ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത വര്‍ധിക്കുമെന്ന് വേള്‍ഡ്സ്റ്റീല്‍

ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത വര്‍ധിക്കുമെന്ന് വേള്‍ഡ്സ്റ്റീല്‍

ഒരു പരിധി വരെ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടലില്‍ ധനക്കമ്മി സമ്മര്‍ദം ചെലുത്തുമെങ്കിലും അടിസ്ഥാനസൗകര്യ മേഖലയില്‍ വിവിധ പദ്ധതികള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സ്റ്റീല്‍ ആവശ്യകതയില്‍ ഏഴ് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വേള്‍ഡ്സ്റ്റീലിന്റെ നിരീക്ഷണം

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത വര്‍ധിക്കുമെന്ന് ലോക സ്റ്റീല്‍ അസോസിയേഷന്‍ (വേള്‍ഡ്‌സ്റ്റീല്‍). നടപ്പുവര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകതയില്‍ ഏഴ് ശതമാനത്തിലധികം വര്‍ധന കാണാനാകുമെന്നാണ് വേള്‍ഡ്‌സ്റ്റീലിന്റെ നിഗമനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം 2019 രണ്ടാം പകുതിയോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുമെന്നും അടിസ്ഥാനസൗകര്യ മേഖലയിലെ ചെലവിടല്‍ സുസ്ഥിരമാകുമെന്നുമുള്ള പ്രതീക്ഷകളുമാണ് സ്റ്റീല്‍ ആവശ്യകത വര്‍ധിക്കാനുള്ള കാരണമായി വേള്‍ഡ്സ്റ്റീല്‍ പറയുന്നത്.

ഒരു പരിധി വരെ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടലില്‍ ധനക്കമ്മി സമ്മര്‍ദം ചെലുത്തുമെങ്കിലും അടിസ്ഥാനസൗകര്യ മേഖലയില്‍ വിവിധ പദ്ധതികള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സ്റ്റീല്‍ ആവശ്യകതയില്‍ ഏഴ് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വേള്‍ഡ്സ്റ്റീലിന്റെ നിരീക്ഷണം. ആഗോള തലത്തിലെ സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 85 ശതമാനം പങ്കാളിത്തമാണ് വേള്‍ഡ്സ്റ്റീലിലെ അംഗ രാഷ്ട്രങ്ങള്‍ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം ആഗോള സ്റ്റീല്‍ ആവശ്യകതയില്‍ 2.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2017നെ അപേക്ഷിച്ച് ഇത് കുറവാണ്. സാമ്പത്തിക സാഹചര്യം പ്രതികൂലമാണെങ്കിലും ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഗോള സ്റ്റീല്‍ ആവശ്യകതയില്‍ വര്‍ധനയുണ്ടാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍, ചൈനയിലെ വളര്‍ച്ച കുറയുന്നതും ആഗോള സാമ്പത്തിക മാന്ദ്യവും വിവിധ രാജ്യങ്ങളിലെ വ്യാപാര നയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളും ബിസിനസ് ആത്മവിശ്വാസത്തെയും നിക്ഷേപത്തെയും പ്രതികൂലമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും വേള്‍ഡ്സ്റ്റീല്‍ ചൂണ്ടിക്കാട്ടി.

ചൈന ഒഴികെയുള്ള വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലെ സ്റ്റീല്‍ ആവശ്യകത നടപ്പുവര്‍ഷം 6.5 ശതമാനവും അടുത്ത വര്‍ഷം 6.4 ശതമാനവും വര്‍ധിക്കും. ആഗോള സ്റ്റീല്‍ വ്യവസായത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി ഏഷ്യ മാറുമെന്നും ആസിയാന്‍ രാഷ്ട്രങ്ങളിലെ അടിസ്ഥാനസൗകര്യ മേഖലയിലെ വികസനം സ്റ്റീല്‍ ആവശ്യകത പ്രോത്സാഹിപ്പിക്കുമെന്നും വേള്‍ഡ്സ്റ്റീല്‍ വ്യക്തമാക്കി.

2019ലും 2020ലും ആഗോള സ്റ്റീല്‍ ആവശ്യകതയില്‍ വര്‍ധനയുണ്ടാകും. എന്നാല്‍, ആഗോള സാമ്പത്തിക മുരടിപ്പ് കാരണം വളര്‍ച്ചാ നിരക്ക് താഴ്ന്ന തലത്തിലായിരിക്കുമെന്നും വേള്‍ഡ്സ്റ്റീല്‍ ഇക്കോണമിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ എഐ രമേതി പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ സ്റ്റീല്‍ ആവശ്യകതയില്‍ 1.8 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 2017ല്‍ 3.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം മേഖലയിലെ സ്റ്റീല്‍ ആവശ്യകത 0.3 ശതമായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേതി പറഞ്ഞു. 2020ല്‍ 0.7 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റീല്‍ ആവശ്യകത

  • 2018ല്‍ ആഗോള സ്റ്റീല്‍ ആവശ്യകത 2.1% വര്‍ധിച്ചു
  • വികസിത സമ്പദ്‌വ്യവസ്ഥകളിലെ സ്റ്റീല്‍ ആവശ്യകതയില്‍ 1.8% വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്
  • ചൈന ഒഴികെയുള്ള വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലെ സ്റ്റീല്‍ ആവശ്യകത നടപ്പുവര്‍ഷം 6.5 ശതമാനവും അടുത്ത വര്‍ഷം 6.4 ശതമാനവും വര്‍ധിക്കും
  • ആഗോള സ്റ്റീല്‍ വ്യവസായത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി ഏഷ്യ മാറും

Comments

comments

Categories: FK News
Tags: Steel