രണ്ടാം തലമുറ ഹ്യുണ്ടായ് ഐഎക്‌സ്25 അനാവരണം ചെയ്തു

രണ്ടാം തലമുറ ഹ്യുണ്ടായ് ഐഎക്‌സ്25 അനാവരണം ചെയ്തു

ഐഎക്‌സ്25 എസ്‌യുവി അറിയാത്തവര്‍ക്ക് ഹ്യുണ്ടായ് ക്രെറ്റ എന്നുപറഞ്ഞാല്‍ എളുപ്പം മനസ്സിലാകും

ഷാങ്ഹായ് : രണ്ടാം തലമുറ ഹ്യുണ്ടായ് ഐഎക്‌സ്25 ഈ വര്‍ഷത്തെ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. ഐഎക്‌സ്25 എസ്‌യുവി അറിയാത്ത ഇന്ത്യക്കാര്‍ക്ക് ഹ്യുണ്ടായ് ക്രെറ്റ എന്നുപറഞ്ഞാല്‍ എളുപ്പം മനസ്സിലാകും. നിലവിലെ ക്രെറ്റയും ഐഎക്‌സ്25 എസ്‌യുവിയും ഒരേ അണ്ടര്‍പിന്നിംഗ്‌സാണ് ഉപയോഗിക്കുന്നത്. പുതു തലമുറ മോഡലുകളിലും ഇങ്ങനെതന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. രൂപകല്‍പ്പന, ഫീച്ചറുകള്‍, ഒരുപക്ഷേ പവര്‍ട്രെയ്ന്‍ എന്നിവയെല്ലാം പങ്കുവെയ്ക്കും.

2020 മോഡല്‍ ഹ്യുണ്ടായ് ഐഎക്‌സ്25 എസ്‌യുവിയില്‍ ആദ്യം കണ്ണില്‍പ്പെടുന്നത് വലിയ കാസ്‌കേഡിംഗ് ഗ്രില്ലാണ്. മുന്‍ഭാഗം കുത്തനെ നില്‍ക്കുന്നതായി കാണാം. പുതിയ ഹ്യുണ്ടായ് കോന, വരാനിരിക്കുന്ന ഹ്യുണ്ടായ് വെന്യൂ എന്നിവയിലേതുപോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് നല്‍കിയിരിക്കുന്നത്. മുന്‍ ബംപറില്‍ പുതിയ ബ്രഷ്ഡ് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി. എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ പരിഷ്‌കരിച്ചു. വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ ഇതിനകം കണ്ട അതേ ഡിസൈനിലുള്ളതാണ് അലോയ് വീലുകള്‍. കറുപ്പ് നിറത്തിലുള്ളതാണ് റൂഫ്. വശങ്ങളില്‍ ക്ലാഡിംഗ് നല്‍കിയിരിക്കുന്നു.

പുതു തലമുറ ഹ്യുണ്ടായ് ക്രെറ്റയുടെ ഉള്ളിലാണ് കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്. കാബിന്‍ ഇപ്പോള്‍ കുറച്ചുകൂടി പ്രീമിയമാണ്. ഇവിടെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടൊപ്പം ഹ്യുണ്ടായുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സിസ്റ്റം ഉണ്ടായിരിക്കും. ചൈനയില്‍ വില്‍ക്കുന്ന ഹ്യുണ്ടായ് ഐഎക്‌സ്25 എസ്‌യുവിയില്‍ കൂള്‍ഡ് സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടെറെയ്ന്‍ മോഡ് എന്നിവ അധിക ഫീച്ചറുകളായിരിക്കും.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും പുതു തലമുറ ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ ഈ എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതായിരിക്കും.

Comments

comments

Categories: Auto