കുടിവെള്ളം രാഷ്ട്രീയ വിഷയമാകുന്നില്ല

കുടിവെള്ളം രാഷ്ട്രീയ വിഷയമാകുന്നില്ല

ദേശീയതിരഞ്ഞെടുപ്പ് പടിക്കലെത്തിയിട്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രകടനപത്രികയില്‍ കുടിവെള്ളം മുഖ്യവിഷയമാകാത്തത് നിരാശാജനകമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സ്‌റ്റോക്‌ഹോം ജല പുരസ്‌കാര ജേതാവുമായ രാജേന്ദ്രസിംഗ്. രാജ്യത്ത് മലിനീകരണം, ജലസേചനം, നദി സംരക്ഷണം എന്നീ വിഷയങ്ങള്‍ക്ക് ഒരു പാര്‍ട്ടിയും പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജല്‍ ജന്‍ ജോദോ അഭിയാന്റെ ജനതാ ഘോഷ്ണ പത്ര പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകഷിയായ ബിജെപി പല വാഗ്ദാനങ്ങളും നല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പല കക്ഷികളും ജലസംരക്ഷണത്തെപ്പറ്റി വീണ്ടും സംസാരിക്കുന്നത്. എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വെള്ളപ്പൊക്കത്തെയും വരള്‍ച്ചയെയും പ്രതിരോധിക്കാനും അവയുടെ പ്രത്യാഘാതങ്ങള്‍ അതിജീവിക്കാനും എന്തു ചെയ്യാന്‍ പറ്റുമെന്ന് അവര്‍ക്കു പറയാനാകുന്നില്ല.

ബിജെപിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ജല്‍ ജീവന്‍ മിഷന്‍, ജലമന്ത്രാലയം എന്നീ പദ്ധതികളെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ വലിയ നദികളെ സംയോജിപ്പിക്കാനുള്ള പദ്ധതിയാണിത്. എന്നാല്‍ ഇത്തരം ദൗത്യങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട ചരിത്രമാണ് നമുക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രകടനപത്രികയിലും ജലസംരക്ഷണത്തെക്കുറിച്ച് അപ്രായോഗിക കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഗംഗാ ശുചീകരണം, ജലവിഭവ മന്ത്രാലയം, ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ള വിതരണം എന്നിവയെപ്പറ്റിയെല്ലാം വെറുതെ ഉപരിപ്ലവമായാണു പാര്‍ട്ടി സംസാരിച്ചു പോകുന്നതെന്ന് സിംഗ് ചൂണ്ടിക്കാട്ടി. ജലപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മന്ത്രാലയം സഹായിക്കില്ല. ജലപ്രതിസന്ധിയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജലസാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, എന്നാല്‍ കോണ്‍ഗ്രസ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. 16 സംസ്ഥാനങ്ങളിലെ 362 ജില്ലകളില്‍ വരള്‍ച്ചയുണ്ടാകുമ്പോള്‍ അസം, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഷം തോറും വെള്ളപ്പൊക്കമുണ്ടാകുകയാണ്. ശരിയായ ആസൂത്രണത്തിന്റെ അഭാവത്താലാണ് ഇത്. ജലസംരക്ഷണത്തിനും പ്രകൃതിദുരന്തത്തിനും വേണ്ടി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെങ്കിലും അവരുടെ വേണ്ടപ്പെട്ടവര്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം. ജല പ്രശ്‌നങ്ങളെ വളരെ ഗൗരവത്തോടെ അഭിമുഖീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Comments

comments

Categories: FK News

Related Articles