞ്ചാടി കൊണ്ടിരിക്കുന്ന നെറ്റ്ഫഌക്‌സിന്റെ ഓഹരി വില ഒരു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസില്‍ നെറ്റ്ഫഌക്‌സിന്റെ വളര്‍ച്ച താഴേയ്ക്കു പോയതാണു കാരണം. 2002-ലാണു നെറ്റ്ഫഌക്‌സ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. 2002 മുതല്‍ ഇതുവരെയായി നെറ്റ്ഫഌക്‌സിന്റെ ഓഹരികളുടെ എണ്ണത്തില്‍ 29,000 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുകയുണ്ടായി. വീഡിയോ സ്ട്രീമിംഗ് വിപണിയില്‍ ഇന്നു വമ്പിച്ച മത്സരമാണ് അരങ്ങേറുന്നത്. ഇത് നെറ്റ്ഫഌക്‌സിനെ ബാധിക്കുന്നുണ്ടെന്നതു യാഥാര്‍ഥ്യമാണ്. ഐ ഫോണ്‍ വില്‍പ്പന ഇടിഞ്ഞതോടെ ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് സേവനവുമായി രംഗത്തുവന്നിരിക്കുകയാണ്. മറ്റൊരു ഭീമനായ ആമസോണും വീഡിയോ സ്ട്രീമിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വന്‍ പ്രശസ്തി നേടിയ മാര്‍വല്‍ ടെലിവിഷന്‍ ഷോയുടെ ഉടമസ്ഥരായ ഡിസ്‌നി, ഡിസ്‌നി പ്ലസ് എന്ന പേരില്‍ വീഡിയോ സ്ട്രീമിംഗ് സേവനം ഉടന്‍ ആരംഭിക്കുവാനിരിക്കുകയാണ്. ഇതെല്ലാം നെറ്റ്ഫഌക്‌സിനു ഭീഷണിയായി മാറുകയാണ്. 2018-ല്‍ നെറ്റ്ഫഌക്‌സ് 12 ബില്യന്‍ ഡോളറാണ് ഒറിജിനല്‍ കണ്ടന്റിനായി ചെലവഴിച്ചത്. ഇത് 2019-ല്‍ 15 ബില്യന്‍ ഡോളറായി ഉയരുമെന്നും വിപണി നിരീക്ഷകര്‍ കരുതുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് പ്രിന്റ് മാഗസിന്‍ ആരംഭിക്കാനൊരുങ്ങുന്നു

വീഡിയോ സ്ട്രീമിംഗിലെ മുന്‍നിരക്കാരാണെങ്കിലും യുഎസിലെ ഫിലിം ഇന്‍ഡസ്ട്രി നെറ്റ്ഫ്ലിക്സ് ഷോകളെയും, വെബ് പരമ്പരകളെയും, സിനിമകളെയും അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഈ പ്രശ്‌നത്തെ മറികടക്കാനായി നെറ്റ്ഫഌക്‌സ് സ്വന്തമായി പ്രിന്റ് മാസിക പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ്. അതോടൊപ്പം ഹോളിവുഡിലെ ചരിത്രപ്രാധാന്യമുള്ള ഈജിപ്ഷ്യന്‍ തിയേറ്ററില്‍ നെറ്റ്ഫഌക്‌സിന്റെ സിനിമകളും വെബ് പരമ്പരകളും പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നു സൂചനയുണ്ട്. 2019-ലെ മെയ് അഞ്ചിന് നടക്കുന്ന എമ്മി അവാര്‍ഡ് മുന്നില്‍ കണ്ടു കൊണ്ട് നെറ്റ്ഫഌക്‌സിലെ ഷോകളിലെയും വെബ് സീരീസുകളിലെയും താരങ്ങളെയും പ്രോഗ്രാമുകളെയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് പ്രിന്റ് മാസിക പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം നെറ്റ്ഫഌക്‌സ് പരിപാടികള്‍ നിരവധി എമ്മി അവാര്‍ഡുകള്‍ നേടിയിരുന്നു. പക്ഷേ, പരിപാടികള്‍ റിലീസ് ചെയ്യുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും നെറ്റ്ഫഌക്‌സ് സ്വീകരിക്കുന്ന സമീപനവും ബിസിനസ് മാതൃകയും ഏറെ വിമര്‍ശനം പിടിച്ചുപറ്റിയിരുന്നു. 2018-ല്‍ നിരവധി വിഭാഗങ്ങളില്‍ ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ റോമ എന്ന ചിത്രം നെറ്റ്ഫഌക്‌സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രമായിരുന്നു. നെറ്റ്ഫഌക്‌സി്‌ന്റെ മാസികയ്ക്കായി വാനിറ്റി ഫെയറിലെ എഡിറ്റര്‍ ക്രിസ്റ്റത സ്മിത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മൂന്നു മാസം കൂടുമ്പോള്‍ മാസിക പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. നെറ്റ്ഫഌക്‌സിന്റെ FYSee portal ലില്‍ സൗജന്യമായി മാസിക വായിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ആപ്പിളും ഡിസ്‌നി പ്ലസും സൃഷ്ടിക്കുന്ന വെല്ലുവിളി

ലോകോത്തര നിലവാരമുള്ള കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളാണ് ആപ്പിളും, ഡിസ്‌നിയും. വീഡിയോ സ്ട്രീമിംഗ് സേവന രംഗത്തേയ്ക്കു ചുവടുവച്ചിരിക്കുകയാണ് ഇരു കമ്പനികളും. ഈ വര്‍ഷം അവസാനത്തോടെ സേവനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ വീഡിയോ സ്ട്രീമിംഗ് രംഗം കടുത്ത മത്സരത്തിനാകും സാക്ഷ്യം വഹിക്കുക. ഇത്തരമൊരു സാഹചര്യത്തില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായിരിക്കും ഗുണം ലഭിക്കുകയെന്നും വിപണി നിരീക്ഷകര്‍ പറയുന്നു. അതോടൊപ്പം, ഉപഭോക്താക്കള്‍ക്കും ഗുണം ലഭിക്കും. കാരണം മത്സരത്തിനു കടുപ്പമേറുമ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനികള്‍ വന്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. വീഡിയോ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി സമീപകാലത്ത് നെറ്റ്ഫഌക്‌സില്‍നിന്നും ഡിസ്‌നി അവര്‍ക്കു പകര്‍പ്പവകാശമുള്ള കണ്ടന്റുകള്‍ പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനായി നെറ്റ്ഫഌക്‌സ് വലിയ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്തു. സിനിമ, ഡോക്യുമെന്ററി, ടിവി പരമ്പരകള്‍ എന്നിവയ്ക്കു വേണ്ടിയാണു നെറ്റ്ഫഌക്‌സ് പണം മുടക്കുന്നത്.

Comments

comments

Categories: Top Stories
Tags: Netflix