ഡ്രൈവറില്ലാ കാര്‍ വിപണിയില്‍ താരമാകാന്‍ മ്യൂസ് ഒരുങ്ങി

ഡ്രൈവറില്ലാ കാര്‍ വിപണിയില്‍ താരമാകാന്‍ മ്യൂസ് ഒരുങ്ങി

ഓട്ടോ ഷാന്‍ഗായി വേദിയില്‍ മ്യൂസ് ഔദ്യോഗികമായി പുറത്തിറക്കി

ദുബായ്: ഒടുവില്‍ ഡ്രൈവറില്ലാ കാറായ മ്യൂസ് ഔദ്യോഗികമായി പുറത്തിറങ്ങി. അന്താരാഷ്ട്ര വാഹന പ്രദര്‍ശന മേളയായ ഓട്ടോ ഷാന്‍ഗായിയില്‍ നിര്‍മ്മാതാക്കളായ ഡബ്ല്യൂ മോട്ടേഴ്‌സും ഐക്കോണിക് മോട്ടോഴ്‌സും ചേര്‍ന്നാണ് മ്യൂസ് പുറത്തിറക്കിയത്. സ്വന്തമായി ചലിക്കുന്ന സമ്പൂര്‍ണ്ണ ഇലക്ട്രിക് കാറായ മ്യൂസില്‍ അതിനൂതന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും സ്മാര്‍ട്ട് ഓണ്‍ബോര്‍ഡ് സേവനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വലിയ സ്‌ക്രീനുകളും യുഐ സംവിധാനങ്ങളും ക്ലൗഡ് കംപ്യൂട്ടഡ് കണക്റ്റിവിറ്റിയും മ്യൂസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2020 തുടക്കത്തില്‍ തന്നെ മ്യൂസിന്റെ നിര്‍മാണം ആരംഭിക്കും, വരുംവര്‍ഷങ്ങളില്‍ നൂതനമായ പല പരിഷ്‌കാരങ്ങളും ഈ ഡ്രൈവറില്ലാ കാറില്‍ കൊണ്ടുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

സഹോദര സ്ഥാപനമായ ഐക്കോണിക് മോട്ടോഴ്‌സുമായി ചേര്‍ന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ മോട്ടോഴ്‌സ് നിര്‍മ്മിച്ച മ്യൂസിന്റെ പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം എക്‌സ്‌പോ 2020 വേളയില്‍ ദുബായിലെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത റോഡുകളില്‍ നടക്കും.

രണ്ട് വലിയ സ്‌ക്രീനുകളും നാല് പേഴ്‌സണല്‍ ടാബ്ലെറ്റുകളും ഉള്ള മ്യൂസ് വ്യക്തിഗത കണക്റ്റിവിറ്റി സാധ്യമാക്കും. അതി നൂതന സൈബര്‍ സുരക്ഷയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമാണ് മ്യൂസില്‍ ഒരുക്കിയിരിക്കുന്നത്. ഡബ്ല്യൂ മോട്ടോഴ്‌സിലെ ഡിസൈനിംഗ് ടീം രൂപകല്‍പ്പന ചെയ്ത മ്യൂസ് പൂര്‍ണമായും ദുബായിലാണ് നിര്‍മിച്ചത്.

മുമ്പില്‍ തിരിയുന്ന രണ്ട് സീറ്റുകളടക്കം ആകെ നാല് സീറ്റുകളാണ് മ്യൂസിലുള്ളത്. കോണ്‍ഫറന്‍സ് മോഡിലേക്ക് മാറ്റിയാല്‍ സഞ്ചരിക്കുന്ന മീറ്റിംഗ് മുറിയായും ഇതിനെ മാറ്റാം. ടെക്‌നോളജി രംഗത്തെ വമ്പന്മാരും മേഖലയിലെ അതികായന്മാരുമായ അക്ക ടെക്‌നോളജീസ്, മാഗ്ന സ്‌റ്റെയര്‍, മൈക്രോസോഫ്റ്റ് യുഎസ്എ എന്നിവരും മ്യൂസ് നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

”ഇലക്ട്രോണിക്, ഡ്രൈവറില്ലാ വാഹനങ്ങളായിരിക്കും ഭാവിയില്‍ ഗതാഗത രംഗത്തെ താരങ്ങളെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇന്ന് കേവലം 3 ശതമാനമാണെങ്കിലും 2040 ആകുമ്പോഴേക്കും വാഹന വിപണിയിലെ 40-50 ശതമാനം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായിരിക്കും” ഡബ്ല്യൂ മോട്ടോഴ്‌സ് സ്ഥാപകനും സിഇഒയുമായ റാള്‍ഫ് ആര്‍ ഡെബ്ബാസ് പറഞ്ഞു.

2012ല്‍ സ്ഥാപിതമായ ഡബ്ല്യൂ മോട്ടോഴ്‌സ് പശ്ചിമേഷ്യയിലെ ആദ്യ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍ കൂടിയാണ്.

Comments

comments

Categories: Arabia