അമേരിക്കയില്‍ അഞ്ചാംപനി ഭീതി

അമേരിക്കയില്‍ അഞ്ചാംപനി ഭീതി

യുഎസില്‍ ഏപ്രിലിലെ അഞ്ചാംപനി റിപ്പോര്‍ട്ടിംഗില്‍ 20 ശതമാനത്തിന്റെ വര്‍ധന

രാജ്യത്തു നിന്നു നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു കരുതിയ അഞ്ചാംപനി രോഗം അമേരിക്കയില്‍ ഭീതി വിതയ്ക്കുന്നു. പോയ മാസം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഭീതിദമായ സാഹചര്യത്തിലേക്ക് രാജ്യം പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നാണ്. ഏപ്രില്‍ 11ന് അവസാനിച്ച ആഴ്ചയില്‍ അമേരിക്കയിലെ അഞ്ചാംപനി രോഗികളുടെ എണ്ണം ഇരട്ടിയായി. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാംക്രമികരോഗബാധയാണിത്.

ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) 555 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രിലോടെ ഇതില്‍ 465 എണ്ണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം അമേരിക്കയിലാകെ റിപ്പോര്‍ട്ട് ചെയ്ത 372 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്. രോഗികളില്‍ ഭൂരിഭാഗവും കുട്ടികളാണ്, മരണസാധ്യതയും കൂടുതല്‍ അവരിലാണു കാണുന്നത്. അടുത്ത കാലത്തായി ഇത്തരം കേസുകള്‍ വര്‍ധിച്ചുവരികയാണ്.

ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ബ്രൂക്ക്‌ലിനിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി രോഗം വ്യാപിച്ചിരിക്കുന്നുവെന്നാണു കണ്ടെത്തിയത്. ന്യൂയോര്‍ക്കിനു പുറമെ ഈ വര്‍ഷം വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, മിഷിഗണ്‍, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളിലും അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2000ലാണ് അമേരിക്ക അഞ്ചാംപനിയില്‍ നിന്നു പൂര്‍ണവിമുക്തി നേടിയതായി പ്രഖ്യാപിച്ചത്.

സെപ്റ്റംബറിനു ശേഷം നഗരത്തില്‍ 285 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അസാധാരണ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് നിര്‍ബന്ധിത രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റൊരു പ്രതിവിധിയും ഇതിനില്ല. എന്നാല്‍ വാക്‌സിനെതിരായ പ്രചാരണങ്ങള്‍ ചില മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി ബോധ്യപ്പെട്ടു. ജനങ്ങള്‍ പ്രതിരോധമരുന്ന് സ്വീകരിക്കാത്ത പക്ഷം ആയിരക്കണക്കിന് ഡോളര്‍ പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അഞ്ചാംപനി വൈറസ് വളരെ പെട്ടെന്നു പടരുന്നതാണ്. ഇത് കുട്ടികളില്‍, രോഗസങ്കീര്‍ണ്ണതയിലേക്കും മരണത്തിലേക്കും നയിക്കുന്നു. യുഎസില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടത് ലോകവ്യാപകമായ രോഗസംക്രമണത്തിന്റെ ആരംഭമായി കണക്കാക്കാം. ആഗോളതലത്തില്‍ രോഗസംക്രമണം 2019 ന്റെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ നാലു മടങ്ങ് ഉയര്‍ന്നുവെന്ന് ലോകാരോഗ്യസംഘടന നിരീക്ഷിക്കുന്നു. രോഗബാധിതരുടെ എണ്ണം ഇക്കാലയളവില്‍ 112,163 ആയി.

വാക്‌സിനെതിരായ പ്രചാരണങ്ങള്‍ യുഎസിലെ മാതാപിതാക്കളെ വളരെയധികം സ്വാധീനിച്ചിരിക്കുന്നുവെന്നതാണ് രോഗവ്യാപനം തടയുന്നതില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വാക്‌സിനുകളിലെ ചേരുവകള്‍ ഓട്ടിസത്തിനോ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്കോ കാരണമാകും എന്ന് അവര്‍ വിശ്വസിക്കുന്നു. നിര്‍ബന്ധിത വാക്‌സിനേഷനുള്ള ഉത്തരവുകള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് അഞ്ചു രക്ഷിതാക്കള്‍ തിങ്കളാഴ്ച ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തങ്ങളുടെ മതപരമായ വിശ്വാസങ്ങളെ തകര്‍ക്കുന്നതാണ് പ്രതിരോധകുത്തിവെപ്പുകളെന്നാണ് അവരുടെ വാദം.

രാജ്യത്തെ യാഥാസ്ഥിതിക ജൂതസമൂഹത്തിന്റെ കേന്ദ്രമാണ് രോഗം പൊട്ടിപ്പുറപ്പെട്ട ബ്രൂക്ക്‌ലിന്‍. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒക്‌റ്റോബറിനു ശേഷം ഇവിടെ 329 പേര്‍ക്ക് അഞ്ചാംപനി ബാധിച്ചതായാണു കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇവിടെ, 44 പേരില്‍ കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇതില്‍ അധികം പേരും ജൂതക്കുട്ടികളാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ പ്രതിരോധമെടുക്കാത്ത കുട്ടിയില്‍ നിന്നാണ് ഇവിടെ രോഗം പടര്‍ന്നതെന്ന് ന്യൂയോര്‍ക്ക് ആരോഗ്യവിഭാഗം അറിയിച്ചു. ജൂതന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്കിലെ തന്നെ റോക്ക് ലാന്‍ഡ് കണ്‍ട്രിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രതിരോധ വാക്‌സിനെടുക്കാത്ത കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ് അധികൃതര്‍.

Comments

comments

Categories: Health
Tags: Measles