വോട്ടര്‍മാര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്പ്

വോട്ടര്‍മാര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്പ്

വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന കൈവിരലിലെ മഷിയടയാളം കാണിച്ചാല്‍ മാത്രം മതിയാകും

ന്യൂഡെല്‍ഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് മഹാമഹം നടക്കുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ് വെറുതെയിരിക്കുന്നില്ല. ഇന്ത്യയിലെ ഇരുചക്ര വാഹന ഉപയോക്താക്കളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

വോട്ട് ചെയ്യുന്ന എല്ലാ ഉപയോക്താക്കളുടെയും ഇരുചക്ര വാഹനങ്ങള്‍ സൗജന്യമായി വാഷ് ചെയ്തുനല്‍കുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, 199 രൂപയ്ക്ക് ഹീറോ മോഡലുകള്‍ സര്‍വീസ് ചെയ്തുതരുമെന്നും കമ്പനി അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ മാത്രമായിരിക്കും വാഷ്, സര്‍വീസ് ലഭിക്കുന്നത്. വാഹനം സര്‍വീസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ബുക്കിംഗ് നടത്താവുന്നതാണ്. റെഗുലര്‍ ചെക്ക്-അപ്പ്, കാര്‍ബുറേറ്റര്‍ ക്ലീനിംഗ്, ബ്രേക്ക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയാണ് 199 രൂപയുടെ സര്‍വീസ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന കൈവിരലിലെ മഷിയടയാളം കാണിച്ചാല്‍ മാത്രം മതിയാകും.

ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23 ന് മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ട് എണ്ണും. ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍, മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ ആകെ 78,20,745 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഹീറോ മോട്ടോകോര്‍പ്പ് വിറ്റത്.

Comments

comments

Categories: Auto