ഇന്ത്യന്‍ വിപണിയില്‍ പ്രതിബദ്ധത തുടരും: ഡഗ് മക്മില്ലന്‍

ഇന്ത്യന്‍ വിപണിയില്‍ പ്രതിബദ്ധത തുടരും: ഡഗ് മക്മില്ലന്‍
  • ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ട് ആധിപത്യം നിലനിര്‍ത്തും
  • ഫഌപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന പുരോഗതി തൃപ്തികരമെന്നും വാള്‍മാര്‍ട്ട് സിഇഒ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ വാള്‍മാര്‍ട്ടിനുള്ള പ്രതിബദ്ധത തുടരുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡഗ് മക്മില്ലന്‍. വലിയ അവസരങ്ങളാണ് വിപണി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ബെംഗളൂരൂവിലെത്തിയ ഡഗ് മക്മില്ലന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാള്‍മാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് കാര്യ വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിന്റ് ഡാന്‍ ബാര്‍ട്‌ലെറ്റ്, ഏഷ്യ, കാനഡ റീജണല്‍ സിഇഒ ഡെര്‍ക് വാന്‍ ഡെന്‍ ബെര്‍ഗി എന്നിവര്‍ക്കൊപ്പമാണ് ഡഗ് ഇന്ത്യയിലെത്തിയത്. വാള്‍മാര്‍ട്ട് ഇന്ത്യ മേധാവിയുമായും ഡഗ് മക്മില്ലന്‍ കൂടിക്കാഴ്ച നടത്തി. ടൗണ്‍ഹാളില്‍ കമ്പനി ജീവനക്കരെയും അദ്ദേഹം അഭിസംബോദന ചെയ്തിരുന്നു.

ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തിട്ട് ഏകദേശം ഒരു വര്‍ഷം തികയുകയാണ്. 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ട് സ്വന്തമാക്കിയത്. ഫഌപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ തൃപ്തി പ്രകടിപ്പിച്ച ഡഗ് മക്മില്ലന്‍ ഇന്ത്യന്‍ വിപണിയിലെ അവസരങ്ങള്‍ കണക്കിലെടുത്ത് ആക്രമണോത്സുകമായ വളര്‍ച്ച ലക്ഷ്യങ്ങളാണ് വാള്‍മാര്‍ട്ടിനുള്ളതെന്ന് വ്യക്തമാക്കി.

ഇന്ത്യയില്‍ ബിസിനസ് വളര്‍ച്ച ഉറപ്പാക്കുന്നതിന് നൈതികവും തുല്യവുമായ വിജയ സാധ്യത ഒരുക്കേണ്ടത് പ്രധാനമാണെന്ന് ഡഗ് അഭിപ്രായപ്പെട്ടു. ഇ-കൊമേഴ്‌സ് മേഖലയില്‍ ഇന്ത്യ അടുത്തിടെ വരുത്തിയ നിയമ ഭേദഗതികളെ കുറിച്ചും ഇതിലെ വെല്ലുവിളികളെ കുറിച്ചും മക്മില്ലന്‍ സംസാരിച്ചു. ഒന്നിലധികം രാജ്യങ്ങളില്‍ വാള്‍മാര്‍ട്ടിന് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലെ പ്രാദേശിക നിയമങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. തുല്യമായ ബിസിനസ് അവസരങ്ങള്‍ ഒരുക്കേണ്ടത് പ്രധാനമാണെന്നും അതാണ് ബിസിനസിന് ആവശ്യമെന്നും ഡഗ് മക്മില്ലന്‍ പറഞ്ഞു.

വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള എഫ്ഡിഐ നയങ്ങള്‍ക്ക് ഫെബ്രുവരി ഒന്നുമുതലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കി തുടങ്ങിയത്. പുതിയ നിയമ പ്രകാരം ഫഌപ്കാര്‍ട്ടും ആമസോണും പോലുള്ള കമ്പനികള്‍ക്ക് തങ്ങളുടെ തന്നെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ അനുബന്ധ യൂണിറ്റുകള്‍ വഴിയോ അല്ലെങ്കില്‍ ഓഹരി പങ്കാളിത്തമുള്ള പ്ലാറ്റ്‌ഫോം വഴിയോ വില്‍ക്കാന്‍ കഴിയില്ല. ഉല്‍പ്പന്നങ്ങളുടെ വിലയെ സ്വാധീനിക്കുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ക്കും പുതിയ നയത്തില്‍ വിലക്കുണ്ട്.

ഇത്തരം പരിഷ്‌കരണങ്ങള്‍ നിരാശാജനകമാണെങ്കിലും ഭാവിയില്‍ പരസ്പര സഹകരണത്തോടെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകുമെന്നും ഇത് നീതിയുക്തമായ ബിസിനസ് സാധ്യതകള്‍ തുറക്കുമെന്നും പ്രതീക്ഷിക്കുന്നതായി മക്മില്ലന്‍ പറഞ്ഞു. ഇന്ത്യയിലെ ലക്ഷ കണക്കിന് പുതിയ ഉപഭോക്താക്കളിലേക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്തിക്കുന്നതില്‍ ഫഌപ്കാര്‍ട്ടിന് കൈവരിക്കാനായിട്ടുള്ള നേട്ടത്തെ മക്മില്ലന്‍ പ്രശംസിച്ചു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ട് ആധിപത്യം നിലനിര്‍ത്തുിമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഡിജിറ്റല്‍ കൊമേഴ്‌സിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഫഌപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും ഫോണ്‍ പേ സിഇഒ സമീര്‍ നിഗവും വഹിച്ചിട്ടുള്ള പങ്കിനെ കുറിച്ചും ഡഗ് എടുത്ത്പറഞ്ഞു. ഫഌപ്കാര്‍ട്ടുമായുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും തന്ത്രപരവുമായ വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തത്തിന് എല്ലാവരും വലിയ മൂല്യം കല്‍പിക്കുന്നതായി കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വിപണി നേതൃത്വം നിലനിര്‍ത്തുന്നതിന് ഫഌപ്കാര്‍ട്ട് കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഡഗ് മക്മില്ലന്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. യുഎസ് ഭീമന്‍ ആണസോണിനെ കൂടാതെ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ടിന് മറ്റൊരു എതിരാളി കൂടി ഉടനെത്തും. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. ഇതുവഴി ഇന്ത്യയുടെ ഡിജിറ്റല്‍ സാധ്യതകളില്‍ നിന്നും പണംകൊയ്യാനുള്ള തയാറെടുപ്പിലാണ് അംബാനി.

Comments

comments

Categories: Business & Economy