മസരുകിയ്ക്ക് ശേഷം വനിത ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് യുബറിന്റെ ‘വിമണ്‍ പ്രിഫേര്‍ഡ് വ്യൂ’

മസരുകിയ്ക്ക് ശേഷം വനിത ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് യുബറിന്റെ ‘വിമണ്‍ പ്രിഫേര്‍ഡ് വ്യൂ’

ലോകത്തില്‍ സൗദി അറേബ്യയിലാണ് ആദ്യമായി ഈ ഫീച്ചര്‍ നിലവില്‍ വന്നത്

റിയാദ്: സൗദി അറേബ്യയില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് വേണ്ടി മാത്രമായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍. വനിത യാത്രികരെ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള വിമണ്‍ പ്രിഫേര്‍ഡ് വ്യൂ എന്ന ഫീച്ചറിലൂടെ കൂടുതല്‍ വനിത ഡ്രൈവര്‍മാരെ തങ്ങളുടെ ഭാഗമാക്കാനും വനിതസൗഹൃദ ഡ്രൈവിംഗ് അന്തരീക്ഷം ഒരുക്കുകയുമാണ് യുബറിന്റെ ലക്ഷ്യം. ലോകത്തില്‍ തന്നെ ഇതാദ്യമായാണ് യുബര്‍ ഇത്തരത്തിലൊരു സേവനം നടപ്പിലാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ പരീക്ഷണ ഘട്ടത്തിലായിരുന്ന ഈ ഫീച്ചര്‍, സ്ത്രീകള്‍ വണ്ടി ഓടിക്കുന്നതിന് വിലക്ക് നീങ്ങിയ സൗദി അറേബ്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തനനിരതമായിരിക്കുകയാണ്. വനിത ഡ്രൈവര്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. മസരുകി ഉദ്യമത്തിന്റെ ഭാഗമാണ് ഈ പുതിയ സൗകര്യവും. കീശയിലൊതുങ്ങുന്ന ഗതാതം സാധ്യമാക്കി തൊഴില്‍ മേഖലകളില്‍ സ്്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള യുബര്‍ പദ്ധതിയാണ് മസരുകി. ഇത് കൂടാതെ യുബര്‍ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട് കൂടുതല്‍ സൗകര്യപ്രദമായ പകുതി സമയ ജോലികള്‍ക്ക് സാഹചര്യമൊരുക്കി സ്ത്രീകള്‍ക്ക് വരുമാനം നേടാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് യുബര്‍.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള യുബറിന്റെ സാമ്പത്തിക ഉന്നമന പരിപാടികളോട് സൗദി വനിതകളില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടായതോടെയാണ് വിമണ്‍ പ്രിഫേര്‍ഡ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കാന്‍ യുബര്‍ തീരുമാനിച്ചത്. നിലവിലുള്ള സാമൂഹിക, സാംസ്‌കാരിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ യുബറിന്റെ ഡ്രൈവര്‍ പങ്കാളികളാകാനുള്ള അവസരമാണ് ഇതിലൂടെ സൗദിയിലെ വനിതകള്‍ക്ക് കൈവന്നിരിക്കുന്നതെന്ന് മേന മേഖലയിലെ യുബര്‍ ജനറല്‍ മാനേജര്‍ ടിനോ വേക്കെഡ് പറഞ്ഞു.

സൗദി അറേബ്യയിലെ വനിത ഡ്രൈവര്‍മാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണ്. വിദഗ്ധരുമായി കൂടിയാലോചിച്ച് സൗദിയിലെ വനിത ഡ്രൈവിംഗ് പങ്കാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ടിനോ അറിയിച്ചു.

Comments

comments

Categories: Arabia
Tags: Women driver