തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു

തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു

തൊഴില്‍രംഗത്തെ വിദേശ ജീവനക്കരുടെ എണ്ണത്തില്‍ വലിയ കുറവ്

റിയാദ്:സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ കാര്യമായ കുറവ്. 20-34 വയസ് പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2017ല്‍ 42.7 ശതമാനമായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 36.6 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദിയിലെ ആകെ തൊഴിലില്ലായ്മ നിരക്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. 2018ലെ നാലാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ തൊഴിലില്ലായമ നിരക്കില്‍ നേരിയ വ്യത്യാസമാണ്(0.1 ശതമാനം, 2017 നാലാംപാദത്തില്‍ 12.8 ആയിരുന്നു)ഉണ്ടായതെങ്കിലും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ നേരത്തെയുണ്ടായിരുന്നു വളര്‍ച്ചാ പ്രവണത തുടരുകയാണ്. 2018 അവസാനത്തില്‍ തൊഴില്‍ മേഖലയുടെ ഭാഗമായ സ്ത്രീകളുടെ എണ്ണം 20.2 ശതമാനം ആയി വര്‍ധിച്ചു. 2017ല്‍ ഇത 19.4 ശതമാനമായിരുന്നു.

അതേസമയം തൊഴില്‍രംഗത്തെ വിദേശീയരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2017 ആരംഭം മുതല്‍ 1.6 മില്യണ്‍ വിദേശ ജീവനക്കാരാണ് സൗദി അറേബ്യന്‍ തൊഴില്‍ വിപണിയില്‍ നിന്നും പുറത്തിറങ്ങിയത്. ഇതില്‍ 1 മില്യണ്‍ ആളുകള്‍ കഴിഞ്ഞ വര്‍ഷമാണ് സൗദി തൊഴില്‍രംഗം വിട്ടുപോയത്. എല്ലാ മേഖലകളിലെയും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നിര്‍മാണ മേഖലയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്.910,000 വിദേശീയരും 41,000 സൗദി ജീവനക്കാരുമാണ് സൗദിയിലെ നിര്‍മാണ മേഖല വിട്ടുപോയത്.

എന്നാല്‍ 2017മായി താരതമ്യപ്പെടുത്തുമ്പോള്‍ 2018ല്‍ ചില മേഖലകളിലെ സൗദി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി കാണാം. 2018ല്‍ മാനവ വിഭവശേഷി ഫണ്ടുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം മൂന്ന് ഘട്ടങ്ങളിലായുള്ള സൗദിവല്‍ക്കരണം തൊഴില്‍രംഗത്ത് നടപ്പില്‍ വരുത്തിയിരുന്നു. റീറ്റെയ്ല്‍ മേഖലയ്ക്കാണ് അന്ന് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. 2019ലും തൊഴില്‍ വിപണിയിലെ സൗദി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയതിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Jobs in UAE