ചാംഗി വിമാനത്താവളത്തിലെ ജുവല്‍ ഹബ്ബ് തുറന്നു

ചാംഗി വിമാനത്താവളത്തിലെ ജുവല്‍ ഹബ്ബ് തുറന്നു

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ ജുവല്‍ എന്നു പേരുള്ള ഹബ്ബ് ഔദ്യോഗികമായി തുറന്നു. ബുധനാഴ്ചയാണു ഹബ്ബ് തുറന്നത്. തുടര്‍ച്ചയായി ഏഴ് വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടെന്നു സ്‌കൈട്രാക്‌സ് വിശേഷിപ്പിക്കുന്ന വിമാനത്താവളമാണു സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. എയര്‍ലൈന്‍, എയര്‍പോര്‍ട്ട് റിവ്യു ചെയ്യുന്ന റാങ്കിംഗ് സൈറ്റാണു യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈട്രാക്‌സ്. അന്താരാഷ്ട്ര യാത്രക്കാരില്‍നിന്നും സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണു വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളെയും വിമാനത്താവളങ്ങളെയും വിലയിരുത്തുന്നത്.

1.3 ബില്യന്‍ ഡോളര്‍ ചെലവഴിച്ചു നിര്‍മിച്ച ജുവല്‍ ഹബ്ബ്, ചാംഗി എയര്‍പോര്‍ട്ടിലെ നാല് ടെര്‍മിനലുകളിലെ മൂന്നെണ്ണത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. സിംഗപ്പൂരിലേക്കു സന്ദര്‍ശനത്തിനും, സ്റ്റോപ്പ് ഓവറിനുമായി (ദീര്‍ഘയാത്രയ്ക്കിടെ ഇടവേളയ്ക്കായി നിറുത്തുന്ന സ്ഥലം) എത്തുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് ഈ പുതിയ ഹബ്ബിന്റെ ലക്ഷ്യം. എച്ച്എസ്ബിസി റെയ്ന്‍ വോര്‍ട്ടെക്‌സ് എന്നു പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇന്‍ഡോര്‍ വെള്ളച്ചാട്ടമാണു ജുവല്‍ ഹബ്ബിന്റെ ആകര്‍ഷണം. ഗ്രീന്‍ കണ്‍സെപ്റ്റിന്റെ ചുവടു പിടിച്ച് ഈ വെള്ളച്ചാട്ടത്തിനു ചുറ്റും മരങ്ങളും, ചെടികളും, ചെറുവൃക്ഷങ്ങളുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വനത്തിനുള്ളിലെന്ന പോലെയുള്ള അനുഭവം പകരുമെന്നത് ഉറപ്പ്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ വെള്ളം റീ സൈക്കിള്‍ ചെയ്യാനും സൗകര്യമുണ്ട്. ചാംഗി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1,2,3 എന്നിവയെ ബന്ധിപ്പിക്കുന്ന സ്‌കൈ ട്രെയ്ന്‍ ജുവല്‍ ഹബ്ബിന്റെ മധ്യേയാണു കടന്നു പോകുന്നത്.

വിമാന യാത്രക്കാര്‍ക്കു വേണ്ടി മാത്രമല്ല, തദ്ദേശീയരായവരെ കൂടി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണു ഈ ഹബ്ബ് നിര്‍മിച്ചിരിക്കുന്നത്. മൂവി തിയേറ്റര്‍, പലചരക്ക് കടയും ഈ പുതിയ ഹബ്ബിലുണ്ട്. അഞ്ച് മണിക്കൂറിലേറെ സമയം ചെലവഴിക്കാന്‍ സാധിക്കുന്ന യാത്രക്കാര്‍ക്കു ഈ പുതിയ ഹബ്ബ് ചുറ്റി നടന്നു കാണുവാന്‍ വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 280-ലേറെ റെസ്റ്റോറന്റുകളും കടകളുമുണ്ട്. മോഷെ സഫ്ദിയാണു പുതിയ ഹബ്ബിന്റെ ആര്‍ക്കിടെക്റ്റ്. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിമാന യാത്രക്കാരെ കൈകാര്യം ലോകത്തെ ഏഴാമത്തെ എയര്‍പോര്‍ട്ടാണു ചാംഗി. 2018-ല്‍ ഇവിടെ 65.6 ദശലക്ഷം യാത്രക്കാരാണു ചാംഗി വിമാനത്താവളം ഉപയോഗിച്ചത്. 100-ാം വിമാനക്കമ്പനികള്‍ 400 നഗരങ്ങളിലേക്ക് ഇവിടെനിന്നും സര്‍വീസ് നടത്തുന്നുണ്ട്. ചാംഗി വിമാനത്താവളത്തില്‍ ഓരോ 80 സെക്കന്‍ഡുകള്‍ക്കിടയിലും ഒരു വിമാനം ലാന്‍ഡ് ചെയ്യുകയോ, പറന്നുയരുകയോ ചെയ്യുന്നുണ്ട്.

Comments

comments

Categories: FK News
Tags: Jewel Hub