കൊച്ചിയെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കും: അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചിയെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കും: അല്‍ഫോണ്‍സ് കണ്ണന്താനം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 1.39 കോടി തൊഴിലുകള്‍ സൃഷ്ടിച്ചു

കൊച്ചി: കൊച്ചിയെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിയിലെ ദ്വീപുകള്‍ വിനോദസഞ്ചാരത്തിന് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയും. മനോഹരമായ ദ്വീപുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി വികസിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്തും കൊച്ചി വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. ക്രൂസ് ടൂറിസവുമായി ബന്ധപ്പെട്ട് അറബിക്കടലിന്റെ റാണിക്ക് ഇനിയും മുന്നേറാന്‍ കഴിയും. ആഡംബര യാത്രാ കപ്പലുകള്‍ക്കായി കൊച്ചിയില്‍ ഒരു ടെര്‍മിനല്‍ പൂര്‍ത്തീകരിച്ചു. 25 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ടെര്‍മിനല്‍ നിര്‍മ്മിച്ചുവരികയാണെന്നും അദ്ദേഹം ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാകുന്നതിന് കൊച്ചി ഇനിയും മാറേണ്ടതുണ്ട്. കൃത്യമായ മാലിന്യ സംസ്‌കരണം, കൊതുക് നശീകരണം, മികച്ച അഴുക്കുചാല്‍ സംവിധാനം, ഗതാഗതക്കുരുക്കുകളില്ലാത്ത നഗരം എന്നിവയെല്ലാം അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ സുരക്ഷ പരമപ്രധാനമാണ്. നഗരം കുറേക്കൂടി ശുചിത്വമാര്‍ന്നതാകണം. ഷോപ്പിംഗ് അനുഭവം മികച്ചതായിരിക്കണമെന്നും കേന്ദ്ര ടൂറിസം മന്ത്രി പറഞ്ഞു.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന ലോക ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ല്യുടിടിസി) റിപ്പോര്‍ട്ടില്‍ ഭാരതത്തിന് മൂന്നാം റാങ്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞതായി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. 234 ബില്യണ്‍ ഡോളറാണ് (16.5 ലക്ഷം കോടി രൂപ) നിലവില്‍ ടൂറിസം മേഖലയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്ന വരുമാനം. വിനോദസഞ്ചാര മേഖലയില്‍ 8.12 കോടി ആളുകള്‍ തൊഴിലെടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 1.39 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം അറിയിച്ചു.

നിലവില്‍ വിദേശ വിനോദ സഞ്ചാരികള്‍ (എഫ്ടിഎ) ഭാരതത്തില്‍ എത്തുന്നതുവഴി ലഭിക്കുന്നത് 27 ബില്യണ്‍ ഡോളറിന്റെ (1.77 ലക്ഷം കോടി രൂപ) വരുമാനമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 50 ബില്യണ്‍ ഡോളറായും ആറു വര്‍ഷംകൊണ്ട് നൂറ് ബില്യണ്‍ ഡോളറായും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയില്‍ അതിനനുസരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ‘സ്മാര്‍ട്ട് മിനിസ്റ്റര്‍’ ആയിരിക്കണമെന്നാണ് ആഗ്രഹം. എറണാകുളത്ത് വിജയിച്ചാല്‍ ഒരിക്കല്‍ക്കൂടി മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏതു മേഖലയില്‍ കൈവെച്ചാലും ലോകോത്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുകയാണ് തന്റെ നയം. ഈ നയം സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കിയതാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Categories: FK News